ശബരിമല: സംഘര്‍ഷത്തിന് കോടതിയെ കരുവാക്കേണ്ടെന്ന് ഹൈക്കോടതി

കൊച്ചി∙ ശബരിമല വിഷയത്തില്‍ സംഘര്‍ഷമുണ്ടാക്കാന്‍ കോടതിയെ ഉപയോഗിക്കരുതെന്നു ഹൈക്കോടതി. അയ്യപ്പഭക്തന്‍ പൊലീസ് നടപടിയില്‍ കൊല്ലപ്പെട്ടെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് കോടതിയുടെ പരാമര്‍ശം. തല്‍ക്കാലം ഈ വിഷയത്തില്‍ ഇടപെടുന്നില്ല എന്ന നിലപാടാണു ഹൈക്കോടതി കൈക്കൊണ്ടത്. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. ശബരിമലയിലെ പൊലീസ് നടപടികൾ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ വേണമെന്ന് ആവശ്യപ്പെട്ട് എസ്. ജയരാജ് നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

ഹര്‍ജി പരിഗണിക്കുന്നതിനിടെ ളാഹയില്‍ അയ്യപ്പഭക്തന്‍ കൊല്ലപ്പെട്ട കാര്യം അറിയിച്ചു. അപ്പോഴാണ് വീണ്ടും സംഘര്‍ഷമുണ്ടാക്കാന്‍ കോടതിയെ ഉപയോഗിക്കരുതെന്ന് ജസ്റ്റിസുമാരായ ദേവന്‍ രാമചന്ദ്രന്‍, പി.ആര്‍.രാമചന്ദ്ര മേനോൻ എന്നിവർ പറഞ്ഞത്. ശിവദാസന്‍ മരിച്ചതിനെപ്പറ്റി പൊലീസ് അന്വേഷണം നടക്കുന്നതേയുള്ളൂ എന്നും തങ്ങളറിഞ്ഞത് അദ്ദേഹം വാഹനാപകടത്തിലാണു മരിച്ചതെന്നാണല്ലോ എന്നും ജഡ്ജിമാര്‍ പറഞ്ഞു. പൊലീസ് അന്വേഷിക്കുന്ന വിഷയമായതിനാല്‍ കൂടുതല്‍ പരാമര്‍ശങ്ങളിലേക്കു കോടതി കടന്നില്ല.