ഉത്തര കൊറിയയിലെ പ്രശസ്തമായ പെക്ടു പർവത നിരകൾക്കു മുകളിൽ ഒരു ശവകുടീരമുണ്ട്. എല്ലാ വർഷവും അവിടെ പ്രത്യേക പൂജകളും പരമ്പരാഗത രീതിയിലുള്ള ബലിയർപ്പിക്കലും നടക്കുന്നു. അതിനു നേതൃത്വം നൽകുന്നതാകട്ടെ ഉത്തര കൊറിയൻ ഭരണത്തിന്റെ തലപ്പത്തിരിക്കുന്ന, നിർണായക സ്വാധീനമുള്ള നേതാക്കളും. വിനോദസഞ്ചാരികൾക്കും ഈ കുടീരം സന്ദർശിക്കാം. പക്ഷേ കനത്ത പ്രവേശന ഫീസാണ്– ഒരാൾക്ക് 100 യൂറോ (ഏകദേശം 8400 രൂപ) ഇത്രയേറെ പണം ചെലവാക്കി കാണാൻ തക്ക എന്താണ് ആ കുടീരത്തിലുള്ളത്?
വിദേശ ടൂറിസ്റ്റുകൾക്ക് അത്ര പ്രധാന്യം തോന്നില്ലെങ്കിലും ഇന്ന് ഉത്തര–ദക്ഷിണ കൊറിയകളുടെ ഐക്യത്തിനു വേണ്ടി വാദിക്കുന്നവർക്കുള്ള ഏറ്റവും വലിയ പിടിവള്ളിയാണ് ആ കുടീരത്തിലുറങ്ങുന്നത് – ഡാൻഗുൻ രാജാവിന്റെയും അദ്ദേഹത്തിന്റെ ഭാര്യയുടെയും അസ്ഥിയാണു കുടീരത്തിൽ സൂക്ഷിച്ചിരിക്കുന്നത്. ഉത്തര കൊറിയ അതീവ സുരക്ഷയോടെ, പവിത്രമായി സൂക്ഷിക്കുന്ന മേഖല കൂടിയാണിത്. ഡാൻഗുൻ രാജാവിന്റെ ജന്മദിനമായി ആഘോഷിക്കുന്ന ഒക്ടോബർ മൂന്നിന് ഇരുകൊറിയകളിലെയും സ്കൂളുകൾക്ക് ഉൾപ്പെടെ അവധിയാണ്. ‘സ്വർഗീയ ദിനത്തിന്റെ ആരംഭം’ എന്നു വിശേഷിപ്പിക്കപ്പെടുന്ന ആ ദിവസം ഇരുരാജ്യങ്ങളിലും വിവിധ ആരാധനാലയങ്ങളിലും ഡാൻഗുൻ രാജാവിനു വേണ്ടി പ്രത്യേക പൂജകൾ നടത്തും.
ആരാണ് ഡാൻഗുൻ?
1910 മുതൽ 1945 വരെ ജപ്പാന്റെ ഭരണത്തിൻ കീഴിലായിരുന്നു കൊറിയ. അന്നേവരെയില്ലാത്ത വിധം ഡാൻഗുൻ രാജാവിനെപ്പറ്റിയുള്ള ചിന്തകള്‍ കൊറിയക്കാരുടെ മനസ്സിൽ നിറയുന്നത് അടിമത്തത്തിന്റെ ഈ 35 വർഷക്കാലത്തിനിടെയാണ്. ഡാൻഗുന്‍ രാജാവിനു കീഴിൽ എത്രമാത്രം ഐക്യത്തോടെയാണു കഴിഞ്ഞിരുന്നതെന്ന ചിന്തയും അന്നു തലമുറ ഭേദമില്ലാതെ പങ്കുവച്ചു. എന്നാൽ രണ്ടാം ലോകമഹായുദ്ധത്തിനപ്പുറം കൊറിയകൾ രണ്ടായി. ഡാൻഗുൻ രാജാവിനെയും എല്ലാവരും മറന്നു. പിന്നീട് ഇരുകൊറിയകളുടെയും ഐക്യത്തെപ്പറ്റിയുള്ള ചർച്ചകൾ ശക്തമാകുന്ന 1990കളിലാണു വീണ്ടും ഈ രാജാവിലേക്ക് ഉത്തര – ദക്ഷിണ കൊറിയൻ രാഷ്ട്രീയം നീങ്ങുന്നത്. ഇന്ന് ഇരുകൊറിയകളും ഏറെ രാഷ്ട്രീയ ലക്ഷ്യത്തോടെ ഉപയോഗപ്പെടുത്തുന്ന പേരു കൂടിയാണിത്.
ഡാൻഗുൻ രാജാവ് ചരിത്രത്തിന്റെ ഭാഗമായിരുന്നില്ലെന്നു വിശ്വസിക്കുന്നവരാണു ഭൂരിപക്ഷം ഗവേഷകരും. മറിച്ച് അദ്ദേഹം ഒരു ‘മിത്ത്’ ആണെന്നാണു കരുതപ്പെടുന്നത്. കൊറിയയുടെ ആദ്യത്തെ രാജാവ്. എന്നാൽ ഇദ്ദേഹത്തിന്റെ ജനനം തികച്ചും ‘ദൈവീക’മാണ്. പതിമൂന്നാം നൂറ്റാണ്ടിന്റെ അവസാനം എഴുതപ്പെട്ട രണ്ടു ഗ്രന്ഥങ്ങളിൽനിന്നാണ് ഇതിന്റെ ആദ്യസൂചനകൾ ലഭിക്കുന്നത്. സ്വർഗത്തിന്റെ രാജാവായ ഹ്വാൻ–ഇന്നിന്റെ പേരക്കുട്ടിയാണു ഡാൻഗുൻ എന്നാണു വിശ്വാസം. ഹ്വാൻ–ഇന്നിന്റെ ഇളയ മകനായിരുന്നു ഹ്വാൻ–ഉങ്. മൗണ്ട് പെക്ടു ആസ്ഥാനമാക്കി രാജവംശം സ്ഥാപിച്ചു ഭൂമി ഭരിക്കണമെന്നായിരുന്ന ഹ്വാൻ–ഉങ്ങിന്റെ ലക്ഷ്യം. അതിനായി പിതാവിന്റെ അനുവാദത്തോടെ ഭൂമിയിലേക്കു തിരിച്ചു.
എന്നാല്‍ തങ്ങൾക്കും മനുഷ്യരായി അദ്ദേഹത്തോടൊപ്പം ചേരണമെന്ന് ഒരു കടുവയും കരടിയും ആവശ്യപ്പെട്ടു. താൻ പറയുന്നതു പ്രകാരം അടച്ചിട്ട ഗുഹയിൽ കഠിന നിഷ്ഠകളോടെ 100 ദിവസം താമസിച്ചാൽ മനുഷ്യരാക്കാമെന്ന് ഹ്വാൻ–ഉങ് വാക്കും കൊടുത്തു. ഏന്നാൽ കടുവയ്ക്ക് അതിനു സാധിച്ചില്ല. കരടിയാകട്ടെ ഗുഹ വിട്ടു പുറത്തുവരുമ്പോൾ മനുഷ്യസ്ത്രീ ആയി മാറിയിരുന്നു. അതിസുന്ദരിയായ അവളിലൂടെയാണ് ഡാൻഗുനിന്റെ ജനനമെന്നാണു വിശ്വാസം. അതിനാൽത്തന്നെ അദ്ദേഹത്തിന്റെ സ്മാരകങ്ങളിലും കരടിയുടെ വിഗ്രഹങ്ങൾ ഏറെ പ്രാധാന്യത്തോടെ നിർമിയ്ക്കുക പതിവുണ്ട്.
‘ദൈവം’ വളർത്തിയ രാജ്യം
ഭൂമിയിലെത്തിയ ഹ്വാൻ–ഉങ് ഇന്നത്തെ മൗണ്ട് പെക്ടുവിലെ ഒരു പരിശുദ്ധ ചന്ദനമരത്തിനു കീഴിലായിരുന്നു സ്ഥാനമുറപ്പിച്ചത്. തനിക്കൊപ്പം 3000 അനുയായികളെ അദ്ദേഹം കൂട്ടിയിരുന്നു. സ്വർഗത്തിൽനിന്നുള്ള മൂന്ന് അപൂർവ ‘നിധികളും’. മഴയുടെയും കാറ്റിന്റെയും മേഘത്തിന്റെയും ദൈവങ്ങൾ അദ്ദേഹത്തിന്റെ മന്ത്രിമാരായി ഒപ്പം നിന്നു. നിയമവും ഭരണഘടനയുമുള്ള രാജവംശം സ്ഥാപിക്കപ്പെട്ടു.
കൃഷിയിലും വൈദ്യത്തിലും മാത്രമല്ല, ശാസ്ത്രത്തിലും കലയിലും ഈ വംശം പേരെടുത്തു. ചുരുക്കത്തിൽ മൗണ്ട് പെക്ടു കേന്ദ്രീകരിച്ച് ഒരു പരിഷ്കൃത സമൂഹത്തെയാണ് ഹ്വാൻ–ഉങ് വളർത്തിയെടുത്തത്. ബിസി 2333ൽ ഡാൻഗുൻ കൊറിയയുടെ രാജാവായെന്നാണു കരുതുന്നത്. ഇത്തരമൊരു കഥയുടെ പിൻബലമുള്ളതിനാൽത്തന്നെ ‘സ്വർഗീയമായ’ ബന്ധമാണ് ഡാൻഗുനുമായി കൊറിയൻ ജനത വിശ്വാസങ്ങളില്‍ കാത്തുസൂക്ഷിക്കുന്നത്. അതേസമയം, ഡാൻഗുനിന്റെ ചരിത്രപരമായ യാതൊരു തെളിവുമാകട്ടെ ലഭിച്ചിട്ടുമില്ല.
എന്നാൽ ഡാൻഗുൻ സ്ഥാപിച്ചതെന്നു കരുതപ്പെടുന്ന ഗോജോസിയോൺ രാജവംശത്തെപ്പറ്റി വ്യക്തമായ തെളിവുകളുണ്ട്. കൊറിയൻ പെനിൻസുലയുടെ വടക്കൻ ഭാഗങ്ങളും വടക്കുകിഴക്കൻ ചൈനയുടെ ചില ഭാഗങ്ങളും ചേർന്നതായിരുന്നു ഗോജോസിയോൺ രാജവംശം. അന്നത്തെ ചൈനീസ് രാജവംശങ്ങളെപ്പോലും വെല്ലുവിളിക്കാൻ തക്കവിധത്തിൽ ശക്തിയാർജിച്ചതായിരുന്നു ഡാൻഗുനിന്റെ ഭരണം.
(മണ്ണിനെപ്പറ്റി അപാരമായ അറിവുകളുള്ള ഒരാളാണ് ഗോജോസിയോൺ സ്ഥാപിച്ചതെന്നു കരുതുന്നവരുണ്ട്. അതിനാലാണ് ഉത്തര കൊറിയ കൃഷിയെ ഇത്രയേറെ ആശ്രയിക്കുന്നതും. ഫലഭൂയിഷ്ഠമായ ഹുവാങ് ഹോ നദീതടത്തെ കൃത്യമായി ഉപയോഗപ്പെടുത്തി രാജവംശം സ്ഥാപിച്ചതും ചരിത്രരേഖകളിൽ പോലുമില്ലാത്ത ഈ ‘അജ്ഞാത’നാണ്. എന്നാൽ ഡാൻഗുൻ രാജാവ് സ്ഥാപിച്ചതാണ് ഗോജോസിയോൺ എന്നു വരുത്തിത്തീർക്കുന്നതിൽ കിം ജോങ് ഉന്നിന്റെ പൂർവികർക്കായിരുന്നു പ്രധാനമായും താൽപര്യം!
രാജാവ് മടങ്ങിയെത്തുമ്പോൾ...!
4350 വർഷം മുൻപ് അവിഭക്ത കൊറിയ ഭരിച്ചിരുന്ന ഒരു രാജാവ് ഇന്നു വീണ്ടും പ്രസക്തമായിരിക്കുന്നതിനു പിന്നിലുമുണ്ട് കാരണങ്ങൾ. ഉത്തര – ദക്ഷിണ കൊറിയൻ ഐക്യം സംബന്ധിച്ചു ചർച്ചകൾ പുരോഗമിക്കുന്നതാണ് അതിന്റെ പശ്ചാത്തലം. ഒരിക്കൽ ഒന്നിച്ചു നിന്നവർ വീണ്ടും ഒത്തുചേരണമെന്ന ആശയം ഇരുകൊറിയക്കാരും പങ്കുവയ്ക്കുമ്പോൾ അതിന് അടിത്തറയൊരുക്കുന്നത് ഡാന്‍ഗുൻ രാജാവിനെപ്പറ്റിയുള്ള ഐതിഹ്യമാണ്.
ഇക്കഴിഞ്ഞ സെപ്റ്റംബറിൽ ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജേ–ഇൻ ഉത്തര കൊറിയയിലെത്തിയപ്പോൾ കിം ജോങ് ഉൻ അദ്ദേഹത്തെ കൊണ്ടുപോയ സ്ഥലങ്ങളിലൊന്ന് മൗണ്ട് പെക്ടുവായിരുന്നു. തൊട്ടുപിന്നാലെ പ്യോങ്‌യാങ്ങിൽ നടത്തിയ ഒരു പ്രസംഗത്തിലൂടെ മൂൺ ലോകത്തെ ഞെട്ടിക്കുകയും ചെയ്തു– ‘5000 വർഷത്തോളം നാം ഒരുമിച്ചായിരുന്നു. എന്നാൽ വെറും 70 വർഷമായി നമ്മൾ വേറിട്ടു നിൽക്കുന്നു’ എന്നായിരുന്നു ആ പരാമർശം.
മൂൺ–ജേ ഇന്നിനു മറ്റൊരു വിധത്തിലും ഉത്തര കൊറിയയുമായി ആത്മബന്ധമുണ്ട്. അദ്ദേഹത്തിന്റെ മാതാപിതാക്കൾ ഉത്തര കൊറിയയിൽനിന്നാണ്. അതിനാൽത്തന്നെയാണു കൊറിയകളുടെ ഒത്തുചേരലിനു കിമ്മിന്റെ മണ്ണിൽ നിലയുറപ്പിച്ചു കൊണ്ടു തന്നെ അദ്ദേഹം ആഹ്വാനം ചെയ്തതും. വംശപരമായും ഇരുകൊറിയകളും ഒന്നാണെന്നു സൂചിപ്പിക്കുന്നതാണു ഡാൻഗുൻ രാജാവിന്റെ സാന്നിധ്യമെന്നും സോളിലെ അക്കാദമി ഓഫ് കൊറിയൻ സ്റ്റഡീസ് പ്രഫസര്‍ ജിയോങ് യങ്–ഹുൻ പറയുന്നു.
ഇരുകൊറിയകളും എന്നെങ്കിലും ഒന്നാകണമെങ്കിൽ അതിനുള്ള ഒരേയൊരു പ്രതീക്ഷ ഡാൻഗുൻ രാജാവാണെന്നു വിശ്വസിക്കുന്നവരും ഏറെ. ഇവരിൽ ‘ഡാൻഗുൻ’ വെറുമൊരു മിത്താണെന്നു വിശ്വസിക്കുന്ന ചരിത്രകാരന്മാരുമുണ്ട്. ഈ സാഹചര്യത്തിലാണു ഡാൻഗുൻ വിശ്വാസമല്ല, സത്യമാണെന്നു തെളിയിക്കാനുള്ള കിമ്മിന്റെ ശ്രമവും ശ്രദ്ധേയമാകുന്നത്. ദക്ഷിണ കൊറിയയാകട്ടെ ചൈനയെ വെല്ലുവിളിച്ച രാജവംശം എന്ന പേരിൽ ഗോജോസിയോണിനു പരമാവധി പ്രചാരവും നല്‍കുന്നുണ്ട്.
മലമുകളിലെ ‘രഹസ്യ’ കുടീരം
തങ്ങളുടെ പാരമ്പര്യം ഡാൻഗുൻ രാജാവുമായി ബന്ധപ്പെട്ടതാണെന്നാണു കിം പ്രചരിപ്പിക്കുന്നത്. ‘വിപ്ലവത്തിന്റെ പാവനമായ പർവതം’ എന്നാണു കൊറിയയിലെ അസാധാരണ മാറ്റങ്ങൾക്കു തുടക്കം കുറിച്ചയിടം എന്ന നിലയിൽ മൗണ്ട് പെക്ടുവിനെ വിശേഷിപ്പിക്കുന്നത്. ഇതിന്റെ താഴ്‌വാരത്തിലാണ് കിമ്മിന്റെ പിതാവ് കിം ജോങ് രണ്ടാമൻ ജനിച്ചതെന്നും കഥകൾ. എന്നാൽ മുൻ സോവിയറ്റ് യൂണിയനിലാണ് കിമ്മിന്റെ പിതാവ് ജനിച്ചതെന്ന് ചരിത്രകാരന്മാരുടെ വാക്കുകൾ. 1990കളിലാണ് ഡാൻഗുൻ രാജാവിന്റെയും ഭാര്യയുടെയും ശവകുടീരം പ്യോങ്‌യാങ്ങിനു സമീപത്തുനിന്നു കണ്ടെത്തിയതായി സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. തുടർന്ന് മൗണ്ട് പെക്ടുവിൽ ഒരു സ്മാരകം നിർമിക്കാനും തീരുമാനിച്ചു.
വെളുത്ത കല്ലുകളാൽ പിരമിഡ് ആകൃതിയിലായിരുന്നു ഈ മുസോളിയത്തിന്റെ നിർമാണം. കൊറിയൻ ചരിത്രത്തിലെ രാജാക്കന്മാരുടെ പ്രതിമകൾക്കൊപ്പം പേടിപ്പെടുത്തുന്ന വിവിധ മൃഗങ്ങളുടെ പ്രതിമകളും നിറഞ്ഞതായിരുന്നു സ്മാരകം. 5000 വർഷം പഴക്കമുള്ള കൊറിയൻ ചരിത്രത്തെ ആഘോഷിക്കാനും ഇരുകൊറിയകളും ഒന്നാണെന്ന സത്യം ഊട്ടിയുറപ്പിക്കാനും വേണ്ടിയാണ് ഈ സ്മാരകമെന്നായിരുന്നു നിർമാണത്തിനു നേതൃത്വം നൽകിയ കിം സങ് രണ്ടാമൻ പറഞ്ഞത്.
എന്നാൽ വൻ പ്രവേശനഫീസായതിനാൽത്തന്നെ ഇവിടേക്ക് സന്ദർശകർ അധികമൊന്നും വരാറില്ല. 2007ൽ ദക്ഷിണ കൊറിയൻ പ്രതിരോധമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ഈ ശവകുടീരം സന്ദർശിച്ചിരുന്നു. ഇതിനു പിന്നാലെ ദക്ഷിണ കൊറിയൻ ടൂറിസ്റ്റുകള്‍ക്കും ഇതിന്റെ വാതിൽ തുറന്നു കൊടുത്തു. കല്ലറയിൽ കിടക്കുന്ന അസ്ഥി പക്ഷേ ഡാൻഗുനിന്റെയാണോ എന്ന കാര്യം പക്ഷേ ഇന്നും ഭരണതലത്തിലെ അതീവ രഹസ്യമാണ്.
മിത്താണെങ്കിലും അല്ലെങ്കിലും...
സോളിലെ നാഷനല്‍ മ്യൂസിയം ഓഫ് കൊറിയയിൽ ഗോജോസിയോൺ കാലത്തേതെന്നു കരുതുന്ന വാളുകളും മൺപാത്രങ്ങളും വെങ്കലത്തിൽ തീർത്ത ഉപകരണങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്. കൊറിയൻ പെനിൻസുലയിലെ ആദ്യത്തെ ‘രാജ്യത്തു’ നിന്നുള്ള തെളിവുകൾ എന്നാണ് മ്യൂസിയം ഇതിനു നൽകിയിരിക്കുന്ന വിശേഷണം. ഈ രാജവംശം ബിസി 2333 മുതൽ ബിസിഇ 108 വരെ നിലനിന്നിരുന്നുവെന്നും മ്യൂസിയം രേഖകൾ വ്യക്തമാക്കുന്നു.
ചൈനീസ് രാജവംശങ്ങളെ വെല്ലാൻ ശേഷിയുണ്ടായിരുന്നെങ്കിലും ഇക്കാര്യത്തിലും തർക്കം നിലനിൽക്കുന്നുണ്ട്. പലരും രാഷ്ട്രീയ ആവശ്യങ്ങൾക്കായി ഗോജോസിയോണിനെ ഉപയോഗപ്പെടുത്തുന്നുവെന്നും ചരിത്രകാരന്മാർ പറയുന്നു. ഗോജോസിയോണിനെ ഒരു രാജ്യമായി കണക്കാക്കാനാകില്ലെന്നും ഒരു വിഭാഗം പറയുന്നു. അന്ന് ഓരോ തലവന്മാരുടെ നേതൃത്വത്തിലുള്ള ഗോത്രങ്ങളായിട്ടാണു പ്രദേശം നിലനിന്നിരുന്നത്. ഇതു പിന്നെയും ഏറെ വർഷം കഴിഞ്ഞാണ് ഒരൊറ്റ ജനതയായിത്തന്നെ മാറുന്നതും. ഇതൊന്നും പക്ഷേ ഇരുകൊറിയക്കാരും ചെവികൊള്ളില്ല.
ഇന്നും എല്ലാ വർഷവും ഒക്ടോബർ മൂന്നിന് ദേശീയ സ്ഥാപക ദിനത്തോടനുബന്ധിച്ചു സോളിലെ വിവിധ ആരാധനാലയങ്ങളിൽ ഡാൻഗുനിനു മുന്നിൽ ജനങ്ങൾ പ്രാർഥനയോടെയെത്തുന്നു. രാജാവിന്റെ മുഖംമൂടിയണിഞ്ഞുള്ള ശാന്തിയാത്രകളുമുണ്ട്– ആ പ്രാർഥനകളുടെ ലക്ഷ്യമാകട്ടെ കൊറിയയുടെ ഐക്യവും. അതേ ദിവസം തന്നെ ഉത്തര കൊറിയൻ ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മൗണ്ട് പെക്ടുവിലെ മുസോളിയത്തിലെത്തി പുരാതന കാലത്തെ അനുസ്മരിപ്പിച്ചുള്ള പരമ്പരാഗത ബലിയർപ്പിക്കൽ ചടങ്ങുകൾ നടത്തും. അവിടെയും പ്രാർഥന കൊറിയൻ ഐക്യം തന്നെ!