Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

30 ഗുണ്ടകൾ വളഞ്ഞു; മഹാജനെ കുടുക്കിയത് പൊലീസിന്റെ തന്ത്രപരമായ നീക്കം

maharaja കോടികളുടെ പണമിടപാട് കേസിൽ അറസ്റ്റിലായ തമിഴ്നാട് ഗുണ്ടാ നേതാവ് മഹാരാജ മഹാഗോവിന്ദനെ എറണാകുളം കമ്മിഷണർ ഓഫിസിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോൾ.

കൊച്ചി ∙ എറണാകുളത്ത് 500 കോടിയിലധികം രൂപ കൊള്ളപ്പലിശയ്ക്കു നൽകുകയും കോടികളുടെ സ്വത്ത് വാങ്ങിക്കൂട്ടുകയും ചെയ്ത മഹാരാജ പി.മഹാദേവനെ കേരളത്തിലെത്തിക്കാൻ വഴിയൊരുക്കിയതു പള്ളുരുത്തി സിഐ കെ.ജെ.അനീഷിന്റെ തന്ത്രപരമായ നീക്കം. നെഞ്ചുവേദന അഭിനയിച്ച് ആശുപത്രിയിൽ പോകണമെന്ന് പറഞ്ഞ മഹാരാജനെ ആദ്യം സമീപമുള്ള സർക്കാർ ആശുപത്രിയിൽ കൊണ്ടുപോയി. ഗുണ്ടാസംഘത്തിനു ബന്ധമുള്ള മികച്ച ആശുപത്രിയിൽ കൊണ്ടുപോകണമെന്നായിരുന്നു ആവശ്യം. ഇതിനു വഴങ്ങിക്കൊടുത്തതായി അഭിനയിച്ചു തന്ത്രത്തിൽ വിമാനത്താവളത്തിനുള്ളിൽ പ്രവേശിക്കാനായതാണു പ്രതിയെ കേരളത്തിലെത്തിക്കാൻ സാധിച്ചത്. അവിടെ ഏതെങ്കിലും ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചിരുന്നെങ്കിൽ തീർച്ചയായും പ്രതി രക്ഷപ്പെടുമായിരുന്നു. ആദ്യഘട്ടത്തിൽ പിന്തുണച്ചില്ലെങ്കിലും പിന്നീട് തമിഴ്നാട് പൊലീസും പ്രതിയെ കേരളത്തിലെത്തിക്കുന്നതിന് സഹായിച്ചതായി സിഐ അനീഷ് പറഞ്ഞു.

കോടികൾ പലിശയ്ക്കു കൊടുക്കുക മാത്രമല്ല, പലരെയും കബളിപ്പിച്ച് കേരളത്തിലടക്കം കോടികളുടെ സ്വത്താണ് മഹാരാജ സ്വന്തമാക്കിയിട്ടുള്ളത്. കൊള്ളപ്പലിശയ്ക്ക് പണം വാങ്ങിയവരെ ഭീഷണിപ്പെടുത്തിയും ഗുണ്ടായിസം കാണിച്ചുമാണ് സ്വത്തുക്കൾ ഏറെയും സ്വന്തമാക്കിയത്. കാക്കനാട്, മരട്, പള്ളുരുത്തി തുടങ്ങിയ ഭാഗത്തെല്ലാം സ്ഥലം വാങ്ങിയിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. ഇതിനായി കോടികളുടെ കള്ളപ്പണമാണ് മഹാരാജ ഇറക്കിയിട്ടുള്ളത്. അതുകൊണ്ടു തന്നെ കേന്ദ്ര ഏജൻസിയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും മഹാരാജയ്ക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണു വിവരം.

5 ദിവസം നീണ്ട കാത്തിരിപ്പ്

നേരത്തേ പല തവണ പൊലീസ് മഹാരാജയെ പിടികൂടാൻ ചെന്നൈയിലെത്തുകയും ഒരു തവണ പിടിച്ചിട്ടുമുണ്ട്. ഒരിക്കൽ പിടികൂടി കേരളത്തിലേയ്ക്ക് കൊണ്ടുവരുന്നതിനിടെ വഴിക്കുവച്ച് ഗുണ്ടകൾ തടഞ്ഞു വയ്ക്കുകയും പ്രതിയെ രക്ഷപെടുത്തുകയും ചെയ്തു. മുൻ അനുഭവങ്ങളുള്ളതിനാൽ ഇത്തവണ തമിഴ്നാട് പൊലീസിനെ അറിയിക്കാതെ വാറന്റുമായാണ് പൊലീസ് സംഘം വിരുതംപാക്കത്തെത്തിയത്.

പ്രാദേശികമായി സംഘടിപ്പിച്ച സ്വകാര്യ കാറിൽ 5 ദിവസം മഹാരാജയുടെ വീടും പരിസരവും പൊലീസ് നിരീക്ഷിച്ചു. കനത്ത സുരക്ഷയിലാണ് മഹാരാജയുടെ വീട് എപ്പോഴും. വീടിനു വാതിൽക്കൽ രണ്ടുപേർ കാവലുണ്ട്. അകത്തു കയറി ഇവരെ കീഴടക്കി പ്രതിയെ പിടികൂടുക എളുപ്പമല്ല എന്നു പൊലീസിനറിയാമായിരുന്നു. മാത്രമല്ല നിരവധി സ്ത്രീകളും കുട്ടികളും എല്ലാം അടങ്ങുന്ന വലിയ വീടാണ്. പെട്ടെന്നൊരു വെടിവയ്പുണ്ടായാൽ അവരുടെ സുരക്ഷയും പൊലീസിനു ബാധ്യതയാകും. അതുകൊണ്ടുതന്നെ സൗകര്യമായി കയ്യിൽ കിട്ടുന്നതുവരെ കാത്തിരിക്കാനായിരുന്നു പൊലീസ് തീരുമാനം.

പൊലീസിനെ ഞെട്ടിച്ച് മഹാരാജ

ഒരിക്കലും പ്രതീക്ഷിച്ചതല്ല, ചുറ്റുമുളള സുരക്ഷകളുടെ അമിത ആത്മവിശ്വാസത്തിലാകണം, അഞ്ചാം ദിവസം രാവിലെ 11 മണിയോടെ മഹാരാജ ഒറ്റയ്ക്ക് പുറത്തേയ്ക്ക് നടന്നു വരുന്നു. മഹാരാജയ്ക്ക് സഞ്ചരിക്കേണ്ട കാർ വീടിനു മുന്നിലേയ്ക്ക് കൊണ്ടുവരാൻ അൽപം വൈകി. എന്നാൽ നടന്നു പുറത്തേയ്ക്ക് വന്നു കയറാം എന്നു കരുതിയാകണം മഹാരാജ പുറത്തേയ്ക്ക് നടന്നുവന്നു. ഇതുതന്നെ അവസരം എന്നു മനസ്സിലാക്കി പൊലീസ് അദ്ദേഹത്തെ വളഞ്ഞു പിടിച്ചു. ആറുപേരടങ്ങുന്ന സംഘമായിരുന്നു പൊലീസിന്റേത്.

ഉച്ചത്തിൽ കരഞ്ഞ് മഹാരാജ

പൊലീസ് പിടിയിലായെന്നറിഞ്ഞ ഉടനെ കുതറിമാറാനായി ശ്രമം. അതു നടക്കില്ലെന്നു മനസ്സിലായതോടെ കരഞ്ഞും ബഹളം വച്ചും ഗുണ്ടകളെ എത്തിക്കാനായി ശ്രമം. അപ്പോഴേയ്ക്കും വീട്ടിൽനിന്നു നിരവധി സ്ത്രീകളും കുട്ടികളും എത്തി കരച്ചിൽ തുടങ്ങിയിരുന്നു. അതുവഴി ബൈക്കിൽ വന്ന ഒരാൾ മഹാരാജയുടെ സംഘത്തിൽ പെട്ടയാളായിരുന്നു.

അയാൾ കൂടുതൽ ഗുണ്ടകളെ വിളിച്ചുവരുത്തി. മുപ്പതോളം ആളുകൾ അപ്പോൾ തന്നെ സ്ഥലത്തെത്തി. എങ്ങനെയും മഹാരാജയെ രക്ഷപെടുത്തി മറ്റൊരു വാഹനത്തിൽ കയറ്റാനായിരുന്നു ശ്രമം. 6 പൊലീസ് ഉദ്യോഗസ്ഥരുടെയും കഠിനമായ കായികപ്രയോഗത്തിനു മുന്നിൽ ഗുണ്ടാസംഘത്തിനു പിടിച്ചു നിൽക്കാനായില്ല.

ആകാശത്തേയ്ക്ക് വെടിവച്ചു

6 പൊലീസുകാരും മാറി മാറി മഹാരാജയെ പിടിച്ചുവച്ചു. ഒടുവിൽ ഗുണ്ടകൾ പിൻമാറുന്നില്ലെന്നു വ്യക്തമായതോടെ പൊലീസ് ആകാശത്തേയ്ക്ക് വെടി ഉതിർത്തു. ഇതോടെയാണ് ഗുണ്ടകൾ അൽപമെങ്കിലും അടങ്ങിയത്. തൊട്ടടുത്തു തന്നെ ഒരു പൊലീസ് എയ്ഡ് പോസ്റ്റുണ്ട്. എങ്ങനെയെങ്കിലും അവിടെ എത്തിക്കാനായിരുന്നു ശ്രമം. ഇവിടെ മഹാരാജയ്ക്ക് പിന്തുണ കിട്ടിയേക്കും എന്നറിയാമായിരുന്നതിനാൽ നേരത്തെ വിളിച്ചു പറയാതെയാണ് പൊലീസ് എത്തിയിരുന്നത്.

നേരത്തേ ഉണ്ടായിട്ടുള്ള അനുഭവങ്ങൾ അത്തരത്തിലായിരുന്നു എന്നതുകൊണ്ടാണ് തമിഴ്നാട് ലോക്കൽ പൊലീസിനെ വിവരം അറിയിക്കാതെ സാഹസത്തിനു പൊലീസ് മുതിർന്നത്. പ്രതിയെ പിടികൂടിയപ്പോഴേയ്ക്കും കേരള പൊലീസ് ഉന്നത ഉദ്യോഗസ്ഥർ തമിഴ്നാട്ടിലെ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിരുന്നു. മതിയായ പൊലീസ് സംരക്ഷണം ലഭിച്ചു.

നെഞ്ചുവേദന നാടകം

പൊലീസ് പിടിയിലായതോടെ അറ്റകൈ പ്രയോഗം നടത്തി മഹാരാജ. തനിക്ക് നെഞ്ചുവേദന എടുക്കുന്നു ആശുപത്രിയിലെത്തിക്കണം എന്നാണ് ആവശ്യം. ഏറ്റവും അടുത്തുള്ള ഗവ. ആശുപത്രിയിൽ തമിഴ്നാട് പൊലീസിന്റെ എസ്കോർട്ടിൽ എത്തിച്ചു. പൊലീസിനും വാഹനങ്ങൾക്കും ഒപ്പം ഗുണ്ടകളും പല വാഹനങ്ങളിൽ ഇതിനകം ആശുപത്രിയിലെത്തി. അവിടെ ഡോക്ടറെ കണ്ട് സിഐ അനീഷ് കാര്യങ്ങൾ പറഞ്ഞു. ബ്ലഡ് പ്രഷറിൽ ചെറിയ വേരിയേഷനുണ്ട്. മറ്റു പ്രശ്നങ്ങളില്ലെന്നു പറഞ്ഞതോടെ ഇസിജി എടുക്കണമെന്നായി പ്രതിയും ഗുണ്ടകളും. അതിന് കൂടുതൽ സൗകര്യങ്ങളുള്ള വേറെ ആശുപത്രിയിൽ കൊണ്ടുപോകണം. പ്രതിക്ക് സ്വാധീനമുള്ള ആശുപത്രി ആയതിനാൽ അവിടെ കൊണ്ടുപോയാൽ കേരളത്തിലെത്തിക്കാനാവില്ല എന്ന് തമിഴ്നാട് പൊലീസിലെ ചിലർ തന്നെയാണ് പറഞ്ഞത്. ഇത് മനസിലാക്കി ഗുണ്ടകളുടെ ആവശ്യത്തിനു വഴങ്ങുന്നതായി അഭിനയിച്ചു.

മറ്റൊരു ആശുപത്രിയിൽ കൊണ്ടുപോകുന്നതിന് എന്നു പറഞ്ഞ് വാഹനത്തിൽ കയറ്റിയ പ്രതിയുമായി പൊലീസ് അതിവേഗം വിമാനത്താവളത്തിലെത്തി. പ്രതിയെ അകത്തു പ്രവേശിപ്പിച്ചതോടെ ഗുണ്ടകൾക്കു കാര്യങ്ങൾ കൈവിട്ടു പോയെന്നു മനസിലായി. രാത്രി ഒമ്പതു മണിക്ക് വിമാനത്താവളത്തിലെത്തിയെങ്കിലും രാവിലെ നാലരയ്ക്കു മാത്രമായിരുന്നു കേരളത്തിലേയ്ക്ക് വിമാനം ഉണ്ടായിരുന്നത്. ടിക്കറ്റ് കിട്ടുന്നതിനും തടസ്സമുണ്ടായിരുന്നു. രാവിലെ പുറപ്പെടുന്നതു വരെയും ഗുണ്ടകൾ വിമാനത്താവളത്തിനു പുറത്തുണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു. കോഴിക്കോട്ടേയ്ക്കായിരുന്നു വിമാനം. കരിപ്പൂരിൽ വിമാനം ഇറങ്ങി പ്രതിയുമായി റോഡ് മാർഗം എറണാകുളത്തെത്തുകയായിരുന്നു.

നേരത്തെ കിട്ടിയ പണി പാഠമായി

മഹാരാജയെ പിടികൂടി കേരളത്തിലെത്തിക്കുന്നതിനു മുമ്പ് 3 തവണ പൊലീസ് ചെന്നൈയിലെ വിരുതംപാക്കത്തെ വീട്ടിലെത്തിയിരുന്നു. തമിഴ്നാട് പൊലീസിനെ അറിയിച്ച് അറസ്റ്റിനെത്തിയപ്പോഴെല്ലാം മഹാരാജ വിദഗ്ധമായി സ്ഥലത്തുനിന്നു മുങ്ങി. പിന്നൊരിക്കൽ പിടികൂടി പാതിവഴിക്കു വച്ച് ഗുണ്ടകളെത്തി മോചിപ്പിച്ചു കൊണ്ടു പോയി. പ്രതിയെ ട്രെയിൻ മാർഗം കൊണ്ടുവരാമെന്ന പ്രതീക്ഷയിലായിരുന്നു അന്ന്.

പക്ഷേ റെയിൽവേ സ്റ്റേഷനിൽ എത്തുന്നതിനു മുമ്പു തന്നെ ഗുണ്ടകൾ പൊലീസിനെ ആക്രമിച്ച് പ്രതിയുമായി കടന്നുകളയുകയായിരുന്നു. ഇതോടെ ഇനി മഹാരാജയെ പിടികൂടിയാൽ ചെയ്യേണ്ട കാര്യങ്ങളിൽ കൃത്യമായ പദ്ധതികളുമായാണ് പൊലീസ് ചെന്നൈയിലെത്തിയത്. കേരളത്തിലെത്തി പൊലീസ് കോടതിയിൽ ഹാജരാക്കുമ്പോൾ ആദ്യ ദിവസം തന്നെ പ്രതിക്ക് ജാമ്യം കൊടുത്തത് വിവാദമായിരുന്നു.

related stories