സിനിമാ അവസരമെന്ന് വാഗ്ദാനം: വിദ്യാർഥിനിയെ മാനഭംഗപ്പെടുത്തിയ കേസിൽ അറസ്റ്റ്

പ്രതീകാത്മക ചിത്രം

പാലാരിവട്ടം∙ സിനിമയിൽ അഭിനയിപ്പിക്കാമെന്നു വാഗ്ദാനം നൽകി ലോഡ്ജ് മുറിയിൽ വിദ്യാർഥിനിയെ മാനഭംഗപ്പെടുത്തിയ കേസിൽ ചാവക്കാട് വൈലത്തൂർ ഞമനങ്ങാട് കര കൊട്ടാരപ്പാട്ട് വീട്ടിൽ ഇസ്മയിലിനെ (46) പൊലീസ് അറസ്റ്റ് ചെയ്തു. ഓൺലൈൻ സൈറ്റിൽ പരസ്യം കണ്ടാണു വിദ്യാർഥിനിയും കൂട്ടുകാരും ഇയാളുടെ വലയിൽ വീണത്.

സിനിമാ ബന്ധങ്ങളുണ്ടെന്നും ആങ്കറിങ്ങിനടക്കം അവസരങ്ങൾ നൽകാമെന്നും ‍ഇയാൾ ഇവരെ വിശ്വസിപ്പിച്ചു. രണ്ട് പേരെ മാത്രം തിരഞ്ഞെടുത്തതായും ഇന്റർവ്യൂ നടത്തണമെന്നും പറ‍​ഞ്ഞു വിളിച്ചു വരുത്തുകയായിരുന്നു. ഇതിനു വിദ്യാർഥിനി മാത്രമാണെത്തിയതെന്നും തുടർന്നു കാറിൽ കയറ്റി ലോഡ്ജ് മുറിയിൽ കൊണ്ടുപോയി മാനഭംഗപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഫോൺ നമ്പർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു ചാവക്കാട്ടെ വീട്ടിൽ നിന്നു പ്രതിയെ അറസ്റ്റ് ചെയ്തത്.

അസി. കമ്മിഷണർ കെ.ലാൽജിയുടെ നിർദേശപ്രകാരം സ്റ്റേഷൻ ഹൗസ് ഓഫിസർ എസ്.സനലിന്റെ നേതൃത്വത്തിൽ എസ്ഐ വി.എൻ.ജിബി, എഎസ്ഐ സുരേഷ്കുമാർ, സീനിയർ സിപിഒ ഗിരീഷ് കുമാർ, സിപിഒമാരായ മാഹിൻ, വിപിൻ, വിജിൽ വർഗീസ് എന്നിവരടങ്ങിയ സംഘമാണു പ്രതിയെ പിടികൂടിയത്.