ക്യൂബയുമായി ‘അദൃശ്യബന്ധം’; മിസൈലുകൾ ‘ഉയിർത്തെഴുന്നേൽക്കുമെന്നും’ കിം

കിം ജോങ് ഉൻ (ഫയൽ ചിത്രം).

സോൾ∙ ഉത്തരകൊറിയയ്ക്കെതിരെയുള്ള സാമ്പത്തിക ഉപരോധം അവസാനിപ്പിച്ചില്ലെങ്കിൽ ആണവ മിസൈലുകളുടെ നിർമാണത്തിലേക്കു തിരികെ പോകുമെന്ന് കിം ജോങ് ഉൻ. യുഎസിന്റെ ഭാഗത്തു നിന്ന് കൃത്യമായ മറുപടിയുണ്ടായില്ലെങ്കിൽ ആയുധനിർമാണം സംബന്ധിച്ച പഴയ നയത്തിലേക്കു തിരികെപ്പോകുന്ന കാര്യം പ്രാധാന്യത്തോടെ നടപ്പാക്കുമെന്നും ഉത്തരകൊറിയൻ ഭരണാധികാരി വ്യക്തമാക്കി.

സാമ്പത്തിക വികസന പ്രക്രിയകൾക്കൊപ്പം ആണവായുധ മേഖലയിലും പുരോഗതി കൈവരിക്കുകയെന്ന നയമായിരുന്നു ഉത്തരകൊറിയയിൽ പ്രയോഗത്തിലുണ്ടായിരുന്നത്. ഇക്കഴിഞ്ഞ ഏപ്രിലിൽ അതിനു മാറ്റം വന്നു. കൊറിയൻ പെനിൻസുലയിൽ സമാധാനം ഉറപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായുള്ള പ്രഖ്യാപനമാണു കിം നടത്തിയത്. ആണവ ‘കൊതി’ തീർന്നു. ഇനി രാജ്യത്തിന്റെ സാമൂഹിക–സാമ്പത്തിക വികസനമാണു ലക്ഷ്യം എന്നായിരുന്നു കിമ്മിന്റെ പ്രസ്താവന.

എന്നാൽ ഈ തീരുമാനം മാറ്റി വീണ്ടും പഴയ കാലത്തേക്കു തിരിച്ചു പോകുമെന്നാണ് ഉത്തരകൊറിയൻ‍ വിദേശകാര്യ മന്ത്രാലയത്തിന്റേതായി കെസിഎൻഎ വാർത്താ ഏജൻസി പുറത്തുവിട്ട റിപ്പോർട്ട്. ജൂണിൽ സിംഗപ്പുറിൽ നടന്ന ഉച്ചകോടിയിൽ കിമ്മും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും കൂടിക്കാഴ്ച നടത്തിയിരുന്നു. ആണവനിരായുധീകരണം സംബന്ധിച്ച വാക്കാലുള്ള ഉറപ്പും കിം അവിടെവച്ചു നൽകി. ഇതിന്റെ ഭാഗമായി പ്രധാന മിസൈൽ കേന്ദ്രമുൾപ്പെടെ ഉത്തരകൊറിയ അടച്ചുപൂട്ടുകയും ചെയ്തു.

മൈക്ക് പോംപെയോയ്ക്കൊപ്പം കിം (ഫയൽ ചിത്രം)

എന്നാൽ പൂർണമായ ആണവനിരായുധീകരണത്തിനു ശേഷം മാത്രമേ സാമ്പത്തിക ഉപരോധം മാറ്റുന്നതിനെപ്പറ്റി ആലോചിക്കൂവെന്നാണു ട്രംപിന്റെ നയം. ഇതിനെ ‘കൊള്ളസംഘത്തിന്റേതു പോലുള്ള നിലപാട്’ എന്നാണു കിം വിശേഷിപ്പിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ പുരോഗതിയും ഉപരോധത്തിന്മേലുള്ള നിലപാടും രണ്ടു വഴിക്കാണ്. ഉത്തര കൊറിയയുടെ ഭാഗത്തു നിന്ന് എല്ലാം ചെയ്തു. എന്നാൽ ഇതിന് അനുയോജ്യമായ മറുപടി യുഎസിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നില്ലെന്നതാണു പ്രശ്നമെന്നും റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ മാസവും കെസിഎൻഎ വാർത്താ ഏജൻസി സമാനമായ വാർത്ത പുറത്തു വിട്ടിരുന്നു.  ഉപരോധ വിഷയത്തിൽ യുഎസ് ‘ഡബിൾ ഗെയിം’ കളിക്കുകയാണെന്നായിരുന്നു അന്നത്തെ വിമർശനം. ഉത്തര കൊറിയയ്ക്കു മേലുള്ള ഉപരോധം മാറ്റുന്നതിൽ നിന്നു ദക്ഷിണ കൊറിയയെ തടയുന്നതും ട്രംപാണെന്നായിരുന്നു അന്നു പരോക്ഷവിമർശനം.  ദക്ഷിണ കൊറിയയിൽ യുഎസിന്റെ 28,500 സൈനികരെ വിന്യസിച്ചിരിക്കുന്നതും കിമ്മിനെ ചൊടിപ്പിക്കുന്നുണ്ട്. എന്നാൽ സിംഗപ്പുറിൽ വച്ചുണ്ടായ കരാർ പ്രകാരമുള്ള എല്ലാ വ്യവസ്ഥകളും പാലിച്ചാൽ മാത്രമേ ഉപരോധത്തെക്കുറിച്ച് ആലോചിക്കുന്നുള്ളൂവെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ വ്യക്തമാക്കി. 

അതിനിടെ ക്യൂബൻ പ്രസിഡന്റ് മിഗ്വേൽ കാനല്‍ ഉത്തരകൊറിയ സന്ദർശിച്ചത് യുഎസ് സംശയത്തോടെയാണു കാണുന്നത്. സന്ദർശനത്തെ ‘ചരിത്രസംഭവം’ എന്നാണ് ഉത്തരകൊറിയ വിശേഷിപ്പിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ‘അദൃശ്യ സൗഹൃദബന്ധ’ത്തെപ്പറ്റിയുള്ള പ്രാധാന്യം ഉത്തരകൊറിയൻ മാധ്യമങ്ങൾ എടുത്തുപറയുകയും ചെയ്തു.  എന്നാൽ സന്ദർശനത്തെപ്പറ്റിയുള്ള കൂടുതൽ വാർത്തകൾ പുറത്തുവന്നിട്ടില്ല.

ക്യൂബൻ പ്രസിഡന്റ് മിഗ്വേൽ കാനല്‍ (ഫയൽ ചിത്രം)

അടുത്തിടെയാണ് ക്യൂബയ്ക്കെതിരെ പുതിയ സാമ്പത്തിക ഉപരോധങ്ങൾ യുഎസ് ഏർപ്പെടുത്തിയത്. ഒരു നൂറ്റാണ്ടു കാലത്തിലേറെയുണ്ടായിരുന്ന ശത്രുതയ്ക്കു ശേഷം 2015ൽ യുഎസും ക്യൂബയും സൗഹൃദത്തിന്റെ പാതയിലെത്തിയിരുന്നു. എന്നാൽ ട്രംപിന്റെ വരവോടെ അതു വീണ്ടും മോശമായി. നിലവിൽ ഉത്തരകൊറിയയ്ക്ക് അടുത്ത ബന്ധമുള്ള രാജ്യങ്ങളിലൊന്ന് ക്യൂബയാണ്.

2016ൽ ഫിദൽ കാസ്ട്രോ അന്തരിച്ചപ്പോൾ ഉത്തരകൊറിയയിൽ മൂന്നു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണമായിരുന്നു. ഉത്തരകൊറിയയ്ക്കെതിരെയുള്ള രാജ്യാന്തര ഉപരോധത്തെയും ക്യൂബ പുച്ഛിച്ചു തള്ളിയിരുന്നു. അഞ്ചു വർഷം മുൻപ് ഉത്തരകൊറിയൻ കപ്പലുകളിലൊന്ന് പാനമ പിടിച്ചെടുത്തിരുന്നു. സോവിയറ്റ് കാലത്തെ ആയുധങ്ങളും ഫൈറ്റർ ജെറ്റുകളും ഒളിപ്പിച്ച നിലയിൽ കടത്തുകയായിരുന്നു കപ്പലിൽ. എന്നാൽ അവ കേടുപാടുകൾ തീർക്കാൻ അയച്ചതായിരുന്നെന്നായിരുന്നു ഉത്തരകൊറിയയുടെ നിലപാട്.