ന്യൂഡല്‍ഹി ∙ ശബരിമല യുവതീപ്രവേശവിധിക്കെതിരെ സമര്‍പ്പിച്ച റിട്ട് ഹർജികളും റിവ്യൂ ഹർജികളും നവംബർ 13ന് സുപ്രീംകോടതി പരിഗണിക്കും. മണ്ഡലകാലത്തിനു മുമ്പ് വാദം കേള്‍ക്കും. സുപ്രീംകോടതിയുടെ തുറന്ന കോടതിയിൽ ഉച്ചയ്ക്ക് മൂന്നിനാണ് കേസിൽ വാദം കേൾക്കുക. ശബരിമല മണ്ഡലകാലത്തിനു മുൻപേ ഹർജികളിൽ വാദം കേൾക്കും. നവംബർ 17നാണ് മണ്ഡലകാലം തുടങ്ങുന്നത്.
വാദം കേള്‍ക്കുന്ന തീയതി ഇന്നു പറയാമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് ഇന്നലെ വ്യക്തമാക്കിയിരുന്നു. മുംബൈ മലയാളികള്‍ രൂപീകരിച്ച ദേശീയ അയ്യപ്പ ഭക്തജന വനിതാകൂട്ടായ്മ, വിശ്വാസി ജയ രാജ്കുമാര്‍ എന്നിവരുടെ റിട്ടു ഹര്‍ജികളില്‍ വാദം കേള്‍ക്കുന്ന തീയതിയാണ് കോടതി നിശ്ചയിച്ചത്. ഇന്നലെ ഹര്‍ജിക്കാരുടെ അഭിഭാഷകര്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ്ക്ക് മുന്നില്‍ ശബരിമല വിഷയം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ഇന്ന് തീരുമാനം പറയാമെന്നു നിലപാടെടുക്കുകയായിരുന്നു.
പ്രവേശം നിഷേധിക്കപ്പെട്ട ഒരു യുവതി പോലും കോടതിയെ സമീപിച്ചിട്ടില്ലെന്നും വിധി അയ്യപ്പവിശ്വാസികളുടെ മൗലികാവകാശം ലംഘിച്ചുവെന്നും ഹര്‍ജിയില്‍ പറയുന്നു. വിധിയെ തുടര്‍ന്നുളള ക്രമസമാധാനപ്രശ്നവും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.