ദോഹ ∙ സൗദി അറേബ്യയും റഷ്യയും ഉൽപാദനം ഉയർത്തുമെന്ന സൂചനകൾക്കിടെ രാജ്യാന്തര വിപണിയിൽ എണ്ണ വില ബാരലിന് 86.36 ഡോളർ (ബ്രെന്റ് ക്രൂഡ്) ആയി. യുഎസ് ഉപരോധം മൂലം ഇറാനിൽ നിന്നുള്ള എണ്ണ ലഭ്യത ഇടിയുന്നതാണു വില ഉയരാൻ ഇടയാക്കുന്നത്.
എണ്ണ ഉൽപാദനം കൂട്ടാൻ സൗദി അറേബ്യയും റഷ്യയും ധാരണയിലെത്തിയതായി റിപ്പോർട്ടുകളുണ്ട്. എണ്ണ ഉൽപാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിനു പുറത്താണ് ഇരു രാജ്യങ്ങളും ധാരണയായതെന്നാണു വിവരം.
ഒപെകിന് പ്രതിദിനം 13 ലക്ഷം ബാരൽ എണ്ണ വരെ ഉൽപാദനം വർധിപ്പിക്കാൻ കഴിയുമെന്ന് സൗദി എണ്ണ മന്ത്രി ഖാലിദ് അൽ ഫലീഹ് പറഞ്ഞു. എന്നാൽ, ഒപെക് അങ്ങനെ ചെയ്യുമെന്ന സൂചനകളുണ്ടായില്ല. അതേ സമയം, യുഎസ് എണ്ണ ഉൽപാദനത്തിൽ ഗണ്യമായ വർധനയുണ്ടായി. പ്രതിദിന ക്രൂഡ് ഓയിൽ ഉൽപാദനം 1.11 കോടി ബാരലായാണു വർധിപ്പിച്ചത്.