ഡീസൽ വിലവർധന: നിരക്കു വർധന ആവശ്യപ്പെട്ട് 15ന് സ്വകാര്യ ബസ് പണിമുടക്ക്

കൊച്ചി∙ നിരക്ക് വർധന ആവശ്യപ്പെട്ട് സ്വകാര്യ ബസുകൾ സമരത്തിലേക്ക്. നവംബർ 15നു സൂചനാ പണിമുടക്ക് നടത്തും. ആവശ്യങ്ങൾക്കു പരിഹാരമുണ്ടായില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നും സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ അറിയിച്ചു. ഡീസൽ വിലവർധന മൂലം ഒരു ദിവസം പോലും സർവീസ് നടത്താൻ കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്നു സംഘടനാ പ്രസിഡന്റ് എം.ബി. സത്യൻ പറഞ്ഞു. ഡീസൽ വില താങ്ങാനാവാതെ ഒട്ടേറെ ബസുകൾ സർവീസ് ഇതിനകം അവസാനിപ്പിച്ചിരിക്കുകയാണ്. സർക്കാർ അനുവദിച്ചാൽ ചർച്ചയ്ക്കു തയാറാണെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാർഥികളുടെ ഉൾപ്പെടെ യാത്രാ നിരക്ക് വർധിപ്പിക്കുക, എല്ലാ യാത്രാ സൗജന്യങ്ങളും നിർത്തലാക്കുക, ബസുകളുടെ സർവീസ് കാലാവധി 20 വർഷമാക്കിയ തീരുമാനം ഉടൻ നടപ്പാക്കുക, കേന്ദ്ര സംസ്ഥാന സർക്കാരുകൾ നികുതി കുറച്ചില്ലെങ്കിൽ ബസുകൾക്ക് ഡീസൽ സബ്സിഡി നൽകുക, സ്വകാര്യ ബസുകളും കെഎസ്ആർടിസിയും തമ്മിലുള്ള മൽസരം ഒഴിവാക്കാൻ ഗതാഗത നയം രൂപവൽക്കരിക്കുക, റോഡ് നികുതി കുറയ്ക്കുക, ബസുടമകൾക്കു ക്ഷേമനിധി ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണു സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ രംഗത്തെത്തിയിരിക്കുന്നത്.

സർക്കാരിനു നൽകിയ നിവേദനം പരിഗണിക്കാത്ത സാഹചര്യത്തിൽ എല്ലാ ജില്ലകളിലും പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിക്കുന്നതിനും നവംബർ എട്ടിനു സെക്രട്ടേറിയറ്റ് മാർച്ച് നടത്തുന്നതിനും തുടർന്ന് 15നു സൂചനാ പണിമുടക്ക് നടത്തുന്നതിനുമാണു തീരുമാനം. തുടർന്നും തീരുമാനങ്ങൾ ഉണ്ടായില്ലെങ്കിൽ 17നു ചേരുന്ന ഫെഡറേഷൻ യോഗം അനിശ്ചിതകാലത്തേക്ക് ബസുകൾ നിർത്തിയിടുന്നത് ആലോചിക്കുമെന്നും എം.ബി. സത്യൻ അറിയിച്ചു.