എടിഎം കവർച്ചാ പരമ്പര: മുഖ്യ സൂത്രധാരൻ ഹരിയാനയിൽ പിടിയിൽ

മോഷണം നടന്ന എടിഎമ്മിൽ പൊലീസ് പരിശോധിക്കുന്നു (ഫയൽ ചിത്രം)

കൊച്ചി∙ തൃശൂർ, കൊച്ചി എന്നിവിടങ്ങളിലെ എടിഎം കവര്‍ച്ചാപരമ്പരയിലെ മുഖ്യസൂത്രധാരൻ ഹനീഫ് ഖാന്‍ അറസ്റ്റിൽ. ഹരിയാനയിലെ മേവത്തില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. കൂട്ടുപ്രതികളായ പപ്പി സിങ്ങും നസീം ഖാനും നേരത്തേ പിടിയിലായിരുന്നു. എറണാകുളം ഇരുമ്പനത്തും തൃശൂരും എടിഎം തകർത്ത് 35 ലക്ഷം രൂപ കവർന്ന കേസിലെ മുഖ്യസൂത്രധാരനാണ് ഇയാളെന്നു പൊലീസ് പറഞ്ഞു.

കവർച്ചാ സംഘത്തിലെ മുഖ്യസൂത്രധാരനായ രാജസ്ഥാൻ സ്വദേശി പപ്പി (32) ഡൽഹിയിലാണു പിടിയിലായത്. ഡൽഹിയിലെ ബൈക്ക് മോഷണക്കേസിൽ പ്രതിയായി തിഹാർ ജയിലിലാണ്. സിസിടിവി ദൃശ്യങ്ങളുമായി രാജസ്ഥാൻ പൊലീസിന്റെ സഹായത്തോടെയാണ് ഇയാളെ തിരിച്ചറിഞ്ഞത്. മഹാരാഷ്ട്രയിലെ വിവിധ എടിഎം മോഷണ കേസുകളിലും പ്രതിയാണ്.

കഴിഞ്ഞ ഒക്ടോബർ 12നു പുലർച്ചെയാണ് എടിഎം തകർത്തു പണം കവർന്നത്. എടിഎം കൗണ്ടറിന്റെ ഷട്ടർ അടച്ച ശേഷം ഗ്യാസ് കട്ടർ ഉപയോഗിച്ചു മെഷീൻ പൊളിക്കുകയായിരുന്നു. കൗണ്ടറിലെ ക്യാമറകൾ‌ പെയിന്റ് ചെയ്തു മറച്ചിരുന്നു. കോട്ടയത്തുനിന്നു മോഷ്ടിച്ച പിക്കപ് വാനിലാണു കവർച്ചക്കാർ എത്തിയത്.