ന്യൂഡൽഹി∙ മുത്തലാഖ് ഓർഡിനൻസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. സെപ്റ്റംബർ 19 നാണ് കേന്ദ്രസർക്കാർ ഓർഡിനൻസ് ഇറക്കിയത്. രണ്ടു മാസത്തിനുശേഷം ഇതിൽ ഇടപെടാനാവില്ലെന്ന് കോടതി നിലപാടെടുത്തു. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ബില്ലായി വന്നാൽ നോക്കാമെന്നും കോടതി വ്യക്തമാക്കി.
മൂന്ന് തവണ തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്ന പുരുഷന് മൂന്നു വർഷം ജയിൽ ശിക്ഷ നൽകണമെന്നാണ് ഓർഡിനൻസിലെ വ്യവസ്ഥ. വാക്കുകൾ വഴിയോ ടെലിഫോൺ കോൾ വഴിയോ എഴുത്തിലോ ഇലക്ട്രോണിക് മാധ്യമങ്ങളായ വാട്സാപ്, എസ്എംഎസ് വഴിയോ തലാഖ് ചൊല്ലുന്നതു നിയമവിധേയമല്ലെന്നും ബില്ലിൽ പറയുന്നു.
മറ്റു വ്യവസ്ഥകൾ
∙ ഭാര്യയ്ക്കോ രക്തബന്ധുക്കൾക്കോ വിവാഹം വഴി ബന്ധുക്കളായവർക്കോ പൊലീസിൽ പരാതി നൽകാം. അയൽക്കാരും മറ്റും നൽകുന്ന പരാതി സ്വീകരിക്കില്ല.
∙ ഭാര്യ ആവശ്യപ്പെട്ടാൽ മജിസ്ട്രേട്ടിന് കേസ് ഒത്തുതീർപ്പാക്കാം.
∙ രണ്ടു കക്ഷികൾക്കും ചേർന്നു കേസ് പിൻവലിക്കാം.
∙ ഭാര്യയ്ക്കും പ്രായപൂർത്തിയാകാത്ത മക്കൾക്കും ജീവനാംശം നൽകാൻ പ്രതി ബാധ്യസ്ഥൻ.
∙ പ്രായപൂർത്തിയാകാത്ത മക്കളെ വിട്ടുകിട്ടണമെന്നു ഭാര്യയ്ക്ക് ആവശ്യപ്പെടാം. തീരുമാനം മജിസ്ട്രേട്ടിന്റേത്.