ഇന്ത്യയുടെ മധ്യഭാഗം, ഹൃദയദേശം. ഒട്ടേറെ രാജവംശങ്ങളുടെ പ്രൗഢിയിൽ വളർന്നുപന്തലിച്ച നാട്. ചരിത്രവും സംസ്കാരവും കാഴ്ചയുടെ പീലിവിടർത്തുന്ന മധ്യപ്രദേശ് നിർണായകമായ തിരഞ്ഞെടുപ്പിനു മുന്നിലാണ്. ജനങ്ങളുടെ മുന്നിൽ പ്രധാനമായും 2 ചോദ്യങ്ങളാണുള്ളത്. ഭരണത്തുടർച്ച വേണോ, ഭരണമാറ്റം വേണോ? ഫലം എന്തായാലും സംസ്ഥാനത്തുമാത്രം ഒതുങ്ങില്ല. രാജ്യത്തിന്റെ രാഷ്ട്രീയഗതി കൂടി നിർണയിക്കുന്ന തീരുമാനമാണ് മധ്യപ്രദേശിലെ വോട്ടർമാരുടേത്. നിലവിലെ ലോക്സഭയിൽ 29ൽ 27 സീറ്റും ഭരണകക്ഷിക്കു നൽകിയ സംസ്ഥാനം. ബിജെപിയുടെ ജനപ്രീതി തുടരുന്നുവോ? കോൺഗ്രസ് ഉയിർത്തെഴുന്നേൽക്കുമോ? രാജ്യം കാതോർത്തിരിക്കുന്ന ഈ ചോദ്യങ്ങൾക്കുള്ള ഉത്തരസൂചികയാകും മധ്യപ്രദേശ്.
∙ പേടിയുണ്ട്, ആത്മവിശ്വാസവും
14 വർഷമായി ബിജെപിയാണ് അധികാരത്തിൽ. പേടിക്കാൻ പല ഘടകങ്ങളുണ്ട്, ആശ്വസിക്കാനും. ഇതാണു ബിജെപിയുടെ സ്ഥിതി. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ തലയെടുപ്പിനു മങ്ങലേറ്റിട്ടില്ല. എന്നാൽ തുടർഭരണത്തിൽ വന്നുചേർന്ന പുഴുക്കുത്തുകളിൽ ജനം അസംതൃപ്തരാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവം, കേന്ദ്ര സർക്കാരിന്റെ വലിയ പിന്തുണ, ബിജെപി അധ്യക്ഷൻ അമിത് ഷായുടെ പ്രചാരണതന്ത്രങ്ങൾ എന്നിവയും ആത്മവിശ്വാസത്തിനു ബലമേകുന്നു.
തിരഞ്ഞെടുപ്പ് അടുത്തുവരവെ ബിജെപിയെ തളർത്തുന്നത് ഉദ്യോഗസ്ഥരുടെയും കര്‍ഷകരുടെയും നിസ്സഹകരണവും പ്രതിഷേധവുമാണ്. ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ വഞ്ചിച്ചെന്നാണു കര്‍ഷകരുടെ പരാതി. വാഗ്ദാനങ്ങൾ പാലിച്ചില്ലെന്നു കുറ്റപ്പെടുത്തലുമുണ്ട്. കർഷക സംഘങ്ങളുടെ കൂട്ടായ്മയായ കണ്‍സോര്‍ഷ്യം ഓഫ് ഇന്ത്യന്‍ ഫാര്‍മേഴ്‌സ് അസോസിയേഷന്‍ (സിഐഎഫ്എ) ബിജെപിക്കെതിരെ വോട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ചു. കേന്ദ്രത്തിനെതിരെ പൊട്ടിപ്പുറപ്പെട്ട കർഷകരോഷം തിരഞ്ഞെടുപ്പിൽ എങ്ങനെ ആളിപ്പടരുമെന്നു നേതാക്കൾക്കു നിശ്ചയമില്ല.
ഉയർന്ന ജാതികളിൽപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പ്രതിഷേധത്തിലാണ്. എസ്‌സി, എസ്ടി വിഭാഗക്കാർക്കെതിരായ കേസിൽ മുന്‍കൂര്‍ ജാമ്യം ലഭിക്കാത്തവിധം കേന്ദ്ര സർക്കാർ കൊണ്ടുവന്ന തീരുമാനങ്ങളും സംവരണവിരുദ്ധ നീക്കത്തിൽ സർക്കാർ മറുപക്ഷത്തു നിൽക്കുന്നതും ഉദ്യോഗസ്ഥക്കൂട്ടത്തെ ചൊടിപ്പിക്കുന്നു. കർഷകരും ഉദ്യോഗസ്ഥരും പ്രധാന വോട്ടുബാങ്കുകളാണ്. തെറ്റായ ഒരു പ്രഖ്യാപനത്തിന്റെയോ നിലപാടിന്റെയോ പേരിൽ ലക്ഷക്കണക്കിന് വോട്ടുകൾ ഒറ്റയടിക്കു നഷ്ടപ്പെടുന്നത് ബിജെപിക്കു ചിന്തിക്കാനേ വയ്യ.
പോരാട്ടച്ചൂടിലേക്കു മാറുന്ന മധ്യപ്രദേശിൽ യുവാക്കളെ ആകർഷിക്കാനുള്ള ശ്രമത്തിലാണു ബിജെപി. വിവിധ മേഖലകളിലെ യുവാക്കളെ പാർട്ടിയിലേക്ക് അടുപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ‘യുവ ടൗൺഹാൾ’ പോലുള്ള പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. 60 ലക്ഷം കന്നിവോട്ടർമാരുണ്ടു സംസ്ഥാനത്ത്. 27 വയസ്സിനു താഴെയുള്ളവർ 1.20 കോടി. ഈ കണക്കുകളാണു യുവാക്കളിലേക്കു കൂടുതൽ ശ്രദ്ധ പതിപ്പിക്കാൻ പ്രേരിപ്പിക്കുന്നത്.
∙ തന്ത്രം തിരിച്ചിറക്കി പോരാട്ടം
തുടർഭരണത്തിന്റെ വളക്കൂറുള്ള മണ്ണാണു മധ്യപ്രദേശ്. ബിജെപിക്കു മുമ്പ് 10 വർഷം തുടർച്ചയായി കോൺഗ്രസായിരുന്നു ഭരണത്തിൽ. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്നു പ്രവചിക്കപ്പെട്ട മധ്യപ്രദേശിൽ കോണ്‍ഗ്രസിനു സാധ്യത വര്‍ധിക്കുന്നുവെന്നാണു റിപ്പോര്‍ട്ട്. തങ്ങളെ അധികാരത്തിൽനിന്നു പുറത്താക്കാൻ പയറ്റിയ അതേ തന്ത്രങ്ങൾ തിരിച്ചിറക്കിയാണു ബിജെപിയെ കോൺഗ്രസ് നേരിടുന്നതെന്നതാണു കൗതുകം. 91 ശതമാനം ഹിന്ദുക്കളുള്ള ഇവിടെ ഹിന്ദുത്വ കാർഡാണ് കോൺഗ്രസിന്റെയും തുറുപ്പുചീട്ട്. അധ്യക്ഷൻ രാഹുല്‍ ഗാന്ധിയുടെ പ്രതിച്ഛായ വർധിക്കുന്നതും വോട്ടാകുമെന്നാണു പ്രതീക്ഷ.
ശിവരാജ് സിങ് ചൗഹാന്റെ പ്രതിച്ഛായ പൊളിക്കൽ, സർക്കാരിനെതിരെ അഴിമതി ഉൾപ്പെടെയുള്ള ആരോപണങ്ങൾ, റഫാൽ ഇടപാട് ഉൾപ്പെടെ കേന്ദ്രത്തിനെതിരായ ആയുധങ്ങളുടെ വിന്യാസം, മാധ്യമങ്ങളോടുള്ള അടുപ്പം, ബുത്തുതലം മുതൽ ചിട്ടയായ പ്രവർത്തനം, നേതാക്കളിലും അണികളിലും പ്രകടമായ ഐക്യം, എണ്ണയിട്ട യന്ത്രം പോലുള്ള വാർ റൂമുകൾ, ഒരേ സമയം ഹിന്ദുത്വവും മതേതരത്വവും പുൽകൽ തുടങ്ങിയ തന്ത്രങ്ങളിലൂടെയാണ് കോൺഗ്രസ് പിടിമുറുക്കുന്നത്. സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരത്തെ പരമാവധി മുതലാക്കാനും അക്കൂട്ടരെ ഒപ്പം നിർത്താനുമുള്ള പദ്ധതികളും സജീവം. മുതിർന്നവരും ഇളമുറക്കാരും തോളോടുതോൾ ചേർന്നു നിൽക്കുന്ന നേതൃശൈലി മാറ്റം സമ്മാനിക്കുമെന്നാണു വിലയിരുത്തൽ.
∙ കാര്യമാകുന്ന ചില കണക്കുകൾ
സംസ്ഥാനത്ത് 1990 മുതലാണു ബിജെപി ആധിപത്യം തുടങ്ങിയത്. 2013ലെ തിരഞ്ഞെടുപ്പിൽ 45 ശതമാനം വോട്ടു നേടിയ പാർട്ടി 72 ശതമാനം സീറ്റും സ്വന്തമാക്കി. 30 വർഷത്തിനിടെ ഏറ്റവും വലിയ വോട്ടുവിഹിതമാണ് കഴിഞ്ഞതവണ ബിജെപി നേടിയത്. കോൺഗ്രസിനേക്കാൾ (36%) 9 ശതമാനം അധികവിഹിതമേ ഉള്ളൂവെങ്കിലും അതെല്ലാം വിജയമാക്കി മാറ്റാൻ ബിജെപിക്കായി.
ഭൂരിപക്ഷത്തിന്റെ കാര്യത്തിലും ബിജെപിക്കാണു നേട്ടം. 230 അംഗ സഭയിൽ 165 സീറ്റാണു പാർട്ടിയുടെ സമ്പാദ്യം. 92 മണ്ഡലങ്ങളിൽ എതിർ സ്ഥാനാർഥിയേക്കാൾ 10 ശതമാനം അധികമാണു ഭൂരിപക്ഷം. 58 സീറ്റുള്ള കോൺഗ്രസിന് 17 ഇടത്തു മാത്രമേ 10 ശതമാനത്തിലധികം ഭൂരിപക്ഷമുള്ളൂ. ജനസംഖ്യയുടെ 21 ശതമാനം പട്ടികവർഗ വിഭാഗക്കാരാണ്. 47 സീറ്റുകൾ ഇവർക്കു സംവരണം ചെയ്തിരിക്കുന്നു. ഇതിൽ 31ലും നേട്ടം കൊയ്യാൻ ബിജെപിക്കു സാധിച്ചു. ആദിവാസി മേഖലകളിൽ നിശബ്ദം പ്രവർത്തിക്കുന്ന സംഘപരിവാർ സ്വാധീനമാണു സംവരണ സീറ്റുകളിലെ വിജയത്തിന്റെ കാതൽ.
എസ്‌സി/എസ്ടി വിഭാഗങ്ങളെ പ്രീതിപ്പെടുത്താനായി കേന്ദ്ര സർക്കാർ കൊണ്ടുവന്ന പട്ടികജാതി–പട്ടികവർഗ നിയമം, സംഘപരിവാറിന്റെ പ്രവർത്തന മൂലധനത്തിനൊപ്പം ദലിത് വോട്ടുബാങ്കിനെ കൂടെനിർത്താൻ ബിജെപിക്കു സഹായകമാണ്. തിരിച്ചടിയാവുന്നതും ഇതേ നിയമമാണ്. ഭൂരിപക്ഷ സമുദായമായ ഹിന്ദുക്കളിലെ ഉയർന്ന ജാതിക്കാരായ സർക്കാർ ഉദ്യോഗസ്ഥർക്കു നിയമത്തോടുള്ള രോഷം അടങ്ങിയിട്ടില്ല. ഈ 2 വോട്ടുബാങ്കുകളെ എങ്ങനെ പിണക്കാതെ നിർത്തും എന്നതിലാണ് ബിജെപിയുടെ വിജയമിരിക്കുന്നത്.
അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പുകളിലെ തോൽവി, അഭിപ്രായ സർവേകളിലെ അശുഭ സൂചനകൾ, അഴിമതി ആരോപണങ്ങൾ, നോട്ടയുടെ സ്വാധീനം തുടങ്ങി ഒരുപിടി തടസ്സങ്ങളാണു ബിജെപിയെ കാത്തിരിക്കുന്നത്. ഭരണകക്ഷിയുടെ ക്ഷീണം ഗുണമാക്കാനുള്ള അക്ഷീണ പ്രയത്നത്തിലാണു കോൺഗ്രസ്. 2019ൽ നടക്കാനിരിക്കുന്ന മഹാപോരാട്ടത്തിന്റെ, രാജ്യത്തിന്റെ ഭാവിഭരണത്തിന്റെ ലിറ്റ്മസ് ടെസ്റ്റ് കൂടിയാകും മധ്യപ്രദേശ് തിരഞ്ഞെടുപ്പെന്ന് എല്ലാവരും തിരിച്ചറിയുന്നു, ആവനാഴിയിലെ അമ്പുകളിലും കാണാം ഈ ജാഗ്രത.