ബ്രൂവറി ‘പത്രക്കുറിപ്പ്’ എക്സൈസിന്റേതല്ല: പിന്നിലാരെന്ന അന്വേഷണത്തിന് ഉത്തരവിട്ടിട്ടില്ല

തിരുവനന്തപുരം∙ ബ്രൂവറി വിഷയത്തില്‍ എക്സൈസ് വകുപ്പിന്റേതായി പുറത്തിറങ്ങിയ ‘പത്രക്കുറിപ്പ്’ വകുപ്പ് പുറത്തിറക്കിയതല്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. പത്രക്കുറിപ്പിനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എക്സൈസ് അഡീ. ചീഫ് സെക്രട്ടറി ആശാ തോമസ് ആഭ്യന്തരവകുപ്പിനു കത്തു നല്‍കിയിരുന്നു. ഇതോടൊപ്പം വകുപ്പിനുള്ളിലും അന്വേഷണം നടത്തി. ഈ അന്വേഷണത്തിലാണു പത്രക്കുറിപ്പ് ഇറക്കിയത് വകുപ്പല്ലെന്നു തെളിഞ്ഞത്. വകുപ്പിന് ഉത്തരവാദിത്തമില്ലെന്നു വ്യക്തമായതോടെ ആരാണ് പത്രക്കുറിപ്പിനു പിന്നിലെന്ന ചോദ്യമാണ് ഉയരുന്നത്. ചീഫ് സെക്രട്ടറിയുടെ പരാതിയില്‍ ആഭ്യന്തരവകുപ്പ് ഇതുവരെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടില്ല.

ബ്രൂവറികള്‍ക്ക് അനുമതി നല്‍കിയതിന്റെ പേരില്‍ വിവാദമുണ്ടായപ്പോള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കുള്ള മറുപടിയായാണ് എക്സൈസ് വകുപ്പിന്റെ പേരില്‍ പത്രക്കുറിപ്പ് ഇറങ്ങിയത്. ‘അടിതെറ്റിവീണ് പ്രതിപക്ഷ നേതാവ്’ എന്ന തലക്കെട്ടിലുള്ള പത്രക്കുറിപ്പില്‍ പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങള്‍ക്കുള്ള മറുപടിയാണ് ഉള്‍പ്പെടുത്തിയിരുന്നത്. 1999നുശേഷം ബ്രൂവറികള്‍ക്ക് ലൈസന്‍സ് നല്‍കിയത് എ.കെ. ആന്റണിയാണെന്നു വ്യക്തമായതോടെ പറഞ്ഞതെല്ലാം വിഴുങ്ങി പ്രതിപക്ഷ നേതാവ് ഒളിച്ചോടുകയാണെന്നും പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. വെള്ളക്കടലാസില്‍, എക്സൈസ് മന്ത്രിയുടേയോ ഉദ്യോഗസ്ഥരുടേയോ പേരില്ലാതെയാണു പത്രക്കുറിപ്പ് ഇറങ്ങിയത്.

ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ആരുടെയും പേരില്ലാതെ മറുപടി ഇറങ്ങിയതോടെ പ്രതിപക്ഷ നേതാവ് പത്രസമ്മേളനം വിളിച്ചു. താന്‍ എക്സൈസ് മന്ത്രിയോടാണു മറുപടി ആവശ്യപ്പെട്ടതെന്നും എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥരെ കൊണ്ടു മറുപടി പറയിപ്പിച്ചതു തന്നെ അപമാനിക്കലാണെന്നും ചെന്നിത്തല വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷ നേതാവിനെ അപമാനിച്ചതായി കാട്ടി അഡീ. ചീഫ് സെക്രട്ടറി ആശാ തോമസിനെതിരെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ഉപനേതാവ് െക.സി. ജോസഫ് എംഎല്‍എ അവകാശലംഘനത്തിനു സ്പീക്കര്‍ക്ക് നോട്ടിസ് നല്‍കുകയും ചെയ്തു.

പ്രതിപക്ഷ നേതാവിന്റെ അവകാശങ്ങളിന്‍മേലുള്ള കടന്നുകയറ്റമാണിതെന്നു നോട്ടിസില്‍ കെ.സി.ജോസഫ് ചൂണ്ടിക്കാട്ടി. വിഷയം സ്പീക്കറുടെ മുന്നിലെത്തുകയും നിയമ നടപടികള്‍ നേരിടേണ്ടിവരുന്ന സാഹചര്യം ഉണ്ടാകുകയും ചെയ്തതോടെയാണു പത്രക്കുറിപ്പ് ഇറക്കിയ ആളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് അഡീ. ചീഫ് സെക്രട്ടറി ആഭ്യന്തരവകുപ്പിനു പരാതി നല്‍കിയത്.