ന്യൂഡൽഹി∙ കഴിഞ്ഞ മാസം 18 മുതൽ തുടർച്ചയായി 18 ദിവസവും വില കുറച്ചതിനെ തുടർന്ന് രാജ്യമൊട്ടാകെ പെട്രോളിന് 4 രൂപയിലേറെയും ഡീസലിന് രണ്ടു രൂപയിലേറെയും കുറവു വന്നു. കേരളത്തിൽ പെട്രോളിന് 4.17 രൂപയും ഡീസലിന് 2.63 രൂപയുമാണ് കുറഞ്ഞത്. കഴിഞ്ഞ 17 ന് എറണാകുളം ജില്ലയിലെ കാക്കനാട്ട് പെട്രോളിന് 84.91 രൂപയും ഡീസലിന് 79.78 രൂപയുമായിരുന്നു വില. ഇന്നലെ വില യഥാക്രമം 80.74 രൂപയും 77.15 രൂപയും.
ഓഗസ്റ്റ് 16നു തുടങ്ങിയ വിലക്കയറ്റം 2 മാസത്തോളം നീണ്ട ശേഷമാണ് ഇടിഞ്ഞത്. ഭീമമായ വിലവർധനയെത്തുടർന്ന് കഴിഞ്ഞ നാലിന് കേന്ദ്രസർക്കാർ ലീറ്ററിന് ഒന്നര രൂപ വീതം തീരുവ കുറച്ചിരുന്നു. പിന്നാലെ വിവിധ സംസ്ഥാനങ്ങളും നികുതി കുറച്ചു. അസംസ്കൃത എണ്ണവിലയിലുണ്ടായ ഇടിവാണ് ഉപയോക്താക്കൾക്കു തുണയായത്.
രൂപയുടെ വിനിമയമൂല്യവും പതിയെ മെച്ചപ്പെട്ടു. ഇന്നലെ മാത്രം പെട്രോളിന് 21 പൈസയും ഡീസലിന് 17 പൈസയുമാണ് കുറഞ്ഞത്. തുടർന്നുള്ള ദിവസങ്ങളിലും വില കുറയുവാനുള്ള പ്രവണതയാണു കാണുന്നത്.