കൊച്ചി∙ ശബരിമല സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ പ്രതി ചേർക്കാവൂയെന്നു ഹൈക്കോടതി. കുറ്റകൃത്യത്തിൽ പങ്കാളിത്തം ഉണ്ടെങ്കിൽ മാത്രമേ അറസ്റ്റ് പാടുള്ളൂ. നിലയ്ക്കലും പമ്പയിലും നടന്ന അക്രമത്തിന്റെ വിഡിയോ ദൃശ്യങ്ങൾ ഹാജരാക്കാൻ പൊലീസിനു ഹൈക്കോടതി നിർദേശം നൽകി. സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ റിമാൻഡിൽ കഴിയുന്ന തൃപ്പൂണിത്തുറ സ്വദേശിയായ ഗോവിന്ദ് മധുസൂദൻ സമർപ്പിച്ച ജാമ്യാപേക്ഷയിലാണു ഹൈക്കോടതിയുടെ നിർദേശം. ജാമ്യാപേക്ഷ ഹൈക്കോടതി ഉച്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കും.
ശബരിമല വിഷയത്തില്‍ സംഘര്‍ഷമുണ്ടാക്കാന്‍ കോടതിയെ ഉപയോഗിക്കരുതെന്നു മറ്റൊരു ഹർജിയിൽ ഹൈക്കോടതി രാവിലെ വ്യക്തമാക്കിയിരുന്നു. അയ്യപ്പഭക്തന്‍ പൊലീസ് നടപടിയില്‍ കൊല്ലപ്പെട്ടെന്ന ആരോപണത്തോടാണു പരാമര്‍ശം. തല്‍ക്കാലം ഈ വിഷയത്തില്‍ ഇടപെടരുത് എന്ന നിലപാടാണു ഹൈക്കോടതി കൈക്കൊണ്ടത്. ശബരിമലയിലെ പൊലീസ് നടപടികൾ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ വേണമെന്ന് ആവശ്യപ്പെട്ട് എസ്. ജയരാജ് നൽകിയ ഹർജിയിലായിരുന്നു ഇത്.