ന്യൂഡല്‍ഹി∙ ഗ്രേറ്റര്‍ നോയിഡയിലെ കോളജില്‍നിന്നു കഴിഞ്ഞയാഴ്ച കാണാതായ കശ്മീരി വിദ്യാര്‍ഥി ഇസ്‌ലാമിക് സ്റ്റേറ്റിൽ ചേര്‍ന്നതായി സൂചന. ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയായ അഹ്‌തേഷാം ബിലാല്‍ സോഫി ഐഎസ് പതാകയ്ക്കു മുന്നില്‍ കറുത്ത കുപ്പായവും തലപ്പാവും ധരിച്ചു നില്‍ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. ശ്രീനഗര്‍ സ്വദേശിയായ പതിനേഴുകാരനെ കഴിഞ്ഞ 28 മുതലാണു കാണാതായത്. ഇയാള്‍ ശ്രീനഗറില്‍ മടങ്ങിയെത്തി ഐഎസില്‍ ചേര്‍ന്നുവെന്നാണു പൊലീസ് കരുതുന്നത്.
28-നു ഡല്‍ഹിക്കു പോകാനായി അധികൃതരില്‍നിന്ന് അനുവാദം വാങ്ങിയ ശേഷമാണ് ബിലാല്‍ കോളജ് വിട്ടത്. പിറ്റേന്നു ബിലാല്‍ തിരിച്ചുവരാതിരുന്നതോടെ കോളജ് അധികൃതര്‍ അന്വേഷിച്ചെങ്കിലും വിവരമൊന്നും ലഭിച്ചില്ല. തുടര്‍ന്നു ഗ്രേറ്റര്‍ നോയിഡ പൊലീസ് സ്‌റ്റേഷനില്‍ കുട്ടിയെ കാണാതായതായി പരാതി നല്‍കി. ശ്രീനഗറിലും കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ സിഗ്നല്‍ പിന്തുടര്‍ന്ന പൊലീസ്, ബിലാല്‍ ശ്രീനഗറിലുണ്ടെന്നു 48 മണിക്കൂറിനുള്ളില്‍ കണ്ടെത്തി.
തിങ്കളാഴ്ച പിതാവുമായി സംസാരിച്ച ശേഷം മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു. ഡല്‍ഹി മെട്രോ ട്രെയിനില്‍ കോളജിലേക്കു മടങ്ങുകയാണെന്നാണു പിതാവിനോടു പറഞ്ഞത്. ഇതിനു പിന്നാലെയാണ് ബിലാല്‍ ഐഎസില്‍ ചേര്‍ന്നതായി സമൂഹമാധ്യമങ്ങളില്‍ കുറിപ്പു പ്രത്യക്ഷപ്പെട്ടത്. തെക്കന്‍ കശ്മീരില്‍ ഭീകരര്‍ക്കു സ്വാധീനമുള്ള പുല്‍വാമ ജില്ലയില്‍ ബിലാല്‍ ഉണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നത്. ഇയാളെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണു പൊലീസ്. ഡല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് 28-ന് ഉച്ചയ്ക്കു തന്നെ ബിലാല്‍ ശ്രീനഗറിലേക്കു പോയതായി നോയിഡ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.