കൊച്ചി∙ നഗരത്തില്‍ പട്ടാപ്പകൽ വെടിവയ്പ്. പനമ്പിള്ളി നഗറിലെ ബ്യൂട്ടിപാര്‍ലറിലാണു വെടിവയ്പുണ്ടായത്. വൈകിട്ട് മൂന്നരയ്ക്കു ബൈക്കിലെത്തിയ രണ്ടുപേരാണു വെടിവച്ചത്. ബ്യൂട്ടിപാര്‍ലര്‍ ഉടമയ്ക്കു പണം ആവശ്യപ്പെട്ടു പലതവണ ഫോണിൽ ഭീഷണിസന്ദേശം ലഭിച്ചിരുന്നു. മുംബൈ അധോലോക നേതാവ് രവി പൂജാരയുടെ പേരിലായിരുന്നു ഫോൺ.
25 കോടി രൂപയാണ് ഇവർ ആവശ്യപ്പെട്ടത്. എന്നാൽ പണം നൽകാൻ ഉടമ തയാറായില്ല. പൊലീസിൽ പരാതി നൽകി. ഇതിന്റെ വൈരാഗ്യം തീർക്കാനാണ് അക്രമികൾ വെടിവയ്പ് നടത്തിയതെന്നു കരുതുന്നു. വെടിവയ്പിനു ശേഷം ഇവർ രക്ഷപ്പെട്ടു. രക്ഷപ്പെടുന്നതിനിടെ മുംബൈ അധോലോക ഗുണ്ടയുമായി ബന്ധമുണ്ടെന്നു സൂചിപ്പിക്കുന്ന ഒരു കടലാസ് സ്ഥലത്തു ഉപേക്ഷിക്കുകയും ചെയ്തു. സംഭവത്തിൽ ആർക്കും പരുക്കില്ല.
നടി ലീന മരിയ പോളിന്റേതാണു സ്ഥാപനം. ചെന്നൈ കനറ ബാങ്കില്‍ നിന്നു 19 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതിയാണ് ഇവർ. സംഭവസമയത്തു ഇവർ സ്ഥലത്തുണ്ടായിരുന്നില്ല. ജീവനക്കാരും ബ്യൂട്ടിപാർലറിലെത്തിയ മറ്റു ചിലരുമാണുണ്ടായിരുന്നത്. പനമ്പിള്ളി നഗറിലെ തിരക്കേറിയ സ്ഥലത്താണ് ബ്യൂട്ടിപാർലർ സ്ഥിതി ചെയ്യുന്നത്. പൊലീസെത്തി തെളിവെടുത്തു.
ലീന തട്ടിപ്പുകേസുകളിലെ പ്രതി
പനമ്പള്ളി നഗറിൽ വെടിവയ്പുണ്ടായ ബ്യൂട്ടിപാർലറിന്റെ ഉടമ നടി ലീന മരിയ തട്ടിപ്പു കേസുകളിലെ പ്രതി. 20 കോടിയോളം രൂപയുടെ തട്ടിപ്പുകേസിൽ ഇവർ നേരത്തെ പൊലീസ് പിടിയിലായിരുന്നു. ബാങ്കുവായ്പ എടുത്ത് തട്ടിപ്പ് നടത്തിയതിനു ചെന്നൈയിലെ എഗ്മോറിൽ ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ആഡംബര ജീവിതം നയിച്ചിരുന്ന ഇവർക്കു ബിഎംഡബ്ല്യു, ലാൻഡ്ക്രൂയിസർ, ഓഡി, നിസാൻ തുടങ്ങി 9 ആഡംബര വാഹനങ്ങളാണ് അന്ന് പൊലീസ് പിടിച്ചെടുത്തത്. മലയാളത്തിൽ റെഡ് ചില്ലീസ്, ഹസ്ബന്റ്സ് ഇൻ ഗോവ, കോബ്ര തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.