കൊച്ചി∙ ചേകന്നൂർ മൗലവി വധക്കേസിൽ ഒന്നാം പ്രതി വി.വി.ഹംസയെ വെറുതെ വിട്ടു. മൃതദേഹം കണ്ടെത്താത്തതിനാൽ, മൗലവിയെ വധിച്ചു എന്നത് അനുമാനം മാത്രമാണെന്നാണു കോടതിയുടെ വിശദീകരണം. ഇതോടെ കേസിലെ എല്ലാ പ്രതികളും കുറ്റവിമുക്തരായി. മറ്റ് എട്ടു പ്രതികളെ വിചാരണവേളയിൽ തന്നെ കുറ്റവിമുക്തരാക്കിയിരുന്നു. സംഭവം നടന്ന് 25 വർഷത്തിനുശേഷമാണ് പ്രതികളെ വെറുതെ വിടുന്നത്.
1993 ജൂലൈ 29നു രാത്രി ഒൻപതിനാണു ചേകനൂർ മൗലവിയെ കോഴിക്കോട്ട് മതപ്രസംഗത്തിനെന്ന പേരിൽ രണ്ടുപേർ ചേർന്ന് വീട്ടിൽനിന്ന് വാഹനത്തിൽ കൊണ്ടുപോയത്. പിന്നീട് മൗലവി തിരിച്ചെത്തിയില്ല. ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഒട്ടേറെ സമരപരമ്പരകൾക്കൊടുവിൽ സിബിഐ ഏറ്റെടുത്തു. ഒൻപതു പ്രതികളെ പിടികൂടുകയും ചെയ്‌തു. മൗലവിയെ കൊലപ്പെടുത്തി മൃതദേഹം ചുവന്നകുന്നിൽ കുഴിച്ചിട്ടെന്ന് പ്രതികൾ മൊഴി നൽകിയതിനെത്തുടർന്ന് ഇവിടെ കുഴിച്ച് പരിശോധിച്ചെങ്കിലും ഒന്നും ലഭിച്ചില്ല.
ഒൻപതു പ്രതികളിൽ ഒന്നാംപ്രതി ഹംസ സഖാഫിയെ മാത്രമാണ് 2011ൽ കോടതി ശിക്ഷിച്ചത്. മതിയായ തെളിവുകളില്ലെന്ന കാരണത്താൽ എട്ടു പ്രതികളെ വെറുതെവിട്ടു.