കൊച്ചി∙ രാജ്യത്ത് പെട്രോൾ വില വർഷത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തി. രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില തുടർച്ചയായി ഇടിയുന്നതിനെത്തുടർന്ന് എണ്ണക്കമ്പനികൾ വില കുറച്ചതോടെയാണ് പെട്രോൾ 70 രൂപ നിലവാരത്തിലെത്തിയത്. ഒക്ടോബർ 18 മുതലാണ് ഇന്ധനവില തുടർച്ചയായി കുറഞ്ഞു തുടങ്ങിയത്.
ഇതിനിടെ 2 ദിവസം മാത്രമാണ് നേരിയ തോതിൽ വില ഉയർന്നത്. ഡീസൽ വില 9 മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ്. ഇന്നലെ പെട്രോളിന് 22 പൈസയും ഡീസലിന് 25 പൈസയും കുറഞ്ഞിരുന്നു. ഇന്ന് പെട്രോളിന് 21 പൈസയും ഡീസലിന് 24 പൈസയുമാണു കുറഞ്ഞത്. ഇതോടെ കൊച്ചി നഗരത്തിലെ ഇന്നത്തെ പെട്രോൾ വില 70.65 രൂപ, ഡീസലിന് 66.34 രൂപ.