ചാരക്കേസിൽ ‘നീതി’ കിട്ടിയില്ല; വേദനയും നീറ്റലും ബാക്കിയാക്കി ശർമയുടെ വിടവാങ്ങൽ

ബെംഗളൂരു∙ ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണനൊപ്പം പ്രതി ചേര്‍ക്കപ്പെട്ട് കേരളാ പൊലീസിന്റെ കൊടുംപീഡനത്തിന് ഇരയായ എസ്‌.കെ. ശര്‍മ അന്തരിച്ചു. അര്‍ബുദബാധയെ തുടര്‍ന്നു ചികിത്സയിലായിരുന്നു. നമ്പി നാരായണനു നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീംകോടതി വിധി വന്നതിനെ തുടര്‍ന്നു തനിക്കും നീതി ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ശര്‍മ. ചാരനെന്ന മുദ്രകുത്തി അറസ്റ്റ് ചെയ്യപ്പെട്ടു കൊടുംപീഡനങ്ങള്‍ക്കു വിധേയനായ ശര്‍മയെ 1998ല്‍ കേസില്‍നിന്നു കുറ്റവിമുക്തനാക്കിയിരുന്നു. ജയില്‍മോചിതനായശേഷം സമൂഹത്തില്‍ ഒറ്റപ്പെട്ടു പോയ ശര്‍മ കഴിഞ്ഞ 20 വര്‍ഷമായി നഷ്ടപരിഹാരത്തിനായുള്ള നിയമപോരാട്ടത്തിലായിരുന്നു. 

നമ്പി നാരായണനെ അറിയുമോ എന്നു ചോദിച്ചാണു തിരുവനന്തപുരത്തെ സ്‌റ്റേഷനില്‍ പൊലീസുകാര്‍ കൊടിയ മര്‍ദനം നടത്തിയതെന്നു ശര്‍മ നവംബറില്‍ ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ഇരുവരും തമ്മില്‍ യാതൊരു ബന്ധവും ഉണ്ടായിരുന്നില്ലെന്നും കേസില്‍ കുടുങ്ങിയശേഷം ജയിലില്‍ വച്ചാണ് കണ്ടുമുട്ടിയതെന്നും ശര്‍മയുടെ മകള്‍ മോനിഷ പറഞ്ഞു. കേസിനെ കുറിച്ചു പറയുമ്പോള്‍ അദ്ദേഹം കരയുമായിരുന്നുവെന്നും മോനിഷ കൂട്ടിച്ചേര്‍ത്തു. 

മനമറിയാതെ ചാരക്കേസില്‍ 

റഷ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ പ്രതിനിധിയായ ഡി. ചന്ദ്രശേഖര്‍ പറഞ്ഞതനുസരിച്ചു മാലി സ്വദേശിനിയുടെ കുട്ടിക്ക് ബെംഗളൂരുവിലെ ഒരു സ്‌കൂളില്‍ അഡ്മിഷന്‍ നേടികൊടുത്തതാണു ശര്‍മയെ ചാരക്കേസില്‍ കുടുക്കിയത്. ചന്ദ്രശേഖറിനെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. പിന്നെ ശര്‍മയുടെ വീട്ടിലും ഫാക്ടറിയിലും പൊലീസ് നിരന്തരം എത്തിത്തുടങ്ങി. ഐഎസ്ആര്‍ഒയുടെ വിവരങ്ങള്‍ പാക്കിസ്ഥാനു കൈമാറിയെന്നായിരുന്നു ശര്‍മയില്‍ ചാര്‍ത്തപ്പെട്ട കുറ്റം. തുടര്‍ന്നു ഡിആര്‍ഡിഎ ഗസ്റ്റ് ഹൗസിലേക്കു വിളിപ്പിച്ചശേഷം അറസ്റ്റു ചെയ്യുകയായിരുന്നു. രണ്ടു ദിവസം ഭക്ഷണമോ മരുന്നോ ഇല്ലാതെ ഇരുത്തിയശേഷം തിരുവനന്തപുരത്തെത്തി സിബി മാത്യൂസിനെ കാണാമെന്ന ഉറപ്പില്‍ മോചിപ്പിച്ചു. 

അഭിഭാഷകനായ ടോമി സെബാസ്റ്റ്യനൊപ്പമാണു ശര്‍മ തിരുവനന്തപുരത്തെത്തിയത്. ചോദ്യം ചെയ്ത അരമണിക്കൂറിനകം വിട്ടയക്കാമെന്ന് അഭിഭാഷകന് ഉറപ്പു നല്‍കിയ ശേഷമാണു പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. അവിടെ ഒരു ബെഞ്ചില്‍ ഒരു രാത്രിയിലെ കാത്തിരിപ്പിനുശേഷം നടന്നതു ക്രൂരമായ പീഡനങ്ങള്‍. ശാസ്ത്രജ്ഞനായ നമ്പി നാരായണനുമായുള്ള ബന്ധത്തെക്കുറിച്ചായിരുന്നു ചോദ്യങ്ങള്‍. അറിയില്ലെന്ന ഉത്തരം പൊലീസുകാരെ തൃപ്തിപ്പെടുത്തുന്നതായിരുന്നില്ല. 

കൊടുംക്രൂരത ശര്‍മയുടെ വാക്കുകളില്‍ 

''പിന്നീട് അവര്‍ എന്നെ ചൂരല്‍ കൊണ്ട് അടിക്കാന്‍ തുടങ്ങി. ചവിട്ടലും അടിയും നിര്‍ത്താതെ തുടര്‍ന്നു. അരമണിക്കൂര്‍ ഒരു പൊലീസുകാരന്‍ മര്‍ദിക്കും, അയാള്‍ തളര്‍ന്നാല്‍ മറ്റൊരാള്‍ അടി തുടരും. ഞാന്‍ ചാരനാണെന്ന് ആരോപിച്ചായിരുന്നു ക്രൂര മര്‍ദ്ദനം. എന്തിനാണ് ഇത്തരത്തില്‍ പെരുമാറുന്നതെന്ന് ഞാന്‍ ഉറക്കെ ചോദിച്ചുകൊണ്ടിരുന്നു. മലയാളത്തിലെ ഒരു അക്ഷരം പോലും എനിക്കറിയില്ല. അപ്പോഴാണ് എന്നെ അറസ്റ്റ് ചെയ്തതാണെന്ന് അവര്‍ പറഞ്ഞത്. ഐഎസ്ആര്‍ഒ എന്നാല്‍ എന്താണെന്നോ അതിന്റെ അര്‍ഥമെന്തന്നോ എനിക്കറിയില്ലെന്ന് ഞാന്‍ പറഞ്ഞു. ഐഎസ്ആര്‍ഒയിലെ ഒരാളെപ്പോലും അറിയില്ലെന്നും പറഞ്ഞെങ്കിലും അവരതു കാര്യമായി എടുത്തില്ല. മൂന്നു ദിവസം എന്നെ നിലത്തിരിക്കാന്‍ പോലും അവര്‍ അനുവദിച്ചില്ല. ഇന്നും എനിക്കു നേരെ നടക്കാന്‍ കഴിയില്ല. വല്ലാത്ത ഭയമാണ് ഇപ്പോഴും.'' - ശര്‍മ ഓര്‍ക്കുന്നു. സിബിഐ കേസ് ഏറ്റെടുത്തെങ്കിലും ശര്‍മ 50 ദിവസം കസ്റ്റഡിയിലായിരുന്നു, പിന്നീടാണു ജാമ്യം ലഭിച്ചതു പുറത്തിറങ്ങിയത്.  

കുടുംബം അനുഭവിച്ച നരകയാതന

''രണ്ടു വയസുകാരിയായിരുന്ന മകള്‍ മോനിഷയുമൊത്ത് ഭാര്യ എന്നെ കാണാന്‍ ജയിലില്‍ എത്തിയിരുന്നു. അവള്‍ക്ക് ഒരു ചോക്കലേറ്റ് കൊടുക്കാന്‍ എന്നെ അനുവദിക്കണമെന്നും അഭ്യര്‍ഥിച്ചു. ജയില്‍ വസ്ത്രങ്ങള്‍ മാറ്റി, പകരം സാധാരണ വസ്ത്രങ്ങളില്‍ കൂടിക്കാഴ്ച നടത്താന്‍ അനുവദിക്കണമെന്നും അവള്‍ അഭ്യര്‍ഥിച്ചു. ഒടുവില്‍ പാന്റും ഷര്‍ട്ടും ധരിക്കാന്‍ കുറച്ചു നേരത്തേക്ക് എനിക്കവര്‍ അനുമതി നല്‍കി. അവള്‍ക്ക് ഞാന്‍ ചോക്കലേറ്റ് നല്‍കുമ്പോള്‍ ഞങ്ങള്‍ ശരിക്കും കരയുകയായിരുന്നു. ജയില്‍മോചിതനായശേഷം സമൂഹം തീര്‍ത്തും ഒറ്റപ്പെടുത്തിയ അവസ്ഥയിലായിരുന്നു. പെണ്‍മക്കളെ സ്‌കൂളില്‍നിന്നും പുറത്താക്കി. നിങ്ങള്‍ ചാരന്‍മാരാണെന്നും രാജദ്രോഹികളാണെന്നുമുള്ള ആരോപണങ്ങളാണു സ്‌കൂളില്‍ അവര്‍ക്ക് നേരിടേണ്ടി വന്നത്. അധ്യാപകരുടെ ഭാഗത്തുനിന്നു പോലും ക്രൂരമായ രീതിയിലുള്ള പരിഹാസമാണു നേരിടേണ്ടി വന്നത്. ഞാന്‍ ക്ലബില്‍ പോകുമ്പോള്‍ പരിചയക്കാരെല്ലാവരും ഒഴിഞ്ഞു പോകുന്ന അവസ്ഥ വന്നതോടെ അവരുടെ സമാധാനം കളയേണ്ടെന്നും ക്ലബില്‍ പോകേണ്ടെന്നുമുള്ള തീരുമാനത്തില്‍ എത്തുകയായിരുന്നു.''