Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂന്ന് നമ്പരുകളുടെ വില 5000 രൂപ മുതൽ; ‘ഒറ്റ നമ്പർ’ ഭാഗ്യാന്വേഷികളെ പറ്റിച്ച് ചെന്നൈ സംഘം

lottery-fraud

കോഴിക്കോട്∙ അനധികൃത ഒറ്റനമ്പര്‍ ലോട്ടറിയില്‍ ഭാഗ്യം പരീക്ഷിക്കുന്നവരെ കബളിപ്പിച്ചു നമ്പര്‍ വില്‍പ്പനക്കാരും പണം തട്ടുന്നു. നറുക്കുവീഴാന്‍ ഉറച്ച സാധ്യതയുള്ളതെന്നു വിശ്വസിപ്പിക്കുന്ന നമ്പറിന് 5000 രൂപ മുതലാണു വില. ചെന്നൈ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഭാഗ്യനമ്പര്‍ വില്‍പനക്കാര്‍ നൂറു കണക്കിനാളുകളെയാണ് ഇത്തരത്തിൽ പ്രതിദിനം പറ്റിക്കുന്നത്.

സ്ഥിരം ഭാഗ്യാന്വേഷികള്‍ക്കു ലഹരിമരുന്നിനേക്കാള്‍ വലിയ ലഹരിയാണ് ഒറ്റനമ്പര്‍ ലോട്ടറി. ഒരു തവണ സമ്മാനം ലഭിച്ചവര്‍ വീണ്ടും വീണ്ടും ഭാഗ്യം പരീക്ഷിക്കും. നറുക്കു വീഴാന്‍ ‌സാധ്യതയുള്ള നമ്പരുകള്‍ അന്വേഷിക്കുന്ന ഇവരെ പറ്റിക്കുകയാണു ഭാഗ്യനമ്പര്‍ വില്‍പനക്കാര്‍. കേരള ലോട്ടറി ഗസ്സ് എന്നപേരില്‍ സമൂഹമാധ്യമത്തിൽ പതിനയ്യായിരത്തിലധികം ആളുകള്‍ അംഗങ്ങളായ പേജുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ പേജുകള്‍ വഴി മൊബൈല്‍ നമ്പര്‍ കൈമാറുന്നവരെ തേടി വാട്സാപ്പില്‍ സന്ദേശങ്ങളെത്തും. ശബ്ദസന്ദേശങ്ങളായും വാഗ്ദാനങ്ങളെത്തും.

അയ്യായിരം രൂപയാണ് മൂന്ന് ഡിജിറ്റ് നമ്പറിനു വിലയിടുന്നത്. നിരവധി പേരാണു പ്രതിദിനം ഇവരുടെ വലയില്‍ വീഴുന്നത്. പ്രവചനങ്ങള്‍ ഫലിച്ചതായി സമൂഹമാധ്യമങ്ങൾ വഴി പരസ്യപ്പെടുത്തിയാണു ഭാഗ്യനമ്പര്‍ വില്‍പ്പനക്കാര്‍ ഭാഗ്യന്വേഷികളെ വലയിലാക്കുന്നത്.

related stories