കൊച്ചി ∙ അനധികൃതമായി സൂക്ഷിച്ചു വിതരണം ചെയ്യുകയായിരുന്ന സ്റ്റിറോയിഡ് മരുന്നുകളുമായി ചെങ്ങന്നൂർ സ്വദേശിയും എളമക്കരയിലെ ഓക്സിജൻ ഫിറ്റ്നസ് സെന്റർ ഉടമയുമായ മിറാജ് (27) പിടിയിലായി. ഇയാളുടെ താമസസ്ഥലത്തുനിന്ന് 10 ലക്ഷം രൂപയ്ക്കുമേൽ വിലവരുന്ന വൻ സ്റ്റിറോയിഡ് ശേഖരവും സിറിഞ്ചുകളും കൊച്ചി സിറ്റി ഷാഡോ പൊലീസ് കണ്ടെടുത്തു.
കോളജ് വിദ്യാർഥികൾ ഡോക്ടറുടെ കുറിപ്പ് ഇല്ലാതെ സ്റ്റിറോയിഡ് മരുന്നുകൾ അനധികൃതമായി ഉപയോഗിക്കുന്നുണ്ടെന്നു സിറ്റി കമ്മിഷണർ എം.പി.ദിനേശിനു ലഭിച്ച വിവരത്തെ തുടർന്നുള്ള നിരീക്ഷണത്തിലാണു പ്രതി പിടിയിലായത്. ബോഡി ബിൽഡിങ് ചെയ്യുന്നവർക്കു ശരീരപുഷ്ടി വരാനാണു സ്റ്റിറോയിഡുകൾ ഉപയോഗിക്കുന്നത്. മനുഷ്യശരീരത്തെ സാരമായി ബാധിക്കുന്ന ഇത്തരം കെമിക്കലുകളുടെ ഉപയോഗം കിഡ്നി ഉൾപ്പെടെയുള്ള അവയവങ്ങളുടെ പ്രവർത്തനത്തെ താറുമാറാക്കും.
ഇറക്കുമതി ചെയ്യുന്ന ഇനത്തിൽപ്പെട്ട സ്റ്റിറോയിഡുകൾ ചെന്നൈയിൽ നിന്നാണ് എത്തിച്ചിരുന്നത്. മൃഗങ്ങളിൽ കുത്തിവയ്ക്കുന്ന ഇനത്തിൽപ്പെട്ട സ്റ്റിറോയിഡുകൾ വരെ ഇത്തരത്തിൽ വിറ്റഴിച്ചിരുന്നു. ഒരു സ്റ്റിറോയിഡ് ഇൻജക്‌ഷന് 3000 രൂപയാണ് ഈടാക്കിയിരുന്നത്. ജില്ലാ ക്രൈംബ്രാഞ്ച് എസിപി ബിജി ജോർജിന്റെ നേതൃത്വത്തിൽ ഷാഡോ എസ്ഐ എ.ബി.വിപിൻ, എളമക്കര എസ്ഐ പ്രജീഷ് ശശി, ഷാഡോ പൊലീസുകാരായ അഫ്സൽ, സാനുമോൻ, വിശാൽ, യൂസഫ്, പ്രശാന്ത്, രഞ്ജിത്, സുനിൽ എന്നിവർ ചേർന്നാണു പ്രതിയെ പിടികൂടിയത്.