വിയന്ന (ഓസ്ട്രിയ) ∙ അടുത്ത വർഷം മുതൽ പ്രതിദിന എണ്ണ ഉൽപാദനത്തിൽ 8 ലക്ഷം വീപ്പയുടെ കുറവു വരുത്താനുള്ള എണ്ണയുൽപാദക രാജ്യങ്ങളുടെ സംഘടനയുടെ (ഒപെക്) തീരുമാനത്തെ ഇറാൻ അനുകൂലിച്ചതോടെ രാജ്യാന്തര വിപണിയിൽ എണ്ണ വിലയിൽ 5% വർധന. സംഘടനയിൽ ഉൾപ്പെടാത്ത രാജ്യങ്ങളോട് പ്രതിദിന ഉൽപാദനത്തിൽ 4 ലക്ഷം വീപ്പയുടെ കുറവു വരുത്തണമെന്ന ഒപെക് നിർദേശവും വിലവർധനയെ ബാധിച്ചിട്ടുണ്ട്. ഉൽപാദനത്തിൽ 12 ലക്ഷം വീപ്പയുടെ കുറവുണ്ടാകുന്നത് എണ്ണ വിപണിയിൽ വലിയ ചലനമുണ്ടാക്കും. വിപണിയുടെ പ്രതീക്ഷയ്ക്കപ്പുറമുള്ള ഉൽപാദനക്കുറവ് ജനുവരി ഒന്നു മുതൽ ഉണ്ടാകുമെന്ന് കണ്ടതോടെ, ബ്രെന്റ് അസംസ്കൃത എണ്ണയുടെ വില വീപ്പയ്ക്ക് 63.07 ഡോളറായി. തൊട്ടു തലേന്ന് 60.02 ഡോളറായിരുന്നു വില. ന്യൂയോർക്ക് വിപണിയിൽ വർധന 5% ആണ്.
തളർച്ചയിലായ ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് എണ്ണ ഉൽപാദനം കുറയ്ക്കുന്നത് വലിയ ആഘാതമാകുമെന്ന് പറഞ്ഞ് ലഭ്യത കുറയാതിരിക്കാൻ അമേരിക്ക ഉൽപാദക രാഷ്ട്രങ്ങളിൽ സമ്മർദം ചെലുത്തിയിരുന്നു. റഷ്യയും യുഎസ് ഉപരോധത്തിൽ വിഷമിക്കുന്ന ഇറാനും ഉൽപാദനം കുറയ്ക്കാനുള്ള നിർദേശം അംഗീകരിക്കുമോയെന്ന ഭീതിയുണ്ടായിരുന്നു. യുഎസിന്റെ പ്രത്യേക പ്രതിനിധി ബ്രയൻ ഹുക്ക് വിയന്നയിലെത്തി ഒപെക് യോഗത്തിനു തൊട്ടുമുൻപ് സൗദിയുടെ എണ്ണമന്ത്രി ഖാലിദ് അൽ ഫാലിഹിനെ കണ്ടതും അഭ്യൂഹങ്ങളുയർത്തി. 2 ദിവസത്തെ ചർച്ചകൾക്കൊടുവിൽ ഉൽപാദനം കുറയ്ക്കാൻ എല്ലാവരും ധാരണയാവുകയായിരുന്നു. സൗദി അറേബ്യ, റഷ്യ, യുഎഇ രാജ്യങ്ങൾ ഉൽപാദനം വർധിപ്പിച്ചതിനെ തുടർന്ന് വില മൂന്നിലൊന്നോളം കുറഞ്ഞതിനെ തുടർന്നാണ് ഒപെക് യോഗം വിളിച്ചത്.