പട്ന ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിഹാറിലെ സീറ്റ് വിഭജനത്തെച്ചൊല്ലി ഉടലെടുത്ത ബിജെപി– ജെഡിയു പോരിനു പരിഹാരമായെന്നു വിവരം. ആകെയുള്ള 40 സീറ്റിൽ നിതീഷ് കുമാര്‍ ആവശ്യപ്പെട്ടതുപോലെതന്നെ ‘മാന്യമായത്രയും സീറ്റുകൾ’ ലഭിച്ചതായി പാർട്ടി വൃത്തങ്ങൾ ദേശീയ മാധ്യമങ്ങളോടു വ്യക്തമാക്കി. നിലവിലെ ധാരണപ്രകാരം നിതീഷ് കുമാറിന്റെ പാർട്ടിക്ക് 16 സീറ്റുകൾ ലഭിക്കും. സെപ്റ്റംബറിൽ നിതീഷ് കുമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ എന്നിവരുമായി നടത്തിയ ചർച്ചയിലാണു ധാരണയായത്.
എൻഡിഎയിലെ മറ്റു സഖ്യകക്ഷികളായ റാം വിലാസ് പസ്വാന്‍, ഉപേന്ദ്ര ഖുശ്‌വാഹ എന്നിവരുടെ പാർട്ടികൾക്കു യഥാക്രമം 5, 2 സീറ്റുകൾ ലഭിക്കും. ഇതു സംബന്ധിച്ചു പ്രഖ്യാപനം ഈയാഴ്ച തന്നെ ഉണ്ടായേക്കും. നിതീഷ് കുമാറിന്റെ ജെഡിയുവിനെ കൂടി ഉൾക്കൊള്ളുന്നതിനായി എന്‍ഡിഎയിലെ എല്ലാ കക്ഷികൾക്കും കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് സീറ്റിൽ കുറവുവരും. 2014ലെ പൊതുതിരഞ്ഞെടുപ്പിൽ ബിഹാറിൽ 2 സീറ്റുകളിൽ മാത്രമാണു ജെഡിയു വിജയിച്ചത്.
ബിജെപിക്കായിരിക്കും ഏറ്റവും നഷ്ടം സംഭവിക്കുക. കൈവശമുള്ള 22 സീറ്റുകളിൽ അഞ്ചെണ്ണം അവർക്കു നഷ്ടപ്പെടും. എൽജെപി, രാഷ്ട്രീയ ലോക്സമതാ പാർട്ടി എന്നിവയ്ക്കും ഓരോ സീറ്റ് വീതം നഷ്ടമാകും. എന്നാൽ സീറ്റുവിഭജനം സംബന്ധിച്ച് അന്തിമ തീരുമാനമൊന്നുമായിട്ടില്ലെന്നു മുതിർന്ന ബിജെപി നേതാവ് ഭൂപേന്ദ്ര യാദവ് പറഞ്ഞു.