അഹമ്മദാബാദ്∙ ഫൈസാബാദിന്റെ പേര് അയോധ്യയെന്നാക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ അഹമ്മദാബാദിന്റെ പേരു മാറ്റാനൊരുങ്ങി ഗുജറാത്ത് സര്‍ക്കാര്‍. നിയമതടസങ്ങളൊന്നും ഇല്ലെങ്കില്‍ അഹമ്മദാബാദിന്റെ പേര് കര്‍ണാവതി എന്നാക്കുമെന്നു ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ പറഞ്ഞു.
ലോകപൈതൃക പദവിയുള്ള ഇന്ത്യയിലെ ഏക നഗരമായ അഹമ്മദാബാദിന്റെ പേര് കര്‍ണാവതി എന്നാക്കണമെന്നാണു ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നു മന്ത്രി പറഞ്ഞു. ആശാവല്‍ എന്നാണ് അഹമ്മദാബാദ് മുമ്പ് അറിയപ്പെട്ടിരുന്നത്. അന്‍ഹില്‍വാരയിലെ ചാലൂക്യ രാജാവായിരുന്ന കര്‍ണ, അശാവലിലെ രാജാവിനെ യുദ്ധത്തില്‍ പരാജയപ്പെടുത്തി സബര്‍മതി നദീതീരത്ത് കര്‍ണാവതിയെന്ന നഗരം സ്ഥാപിക്കുകയായിരുന്നു. തുടര്‍ന്ന് എഡി 1411ല്‍ സുല്‍ത്താന്‍ അഹമ്മദ് ഷാ കര്‍ണാവതിക്കു സമീപം രൂപീകരിച്ചതാണ് അഹമ്മദാബാദ് നഗരം.
അഹമ്മദാബാദിന്റെ പേരു മാറ്റാനുള്ള നീക്കം തിരഞ്ഞെടുപ്പ് പ്രചാരണ തട്ടിപ്പാണെന്നു കോണ്‍ഗ്രസ് ആരോപിച്ചു. അയോധ്യയും പേരുമാറ്റവുമൊക്കെ ഹിന്ദു വോട്ടു നേടാനുള്ള ബിജെപിയുടെ തന്ത്രമാണെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് ദോഷി പറഞ്ഞു. അലഹബാദിന്റെ പേര് പ്രയാഗ്‌രാജ് എന്നാക്കിയ ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാര്‍ ഫൈസാബാദിന്റെ പേര് അയോധ്യയെന്ന് ആക്കുമെന്നു കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.