ഒട്ടാവ ∙ കാനഡയിൽ ഇനി കഞ്ചാവ് ഉപയോഗിക്കുന്നതും കൈവശം വയ്ക്കുന്നതും കുറ്റകരമല്ല. ബുധനാഴ്ച അർധരാത്രിയോടെയാണ് ഇതു സംബന്ധിച്ച നിയമം പ്രാബല്യത്തിലായത്. ഇതോടെ കഞ്ചാവ് ഉപയോഗം നിയമപരമായി മാറുന്ന ലോകത്തെ രണ്ടാമത്തെ രാഷ്ട്രമായി കാനഡ. യുറഗ്വായ് ആണ് ആദ്യരാജ്യം. മുതിർന്ന പൗരൻമാർക്ക് 30 ഗ്രാം വരെ കഞ്ചാവ് കൈവശംവയ്ക്കാനും കൈമാറാനുമുള്ള സ്വാതന്ത്ര്യമാണ് പുതിയ നിയമം നൽകുന്നത്. വീട്ടിൽ നാലു കഞ്ചാവു ചെടികൾ വരെ വളർത്താനും സ്വകാര്യ ആവശ്യങ്ങള്‍ക്കുള്ള വസ്തുക്കള്‍ പോലെയുള്ള ഉൽപന്നങ്ങൾ നിര്‍മിക്കാനും നിയമം അധികാരം നൽകുന്നുണ്ട്. അതേസമയം, 18 വയസ്സിനു താഴെയുള്ളവർ കഞ്ചാവ് ഉൽപാദിപ്പിക്കുന്നതും വിതരണം ചെയ്യുന്നതും വിൽപന നടത്തുന്നതും കുറ്റകരമായി തുടരും. 14 വർഷം തടവുൾപ്പെടെയുള്ള കടുത്ത ശിക്ഷയാണ് നിയമലംഘകർക്ക് ലഭിക്
യുഎസിലെ ഒമ്പതു സംസ്ഥാനങ്ങളിൽ വിനോദാവശ്യത്തിനുള്ള കഞ്ചാവിന്‍റെ ഉൽപാദനവും ഉപയോഗവും നിലവിൽ നിയമപരമാണ്. മുപ്പതോളം സംസ്ഥാനങ്ങളിൽ ഔഷധാവശ്യങ്ങള്‍ക്കായുള്ള കഞ്ചാവു വിൽപന നിയമപരമാണ്.
ആരോഗ്യം, നിയമം, പൊതുസുരക്ഷ എന്നിവയെ പുതിയ മാറ്റം ഏതുതരത്തിൽ ബാധിക്കുമെന്ന ആശങ്കകൾക്കിടെയാണ് കാനഡയിൽ കഞ്ചാവ് വിൽപനകേന്ദ്രങ്ങൾ ബുധനാഴ്ച അർധരാത്രി മുതൽ പ്രവർത്തനമാരംഭിച്ചത്. നിയമപരമായ വിൽപന എന്ന ആശയം ശൈശവ ദിശയിലായതിനാൽ ആദ്യ വർഷം കഞ്ചാവിന്‍റെ ലഭ്യത കുറവാകാനാണ് സാധ്യതയെന്നാണ് പൊതു നിഗമനം. കഞ്ചാവ് ഉൽപാദനവും ലൈസൻസ് നൽകുന്ന പ്രക്രിയയും വിപണിയിലെ ആവശ്യത്തിനനുസരിച്ചു ക്രമപ്പെടുത്തേണ്ടതുമുണ്ട്.
ആദ്യഘട്ടത്തിൽ വിൽപന കേന്ദ്രങ്ങൾ കുറവ്
കഞ്ചാവു വിൽപന കേന്ദ്രങ്ങളുടെ എണ്ണം ആദ്യ ഘട്ടത്തിൽ കുറവായിരിക്കും. 111 എണ്ണമാണ് ആദ്യം തുറക്കുക. ഇ–മെയിൽ വഴി ഓർഡർ ചെയ്യുന്നവർക്ക് കഞ്ചാവ് വീട്ടിലെത്തിക്കുന്ന സംവിധാനത്തിനു പുറമെയാണിത്. കഞ്ചാവിന്‍റെ ഉപയോഗം ഏറ്റവും കൂടുതലുള്ള പ്രവിശ്യകളിലൊന്നായ ബ്രിട്ടിഷ് കൊളംബിയയിൽ ഒരു ഔദ്യോഗിക വിൽപനകേന്ദ്രം മാത്രമാണ് ആരംഭിച്ചിട്ടുള്ളത്. ജനസംഖ്യയിൽ മുന്നിൽ നിൽക്കുന്ന പ്രവിശ്യകളിലൊന്നായ ഒൺടാരിയോയിൽ അടുത്ത വസന്തകാലത്തു മാത്രമെ ഔദ്യോഗിക വിൽപനകേന്ദ്രങ്ങൾ ആരംഭിക്കുകയുള്ളൂ. കഞ്ചാവ് എണ്ണ, ചെടികൾ, ഉണക്കിയ കഞ്ചാവ്, കുരു എന്നിവയാകും വിൽപനകേന്ദ്രങ്ങളിൽ ലഭിക്കുക. കഞ്ചാവ് കലർന്ന ഭക്ഷണ പദാർഥങ്ങൾ ആദ്യ വർഷം വിപണിയിലെത്തില്ല. ഒരോ ഉൽപന്നത്തിനും തനതായ ചട്ടങ്ങൾക്കു രൂപം നൽകാൻ സർക്കാരിനെ സഹായിക്കാനാണ് ഒരു വർഷത്തെ ഇടവേള.
ആവശ്യത്തിന് വിൽപനകേന്ദ്രങ്ങൾ ആരംഭിക്കുന്നതു വരെ നിലവിലെ അനധികൃത വിൽപന കേന്ദ്രങ്ങൾ തുടരാനാണ് സാധ്യത. ഇവയ്ക്കെതിരെ പൊലീസ് ശക്തമായ നടപടി സ്വീകരിക്കുമോ അതോ കണ്ടില്ലെന്നു നടിക്കുമോയെന്ന് ഇനിയും വ്യക്തമല്ല. പ്രവിശ്യ സർക്കാരുകളാണ് വിപണന കേന്ദ്രങ്ങൾ സംബന്ധിച്ച തീരുമാനം കൈകൊള്ളുക. ചില പ്രവിശ്യകളിൽ സർക്കാർ തന്നെ നേരിട്ട് ഇത്തരം കേന്ദ്രങ്ങൾ നടത്തുമ്പോൾ ചിലയിടത്ത് സ്വകാര്യ ഏജൻസികൾക്കു കേന്ദ്രങ്ങൾ കൈമാറിയിട്ടുണ്ട്. സർക്കാർ, സ്വകാര്യ വിപണന കേന്ദ്രങ്ങളുള്ള പ്രവിശ്യകളുമുണ്ട്.
നിയമം വന്ന വഴി
കുട്ടികളിൽ കഞ്ചാവ് എത്തുന്നത് തടയുകയും കഞ്ചാവ് ഉപയോഗത്തെ തുടർന്നുള്ള കുറ്റകൃത്യങ്ങൾ കുറയ്ക്കുകയുമാണ് നിയമത്തിലൂടെ സർക്കാർ ലക്ഷ്യംവയ്ക്കുന്നത്. അധികാരത്തിലുള്ള ലിബറൽ പാർട്ടി 2015ൽ തിരഞ്ഞെടുപ്പു വാഗ്ദാനമായി മുന്നോട്ടുവച്ചതായിരുന്നു കഞ്ചാവ് വിൽപനയ്ക്കുള്ള നിയമപരിരക്ഷ എന്ന ആശയം. ലോകത്തില്‍തന്നെ ഏറ്റവും കൂടുതൽ കഞ്ചാവ് ഉപയോഗിക്കുന്നവര്‍ കാനഡക്കാരാണെന്നും കഞ്ചാവ് ഉപയോഗം കുറ്റകരമായി കാണുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള നിയമങ്ങൾ ഫലപ്രദമല്ലെന്നാണ് ഇതുകാണിക്കുന്നതെന്നുമാണ് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ നിലപാട്. കഞ്ചാവ് കൈവശം വയ്ക്കുന്നത് 1923 മുതൽ കുറ്റകൃത്യമാണെങ്കിലും 2001ൽ ഔഷധാവശ്യങ്ങൾക്കായുള്ള കഞ്ചാവിന്‍റെ ഉപയോഗം നിയമാനുസൃതമാക്കി. നാലു ബില്യൻ ഡോളറാണ് പ്രതിവർഷം കഞ്ചാവു വിൽപനയിലൂടെ നികുതി വരുമാനം പ്രതീക്ഷിക്കുന്നത്.
ആശങ്കകളും
കഞ്ചാവു വിൽപന നിയമപരമാക്കുന്നതിലുള്ള ആശങ്ക ആദ്യം പ്രകടമാക്കിയത് ആരോഗ്യരംഗത്തുള്ളവരാണ്. കഞ്ചാവ് ഉൽപാദകരുടെ ലാഭവും നികുതി വരുമാനവും ഉയർത്തിക്കാട്ടി പൊതുജന ആരോഗ്യത്തെ നിസാരവൽക്കരിക്കുന്ന നിയന്ത്രണമില്ലാത്ത പരീക്ഷണമെന്നാണ് പുതിയ നിയമത്തെ കനേഡിയൻ മെഡിക്കൽ അസോസിയേഷൻ വിശേഷിപ്പിക്കുന്നത്. ട്രാഫിക് നിയമങ്ങളിൽ സർക്കാർ ആവശ്യമായ മാറ്റം വരുത്തിയിട്ടുണ്ടെങ്കിലും കഞ്ചാവ് ഉപയോഗിച്ചു വണ്ടിയോടിക്കുന്നവർക്കെതിരെ പൊലീസ് ഏതു രീതിയിൽ നീങ്ങുമെന്നതു സംബന്ധിച്ച ആശങ്ക നിലനിൽക്കുന്നു. സ്ക്രീനിങ് സാങ്കേതിക വിദ്യ എത്രത്തോളം വിശ്വാസയോഗ്യമാണെന്ന ആശങ്കയും നിലനിൽക്കുന്നു. കോടതികളില്‍ കേസിന്‍റെ തള്ളിക്കയറ്റത്തിന് ഇതു കാരണമായേക്കുമെന്ന സംശയമാണ് ബന്ധപ്പെട്ടവർ പങ്കുവയ്ക്കുന്നത്.