Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ധനവില 2.50 രൂപ കുറയും; പെട്രോൾ, ഡീസൽ എക്സൈസ് തീരുവ കുറച്ചു

Petrol Diesel Price

ന്യൂഡൽഹി∙ അനിയന്ത്രിതമായി ഉയരുന്ന ഇന്ധനവില കുറയ്ക്കാൻ നടപടികളുമായി കേന്ദ്രസർക്കാർ. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറച്ചു. ഇന്ധനത്തിനുള്ള തീരുവ 1.50 രൂപ സർക്കാർ കുറച്ചപ്പോൾ എണ്ണക്കമ്പനികൾ ഒരു രൂപയും കുറച്ചെന്ന് ധനമന്ത്രി അരുൺ ജയ്റ്റ്‍ലി പറഞ്ഞു. അതേസമയം, കേന്ദ്രനികുതിയിൽ കുറവുണ്ടാകില്ലെന്നും ജയ്റ്റ്ലി കൂട്ടിച്ചേർത്തു.

പെട്രോൾ, ഡീസൽ വിലനിർണയം സർക്കാർ ഏറ്റെടുക്കില്ല. സംസ്ഥാനങ്ങൾ തയാറായാൽ ഇന്ധനവിലയിൽ അഞ്ചു രൂപവരെ കുറയ്ക്കാനാകും. സംസ്ഥാനങ്ങൾ 2.50 രൂപ വീതം കുറയ്ക്കണം. സംസ്ഥാനങ്ങൾ വില കുറച്ചില്ലെങ്കിൽ ജനങ്ങൾ‌ ചോദിക്കും. എണ്ണവില കുറയ്ക്കുന്നതിലൂടെ കേന്ദ്രത്തിന് 21,000 കോടിയുടെ നഷ്ടമുണ്ടാകും. നികുതിയിനത്തിൽ മാത്രം 10,500 കോടിയുടെ നഷ്ടമുണ്ടാകുമെന്നും ജയ്റ്റ്ലി പറഞ്ഞു.

ക്രൂ‍ഡ് ഓയിലിന്റെ വിലവർധനയടക്കമുള്ളവയാണ് ഇന്ധനവില കൂടാൻ കാരണം. രാജ്യാന്തര വിപണിയെ യുഎസിന്റെ നിലപാടുകൾ ബാധിച്ചിരുന്നു. നമുക്കും അവ ബാധകമായിരുന്നു. ആദ്യപാദത്തിലെ ഫലം പരിശോധിക്കുമ്പോൾ സമ്പദ്‌വ്യവസ്ഥയിൽ 8.2 ശതമാനത്തിന്റെ വർധനവുണ്ട്. നാണയപ്പെരുപ്പം നിയന്ത്രണ വിധേയമാണെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രം എക്സൈസ് തീരുവ കുറച്ചതോടെ ബിജെപി ഭരിക്കുന്ന ആറ് സംസ്ഥാനങ്ങളും ഇന്ധന നികുതി കുറച്ചു.