Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ധനവില ഒരു മാസത്തെ താഴ്ന്ന നിലയിൽ

x-default x-default

കൊച്ചി ∙ തുടർച്ചയായ പത്താം ദിവസവും വില കുറഞ്ഞതോടെ പെട്രോൾ, ഡീസൽ വില ഒരു മാസത്തെ താഴ്ന്ന നിലവാരത്തിലെത്തി. രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണവിലയിലുണ്ടാകുന്ന ഇടിവാണ് എണ്ണക്കമ്പനികൾ വില കുറയ്ക്കാനുള്ള കാരണം.  ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ കാര്യമായ നേട്ടമുണ്ടാകുന്നില്ലെങ്കിലും സ്ഥിരത നിലനിർത്തുന്നത് എണ്ണവില കൂടാതിരിക്കാൻ കാരണമാകുന്നുണ്ട്.

ഇതോടെ കൊച്ചി നഗരത്തിൽ ഒരു ലീറ്റർ പെട്രോളിനു വില 82.50 രൂപയായി. ഡീസൽ വില 78.44 രൂപയായും കുറഞ്ഞു. പെട്രോളിനു 2.41 രൂപയും ഡീസലിന് 1.38 രൂപയുമാണ് 9 ദിവസംകൊണ്ടു കുറഞ്ഞത്. പെട്രോളും ഡീസലും തമ്മിലുള്ള വിലവ്യത്യാസം സംസ്ഥാനത്തു 4.06 രൂപയായി കുറഞ്ഞു.

അവിടെ 10 ഡോളർ

അസംസ്കൃത എണ്ണവില കുറയുന്നതിന് ആനുപാതികമായ ആശ്വാസം ഇന്ധനവിലയിൽ പ്രകടമാകുന്നില്ല. കഴിഞ്ഞ മാസം ബാരലിനു ശരാശരി 86 ഡോളർ വരെ ബ്രെന്റ് ക്രൂഡ് ഓയിൽ വില ഉയർന്നിരുന്നു. എന്നാൽ, ഇപ്പോൾ ശരാശരി വില 76 ഡോളറാണ്. 10 ഡോളറിന്റെ കുറവു രാജ്യാന്തര വിപണിയിൽ എണ്ണവിലയിലുണ്ടായി. കേന്ദ്രസർക്കാർ നൽകിയ നികുതിയിളവു കൂടി ലഭിച്ചതുകൊണ്ടാണ് ഇന്ധനവില ഒരു മാസത്തെ താഴ്ന്ന നിലവാരത്തിലെത്തിയത്. രാജ്യത്ത് ഏറ്റവും അധികം എണ്ണവിലയുണ്ടായിരുന്ന മുംബൈയിൽ, സംസ്ഥാന സർക്കാരിന്റെ വാറ്റ് ഇളവു കൂടി ലഭിച്ചതോടെപെട്രോൾ വില 86 രൂപയായി കുറഞ്ഞു. മുംബൈയിൽ വില ലീറ്ററിനു 91.34 രൂപ വരെ എത്തിയിരുന്നു. ഡൽഹിയിൽ വില 80.80 രൂപയായി കുറഞ്ഞു. 84 രൂപയാണു ചെന്നൈയിൽ.

വിലവ്യത്യാസം 4 രൂപ

പെട്രോൾ വില ഡീസൽ വിലയെക്കാൾ വലിയ തോതിൽ താഴുന്നതോടെ വിലവ്യത്യാസം കുറയുകയാണ്. കേരളത്തിൽ പെട്രോളും ഡീസലും തമ്മിൽ 4.06 രൂപ വ്യത്യാസ‌മുളളപ്പോൾ, ഒഡീഷയിൽ ഡീസലിനു പെട്രോളിനേക്കാൾ വില നൽകണം. ഡൽഹിയിൽ 6 രൂപ, മുംബൈയിൽ 8 രൂപ, ചെന്നൈയിൽ 5 രൂപ, കൊൽക്കത്തയിൽ 6.40 രൂപ എന്നിങ്ങനെയാണു പെട്രോൾ– ഡീസൽ വിലകൾ തമ്മിലുള്ള അന്തരം. 2012ൽ പെട്രോളും ഡീസലും തമ്മിൽ 20 രൂപയുടെ വ്യത്യാസമുണ്ടായിരുന്നു.