ന്യൂഡൽഹി∙ ഡൽഹിയിൽ സിഎൻജി വാതകം കൂടി വിൽക്കുന്ന 400 പെട്രോൾ പമ്പുകൾ ഇന്നു രാവിലെ ആറു മുതൽ ചൊവ്വ പുലർച്ചെ അഞ്ചു വരെ അടച്ചിട്ടു പ്രതിഷേധിക്കുന്നു. ഡീസൽ, പെട്രോൾ വിലയിലെ വാറ്റ് നികുതി കുറയ്ക്കില്ലെന്ന ഡൽഹി സർക്കാരിന്റെ തീരുമാനത്തെത്തുടർന്നാണ് 23 മണിക്കൂർ പ്രതിഷേധം. കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലിയുടെ നിർദേശം അനുസരിച്ച് വാറ്റ് കുറയ്ക്കാൻ 13 സംസ്ഥാനങ്ങൾ തയാറായെങ്കിലും ഡൽഹി അതിനു തയാറായില്ലായിരുന്നു.
സമീപ സംസ്ഥാനങ്ങളായ ഉത്തർ പ്രദേശ്, ഹരിയാന എന്നിവിടങ്ങളിൽ ഇന്ധന വില കുറവാണ്. ഇന്ധനം നിറയ്ക്കാനായി ഇങ്ങോട്ടേക്കാണ് ഡൽഹി നിവാസികൾ പോകുന്നത്. ഇരു സംസ്ഥാനങ്ങളിലും അധികാരത്തിലിരിക്കുന്ന ബിജെപി സർക്കാരുകൾ കേന്ദ്ര തീരുമാനത്തിനൊപ്പം നികുതി കുറച്ചിരുന്നു. ഇതേത്തുടർന്ന് പെട്രോൾ വിൽപനയിൽ 20 ശതമാനവും ഡീസലിൽ 30 ശതമാനവും കുറവാണ് ഒക്ടോബർ 15 വരെ ഡൽഹിയിൽ ഉണ്ടായതെന്ന് ഡൽഹി പെട്രോൾ ഡീലേഴ്സ് അസോസിയേഷൻ പ്രസിഡന്റ് നിശ്ചൽ സിങ്ഘാനിയ അറിയിച്ചു.
അതേസമയം, സമരം രാഷ്ട്രീയപ്രേരിതമാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ആരോപിച്ചു. ബിജെപി സ്പോൺസർ ചെയ്യുന്ന സമരമാണിതെന്ന് പമ്പ് ഉടമകൾ സ്വകാര്യമായി സമ്മതിച്ചിട്ടുണ്ടെന്നും കേജ്‌രിവാൾ പറഞ്ഞു. ബിജെപിക്ക് കൃത്യമായ മറുപടി തിരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകുമെന്നും ഞായറാഴ്ച രാത്രി കേജ്‌രിവാൾ ട്വീറ്റ് ചെയ്തിരുന്നു.