ഇന്ത്യ–ചൈന യുദ്ധം കഴിഞ്ഞ് 56 വർഷം; അരുണാചലിലെ ഈ ഗ്രാമീണർക്കു കിട്ടിയത് 38 കോടി

ഇന്ത്യ – ചൈന യുദ്ധത്തിന്റെ സ്മാരകമായ ബങ്കർ സന്ദർശിക്കുന്ന അരുണാചൽ ഗോത്ര വനിതകൾ. അരുണാചലിലെ ജസ്വന്ത് ഗഢിലാണ് സ്മാരകം (ഫയൽ ചിത്രം).

ബോംഡില (അരുണാചൽ പ്രദേശ്)∙ ഇന്ത്യ – ചൈന യുദ്ധം കഴിഞ്ഞ് 56 വർഷങ്ങൾക്കുശേഷം അരുണാചൽ പ്രദേശിലെ വെസ്റ്റ് കാമെങ് ഗ്രാമത്തിലുള്ളവർക്കു കിട്ടിയത് 38 കോടി രൂപ. യുദ്ധത്തെത്തുടർന്നു മേഖലയിൽ നിരീക്ഷണം ശക്തമാക്കാൻ ബാരക്കുകൾ, ബങ്കറുകള്‍, ബേസ് തുടങ്ങിയവ കെട്ടിപ്പൊക്കാൻ വേണ്ടി സൈന്യം സ്ഥലമേറ്റെടുത്തിരുന്നു. ഇതിന്റെ നഷ്ടപരിഹാരത്തുകയാണു വിതരണം ചെയ്തത്.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജിജുവിന്റെയും അരുണാചൽ മുഖ്യമന്ത്രി പേമ ഖണ്ഡുവിന്റെയും സാന്നിധ്യത്തിലാണു നഷ്ടപരിഹാരത്തിന്റെ ചെക്കുകൾ വെള്ളിയാഴ്ച വിതരണം ചെയ്തത്. ആകെ 37.73 കോടി രൂപയാണു ഗ്രാമീണർക്കു വിതരണം ചെയ്തതെന്നു റിജിജു വാർത്താ ഏജൻസിയായ പിടിഐയോടു പറഞ്ഞു.

ഗ്രാമവാസിയായ പ്രേം ദോർജീ ഖ്രിമെ (6.31 കോടി), ഫുൻട്സോ ഖാവ (6.21 കോടി), ഖണ്ഡു ഗ്ലോ (5.98 കോടി) എന്നിവർക്കാണ് ഏറ്റവും ഉയർന്ന തുക ലഭിച്ചിട്ടുള്ളത്. സൈനിക കേന്ദ്രങ്ങൾക്കു പുറമേ, റോഡുകൾ, പാലങ്ങൾ മറ്റു സ്ഥാപനങ്ങൾ എന്നിവ നിർമിക്കാനും സൈന്യം സ്ഥലം ഏറ്റെടുത്തിരുന്നു. കഴിഞ്ഞ വർഷം വരെ ഉടമകൾക്കു നഷ്ടപരിഹാരം ലഭിച്ചിരുന്നില്ല. അരുണാചൽ സ്വദേശിയായ റിജിജു പ്രതിരോധമന്ത്രാലയത്തിൽ സമ്മർദ്ദം ചെലുത്തിയാണ് നഷ്ടപരിഹാരത്തുക അനുവദിപ്പിച്ചത്.

കഴിഞ്ഞ വർഷം ഏപ്രിലിൽ വെസ്റ്റ് കാമെങ് ജില്ലയിലെ മൂന്നു ഗ്രാമങ്ങളിലെ 152 കുടുംബങ്ങൾക്കായി 54 കോടി രൂപ നഷ്ടപരിഹാരം അനുവദിച്ചിരുന്നു. അതേവർഷം സെപ്റ്റംബറിൽ 158 കോടി രൂപയും നഷ്ടപരിഹാരം അനുവദിച്ചു. ഈ വർഷം ഫെബ്രുവരിയിൽ തവാങ് ജില്ലയിലെ 31 കുടുംബങ്ങൾക്ക് 40.80 കോടി രൂപയും അനുവദിച്ചു.