Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൈക്രോ ബ്രൂവറിക്ക് ചട്ടം ഭേദഗതി െചയ്യണം; ഋഷിരാജ് സിങ്ങിന്റെ റിപ്പോര്‍ട്ട് പുറത്ത്

rishiraj-singh-report ഋഷിരാജ് സിങ്; പുറത്തുവന്ന റിപ്പോർട്ട്

തിരുവനന്തപുരം∙ സംസ്ഥാനത്ത് മൈക്രോ ബ്രൂവറികള്‍ ആരംഭിക്കാന്‍ നിലവിലെ ചട്ടങ്ങളില്‍ ഭേദഗതി വരുത്തണമെന്ന് എക്സൈസ് കമ്മിഷറുടെ റിപ്പോര്‍ട്ട്. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം ബെംഗളൂരുവിലെ മൈക്രോ ബ്രൂവറികളില്‍ പഠനം നടത്തിയതിനുശേഷമാണ് എക്സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വിഷയത്തില്‍ നയപരമായ തീരുമാനമെടുക്കുമ്പോള്‍ വിപണി സാധ്യതയും സാമൂഹിക പ്രത്യാഘാതങ്ങളും പരിഗണിക്കമെന്ന് കമ്മിഷണര്‍ ശുപാര്‍ശ ചെയ്തു. റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തില്ല. മൈക്രോ ബ്രൂവറി വിഷയത്തില്‍ എക്സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മനോരമ ഓണ്‍ലൈനിന് ലഭിച്ചു. മൈക്രോ ബ്രൂവറി വിഷയത്തില്‍ ഋഷിരാജ് സിങിന്റെ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് മൈക്രോ ബ്രൂവറികള്‍ ആരംഭിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് ചില ഗ്രൂപ്പുകള്‍ എക്സൈസ് വകുപ്പിനെ സമീപിച്ചത്. ഹോട്ടലുകളിലോ ബാറുകളിലോ സ്ഥാപിക്കുന്ന മൈക്രോ ബ്രൂവറികളിലൂടെ വ്യത്യസ്ത രുചികളില്‍ അവരുടെ ബ്രാന്‍ഡുകളായി ബീയര്‍ ഉല്‍പ്പാദിപ്പിക്കും. കേരളത്തില്‍ ഇത്തരം സ്ഥാപനങ്ങള്‍ ഇല്ലാത്തതിനാല്‍ ഇതേക്കുറിച്ച് പഠനം നടത്താന്‍ 2017 സെപ്റ്റംബര്‍ 19ന് എക്സൈസ് കമ്മിഷണറോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഒക്ടോബര്‍ 16,17 തീയതികളില്‍ എക്സൈസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘം കര്‍ണാടകയിലെ മൂന്ന് മൈക്രോ ബ്രൂവറികള്‍ സന്ദര്‍ശിച്ചു. നവംബർ 9ന് റിപ്പോർട്ട് കൊടുത്തു.

ബെംഗളൂരുവില്‍ 28 മൈക്രോ ബ്രൂവറികളും മൈസൂരിലും മംഗലാപുരത്തും ഓരോ ബ്രൂവറികളുമാണ് പ്രവര്‍ത്തിക്കുന്നത്. ബെംഗളൂരുവിലെ മൈക്രോ ബ്രൂവറികളില്‍ വ്യത്യസ്ത രുചികളിലുള്ള ബീയര്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ടെന്നു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇവ തയാറാക്കുന്നത് വിദഗ്ധരായ ആളുകളാണ്. ആറു രുചികളിലുള്ള ബീയര്‍ തയാറാക്കുന്ന ബ്രൂവറിയിലാണ് കമ്മിഷണറുടെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തിയത്. രാസവസ്തുക്കളോ നിറമോ ചേര്‍ക്കാതെ പരമ്പരാഗത രീതിയിലാണ് ബിയര്‍ ഉല്‍പ്പാദിപ്പിക്കുന്നതെന്ന് ഉടമകള്‍ അവകാശപ്പെട്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ബ്രൂവറികളിലേയും ഡിസ്റ്റലറികളിലേയുംപോലെ എക്സൈസ് ഉദ്യോഗസ്ഥനെ മൈക്രോ ബ്രൂവറികളുടെ മേല്‍നോട്ടത്തിനായി നിയമിച്ചിട്ടില്ല. ലോക്കല്‍ എക്സൈസ് ഓഫിസര്‍മാര്‍ക്കാണ് പരിശോധനയുടെ ഉത്തരവാദിത്തം. വില കൂടുതലായതിനാല്‍ മൈക്രോ ബ്രൂവറികളിലെ ബീയര്‍ ഉപയോഗിക്കുന്നത് സമ്പന്നരായ ആളുകളാണ്. ഒരു മൈക്രോ ബ്രൂവറി ആരംഭിക്കാനായി തുടക്കത്തില്‍ നാലുകോടി രൂപയുടെ നിക്ഷേപം വേണമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

മൈക്രോ ബ്രൂവറികള്‍ ആരംഭിക്കുന്നതിന് കര്‍ണാടക സര്‍ക്കാര്‍ ചട്ടങ്ങള്‍ ഭേദഗതി വരുത്തിയതിനാലാണ് കേരളത്തിലും ചട്ടങ്ങള്‍ പരിഷ്ക്കരിക്കണമെന്ന് കമ്മിഷണര്‍ ശുപാര്‍ശ ചെയ്തത്. 2011 മുതലാണ് കര്‍ണാടകയില്‍ മൈക്രോ ബ്രൂവറി ലൈസന്‍സ് നല്‍കിത്തുടങ്ങിയത്. ഇതിനായി കര്‍ണാടക എക്സൈസ് (ബ്രൂവറി) ചട്ടങ്ങള്‍ (1967) ഭേദഗതി ചെയ്തു. 2012വരെ ക്ലബ്ബ് ലൈസന്‍സുള്ളവര്‍ക്കും നക്ഷത്ര ഹോട്ടലുകള്‍ക്കും റിഫ്രഷ്മെന്റ് റൂം (ബാര്‍) ലൈസന്‍സ് ഉള്ളവര്‍ക്കുമാണ് മൈക്രോ ബ്രൂവറി അനുവദിച്ചിരുന്നത്. പിന്നീട് 10,000 ചതുരശ്ര അടിയില്‍ കുറയാത്ത വിസ്തീര്‍ണമുള്ള കെട്ടിടവും ഡൈനിങ് ഹാളും പാര്‍ക്കിങ് ഏരിയയും ഉള്ളവര്‍ക്കും ലൈസന്‍സ് നല്‍കി. പരമാവധി ഉല്‍പ്പാദനശേഷി ഒരു ദിവസം 1,000 ലീറ്റര്‍. രണ്ടു ലക്ഷമാണ് വാര്‍ഷിക ഫീസ്. ഇതിന്റെ പകുതി അധിക ഫീസായി നല്‍കണം. ബീയറിന്റെ ഡ്യൂട്ടി ലീറ്ററിന് അഞ്ചുരൂപ. അഡീഷനല്‍ എക്സൈസ് ഡ്യൂട്ടി ലീറ്ററിന് 12.5രൂപ.

റിപ്പോര്‍ട്ട് കിട്ടിയതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ വിഷയം പരിശോധിച്ചെങ്കിലും തീരുമാനമെടുത്തില്ല. 2005ല്‍ തിരുവനന്തപുരത്തെ മാസ്കറ്റ് ഹോട്ടലില്‍ 5,000രൂപ ഫീസില്‍ മൈക്രോ ബ്രൂവറി തുടങ്ങാന്‍ യുഡിഎഫ് സര്‍ക്കാര്‍ അനുവദിച്ച കാര്യങ്ങളടക്കം പരിശോധിച്ചെങ്കിലും കേരളത്തില്‍ മൈക്രോ ബ്രൂവറികള്‍ സാമ്പത്തിക നേട്ടമുണ്ടാക്കില്ലെന്ന നിലപാടാണ് എക്സൈസ് സ്വീകരിച്ചത്. അബ്കാരികള്‍ക്ക് താല്‍പര്യമില്ലാത്തതും തിരിച്ചടിയായി.