മുംബൈ ∙ ഇന്ത്യയിലെ ഏറ്റവും വലിയ ധനിക കുടുംബമായ അംബാനിമാരിൽ സഹോദരങ്ങൾ തമ്മിൽ സ്വത്തിൽ വലിയ അന്തരം. മുകേഷ് അംബാനിയുടെയും അനിൽ അംബാനിയുടെയും സ്വത്തിലെ അന്തരം ‘ബ്ലുംബർഗ്’ ആണു കണക്കുകൾ സഹിതം പ്രസിദ്ധീകരിച്ചത്.
100 ബില്യൻ ഡോളറാണു മുകേഷ് അംബാനിയുടെ (61) റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ആകെ സ്വത്ത്. മുകേഷിന്റെ വ്യക്തിഗത സമ്പാദ്യം 43.1 ബില്യൻ ഡോളർ. ഏഷ്യയിലെ ഏറ്റവും വലിയ ധനികനെന്ന സ്ഥാനം ചൈനക്കാരനായ ജാക് മായിൽ നിന്ന് മുകേഷ് സ്വന്തമാക്കി. ജാക് മായേക്കാൾ 5.2 ബില്യൻ ഡോളർ അധികസമ്പാദ്യം മുകേഷിനുണ്ട്.
മുകേഷിന്റെ ഇളയ സഹോദരനായ അനിൽ അംബാനിക്ക് (59) കഴിഞ്ഞ വർഷങ്ങളിൽ വലിയ സാമ്പത്തിക പ്രയാസമാണു നേരിട്ടത്. വ്യക്തിഗത സമ്പാദ്യത്തിൽ പകുതിയോളം നഷ്ടപ്പെട്ടപ്പോൾ ഇരുവരും തമ്മിലുള്ള വ്യത്യാസം ഏകദേശം 41 ബില്യൻ ഡോളർ. ധീരുഭായി അംബാനിയുടെ മരണശേഷം ഭാര്യ കോകിലബെൻ ആണു റിലയൻസിനെ നയിച്ചിരുന്നത്. അംബാനി കുടുംബത്തിലെ തർക്കത്തെ തുടര്‍ന്ന് 2005 ലാണ് സഹോദരന്മാര്‍ വേര്‍പിരിഞ്ഞതും കമ്പനി വിഭജിക്കപ്പെട്ടതും.
എണ്ണ, പ്രകൃതിവാതക ബിസിനസ് മുകേഷ് ഏറ്റെടുത്തു. ടെലികോം, ഊര്‍ജ മേഖലയിലുള്ള കുടുംബസ്വത്താണ് അനിലിനു ലഭിച്ചത്. 2016 സെപ്റ്റംബറില്‍ ജിയോയുമായി മുകേഷ് ടെലികോം മേഖലയിലേക്കു പ്രവേശിച്ചതോടെ അനിലിന്റെ റിലയന്‍സ് കമ്യൂണിക്കേഷന്‍ ലിമിറ്റഡ് (ആര്‍കോം) നഷ്ടത്തിലേക്കു കൂപ്പുകുത്തി. ജിയോയുടെ വരവോടെയും മറ്റും കടത്തില്‍ മുങ്ങിയ അനില്‍ അംബാനിയെ സഹായിക്കാൻ മുകേഷ് അംബാനി എത്തിയതും വാർത്തയായിരുന്നു.