കോഴിക്കോട്∙ തർക്കത്തിനിടെ യുവാവ് വാഹനമിടിച്ചു മരിച്ച സംഭവത്തിൽ നെയ്യാറ്റിൻകര ഡിവൈഎസ്പി ഹരികുമാറിനെ സസ്പെൻഡ് ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവിക്കാൻ പാടില്ലാത്തതാണു സംഭവിച്ചത്. അപകടത്തെ കുറിച്ച് എഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്നു രാവിലെയാണു വാഹനം മാറ്റിയിടുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ സനൽകുമാർ എന്ന യുവാവു വാഹനമിടിച്ച് മരിച്ചത്. ഹരികുമാർ യുവാവിനെ നടുറോഡിലേക്കു തള്ളിയിട്ടതാണ് അപകടത്തിനു കാരണമെന്നാണു ദൃക്സാക്ഷികൾ പറയുന്നത്. ഹരികുമാറിനെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടുണ്ട്. റിപ്പോർട്ട് റൂറൽ എസ്പി ഇന്ന് ഡിജിപിക്കു കൈമാറും. ഹരികുമാർ ഇപ്പോൾ ഒളിവിലാണ്.