ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ സജീവമാക്കി ആംആദ്മി പാർട്ടി. ന്യൂഡൽഹി, വെസ്റ്റ് ഡൽഹി പാർലമെന്റ് മണ്ഡലങ്ങളുടെ ചുമതലക്കാരായി ബ്രിജേഷ് ഗോയൽ, രാജ്പാൽ സോളങ്കി എന്നിവരെ നിയോഗിച്ചു. ഇതോടെ ബിജെപി വിമത നേതാക്കളായ യശ്വന്ത് സിൻഹ, ശത്രുഘ്നൻ സിൻഹ എന്നിവർ ആംആദ്മി പാർട്ടി സ്ഥാനാർഥികളായി ഡൽഹിയിൽ മൽസരിക്കുമെന്ന അഭ്യൂഹങ്ങൾ അവസാനിച്ചു. നേരത്തേ അഞ്ചു മണ്ഡലങ്ങളിലെ ചുമതലക്കാരെ പ്രഖ്യാപിച്ചപ്പോൾ രണ്ടു സീറ്റുകൾ ഒഴിച്ചിട്ടിരിക്കുകയായിരുന്നു.
ന്യൂഡൽഹി മണ്ഡലത്തിൽ യശ്വന്ത് സിൻഹയെ മൽസരിപ്പിക്കാൻ ചർച്ച നടത്തിയിരുന്നുവെന്നും, എന്നാൽ രാജ്യം മുഴുവൻ ബിജെപി സർക്കാരിനെതിരെ പ്രചാരണം നടത്താനാണു താൽപര്യമെന്ന് അദ്ദേഹം അറിയിച്ചെന്നും ആംആദ്മി പാർട്ടി ഡൽഹി കൺവീനർ ഗോപാൽ റായ് വ്യക്തമാക്കി. ശത്രുഘ്നൻ സിൻഹയുമായി ചർച്ചകളൊന്നും ഉണ്ടായിട്ടില്ലെന്നും പറഞ്ഞു.
വാജ്പേയി മന്ത്രിസഭയിൽ അംഗമായിരുന്ന യശ്വന്ത് സിൻഹ നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിനു ശേഷമാണു പാർട്ടിയുമായി ഭിന്നതയിലായത്. മോദിയെയും പാർട്ടി അധ്യക്ഷൻ അമിത് ഷായെയും നിശിതമായി വിമർശിച്ച സിൻഹ ബിജെപിയിൽനിന്നു രാജിവയ്ക്കുകയായിരുന്നു.
ബിജെപി നേതൃത്വവുമായി ഭിന്നതയിലായ ചലച്ചിത്രതാരം ശത്രുഘ്നൻ സിൻഹയെ വെസ്റ്റ് ഡൽഹി മണ്ഡലത്തിൽ മൽസരിപ്പിക്കാനും എഎപി ആലോചിച്ചെങ്കിലും ബിഹാറിലെ പട്ന സാഹിബ് മണ്ഡലം വിടാൻ അദ്ദേഹം തയാറല്ല.
ലോക്സഭാ തിരഞ്ഞെടുപ്പു ലക്ഷ്യമിട്ടു മണ്ഡലങ്ങളിൽ പ്രചാരണ നടപടികളും മറ്റും നടത്തുന്നതിന്റെ ഭാഗമായാണു ചുമതലക്കാരെ നിശ്ചയിച്ചത്. ഇവരുടെ സ്ഥാനാർഥിത്വം പിന്നീട് ഔദ്യോഗികമായി പ്രഖ്യാപിക്കും. എന്നാൽ, അവസാന നിമിഷം മാറ്റങ്ങളുണ്ടാകാമെന്നും പാർട്ടി നേതൃത്വം സൂചന നൽകുന്നു.
എഎപിയുടെ വ്യാപാരി കൂട്ടായ്മയുടെ ചുമതല വഹിക്കുന്ന ബ്രിജേഷ് ഗോയൽ പാർട്ടിയുടെ തുടക്കംമുതൽ സജീവമാണ്. രാജ്പാൽ സോളങ്കിയാകട്ടെ, നഗരത്തിലെ വ്യവസായ പ്രമുഖനാണ്. ഒട്ടേറെ സ്കൂളുകളും ആശുപത്രിയും ഇദ്ദേഹത്തിനുണ്ട്. പാർട്ടി വക്താവ് രാഘവ് ചന്ദ്ര, വിദ്യാഭ്യാസരംഗത്ത് ഏറെ മാറ്റങ്ങൾ കൊണ്ടുവന്ന അതിഷി മാർലേന തുടങ്ങിയവർക്കാണു മറ്റു മണ്ഡലങ്ങളുടെ ചുമതല.