ബ്രൂവറികള്‍ വീണ്ടും: വിവാദങ്ങളില്ലാതെ പുതിയ മദ്യനിര്‍മാണശാല, നടപടികള്‍ മുന്നോട്ട്

കോഴിക്കോട്∙ സംസ്ഥാനത്ത് പുതിയ ബ്രൂവറികള്‍ക്കും ഡിസ്റ്റിലറികള്‍ക്കും വിവാദങ്ങളില്ലാതെ അനുമതി നല്‍കുന്ന കാര്യം വിദഗ്ധസമിതി പരിശോധിക്കുകയാണെന്ന് എക്സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്. സര്‍ക്കാര്‍ റദ്ദാക്കിയ അനുമതികള്‍ സമിതിയുടെ റിപ്പോര്‍ട്ട് വന്നശേഷം മാത്രമേ പരിഗണിക്കൂ. വിവാദങ്ങള്‍ സര്‍ക്കാരിന്റെ ലഹരിബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളെ പിന്നോട്ടടിക്കില്ലെന്നും ഋഷിരാജ് സിങ് മനോരമ ന്യൂസിനോടു പറഞ്ഞു.

ബ്രൂവറി, ഡിസ്റ്റിലറി അനുമതിയുമായി ബന്ധപ്പെട്ട ആക്ഷേപം അവസാനിച്ചു. പരാതിരഹിത നടപടികള്‍ക്കായി വിദഗ്ധസമിതിയുടെ രണ്ടാമത്തെ യോഗം ഉടന്‍ ചേരും. വിവാദങ്ങള്‍ സര്‍ക്കാരിന്റെ ലഹരിനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്കു തടസമാകില്ല. രണ്ടാഴ്ചയ്ക്കുള്ളില്‍ പതിനാല് ജില്ലകളിലും എക്സൈസിന്റെ ലഹരിവിമുക്തി കേന്ദ്രങ്ങള്‍ തുടങ്ങും.

ലഹരിവില്‍പനക്കാരെ ധാരാളമായി പിടികൂടുന്നുണ്ടെന്നു ഋഷിരാജ് സിങ് പറഞ്ഞു. കുട്ടികളുള്‍പ്പെടെ ലഹരിക്ക് അടിമപ്പെട്ടവരെ ജീവിതത്തിലേക്കു തിരികെയെത്തിക്കാന്‍ കൃത്യമായ നടപടികള്‍ തുടങ്ങിയിട്ടുണ്ട്. പതിനാല് ജില്ലകളിലും ആരോഗ്യവകുപ്പുമായി സഹകരിച്ച് എക്സൈസിന്റെ വിമുക്തി കേന്ദ്രങ്ങള്‍ തുടങ്ങും. കുട്ടികള്‍ക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിനു ഫലപ്രദമായ നടപടികളാണ് പൂര്‍ത്തിയാക്കിയിട്ടുള്ളതെന്നും എക്സൈസ് കമ്മിഷണര്‍ വിശദീകരിച്ചു.

കുട്ടികളിലെ ലഹരി ഉപയോഗം നിയന്ത്രിക്കാനുള്ള ഫലപ്രദമായ നടപടികളും തുടങ്ങിയിട്ടുണ്ട്. പരിശോധനയിലൂടെയും ബോധവല്‍ക്കരണം വഴിയും പ്രതിരോധം തീര്‍ക്കുന്നതിനാണ് എക്സൈസിന്റെ ശ്രമമെന്നും കമ്മിഷണര്‍ വ്യക്തമാക്കി.