റഫാൽ: കരാര്‍ ഒരു വര്‍ഷത്തെ ചര്‍ച്ചയ്ക്കു ശേഷം; കേന്ദ്രം രേഖകൾ കൈമാറി

ന്യൂഡൽഹി∙ 36 റഫാൽ ജെറ്റുകൾ വാങ്ങാനുള്ള തീരുമാനം എടുത്തതിനെക്കുറിച്ചുള്ള വിവരങ്ങൾ സുപ്രീം കോടതിയുടെ നിർദേശം അനുസരിച്ചു കേന്ദ്രം ഹർജിക്കാർക്കു നൽകി. ‍‌‍2013ലെ പ്രതിരോധ സാമഗ്രികൾ വാങ്ങൽ നടപടിക്രമങ്ങൾ അനുസരിച്ചാണു റഫാൽ ഇടപാട് നടന്നതെന്നു രേഖകൾ പറയുന്നു. ഇടപാടിനായി ഡിഫൻസ് അക്വിസിഷൻ കൗൺസിലിന്റെ അനുമതി നേടിയിരുന്നെന്നും ഫ്രാൻസുമായി ചർച്ചകൾ നടന്നിരുന്നുവെന്നും രേഖകൾ പറയുന്നു. വിഷയം ഇനി ബുധനാഴ്ച പരിഗണിക്കും.

അതേസമയം, വിമാനങ്ങളുടെ വിലവിവരം മുദ്രവച്ച കവറിൽ കേന്ദ്രത്തിനു നൽകിയെന്നും റിപ്പോർട്ടുകളുണ്ട്. 10 ദിവസത്തിനുള്ളിൽ മുദ്രവച്ച കവറിൽ വിലവിവരം കൈമാറണമെന്നായിരുന്നു കോടതിയുടെ ‌നിർദേശം. എന്നാൽ ഈ കാര്യങ്ങൾ രാജ്യസുരക്ഷയുടെ പരിധിയിൽ വരുന്നതാണെന്നാണു സർക്കാരിന്റെ വാദം. ഇടപാടിന്റെ വിശദാംശങ്ങൾ റിപ്പോർട്ടായി സമർപ്പിച്ചിട്ടുണ്ട്. ദാസോ, റിലയൻസിനെ പങ്കാളിയാക്കിയതിൽ കേന്ദ്രത്തിനു പങ്കില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

ഒരു വർഷത്തോളം ചർച്ചകൾ നടത്തിയശേഷമാണു കരാർ ഉറപ്പിച്ചത്. സുരക്ഷാകാര്യ മന്ത്രിസഭാ കമ്മിറ്റിയുടെ അംഗീകാരം നേടിയിട്ടുണ്ട്. ഈ അംഗീകാരം ഇരു രാജ്യങ്ങളും കരാർ ഒപ്പിടുന്നതിനു മുൻപുതന്നെ നേടിയിരുന്നെന്നും രേഖകൾ പറയുന്നു. ഒക്ടോബർ 31ലെ സുപ്രീം കോടതിയുടെ ഉത്തരവ് അനുസരിച്ചാണ് രേഖകൾ ഹർജിക്കാർക്കു നൽകിയത്.