(ശുദ്ധ) വായു വിശേഷം
ശുദ്ധമായ പാല്, തേൻ, കള്ള് എന്നൊക്കെ പറയുന്നതുപോലെയാണ് ശുദ്ധവായു. പക്ഷെ ഇന്നത് കിട്ടാക്കനിയാണ്. അസൂയപ്പെട്ടിട്ടു കാര്യമില്ല. പോളിയോ നിർമാർജനത്തിലും സാക്ഷരതയിലും ജനസംഖ്യാ നിയന്ത്രണത്തിലും പട്ടിണിനിർമാജനത്തിലും ദേശീയമാതൃക സൃഷ്ടിച്ച പത്തനംതിട്ടയിൽ അത് സുലഭം.
പ്രളയം കഴുത്തിനു പിടിച്ചിട്ടും ശുദ്ധവായുവിന്റെ കാര്യത്തിൽ ജില്ല സമ്പന്നമാണ്. ശ്വാസം മുട്ടുന്ന പാവം ഡൽഹിക്കാർക്കു വേണമെങ്കിൽ ഇവിടെ വന്നു താമസിക്കാം. ഇന്ത്യയിലെ ഏറ്റവും വിഷവായു നിറഞ്ഞ നഗരത്തെയും ഏറ്റവും നല്ല വായു ഉള്ള നഗരത്തെയും താരതമ്യം ചെയ്യുമ്പോൾ പത്തനംതിട്ടയ്ക്ക് വലിച്ചുവിടാനുള്ളത് ചില ശുദ്ധവായുവിശേഷങ്ങൾ. മറ്റുള്ളവർക്ക് ഉള്ളിലേക്ക് വലിക്കാൻ കഴിയുമോ ഈ മാതൃക?
പത്തനംതിട്ട എന്തുകൊണ്ട് ഇത്ര ശുദ്ധം?
പത്തനംതിട്ട ഇപ്പോഴും ഗ്രാമം പോലെ. എങ്ങും വൃക്ഷങ്ങളും പച്ചപ്പും. പാടങ്ങൾ ധാരാളം. ചുറ്റും മലകൾ. ഇടയ്ക്കിടെ മഴയും കരയിലേക്കു കയറിവരുന്ന തണുത്ത കടൽക്കാറ്റും. സ്വകാര്യ വാഹനങ്ങളുടെ എണ്ണം താരതമ്യേന കുറവ്. വൻകിട വ്യവസായങ്ങൾ ഇല്ല. എന്നാൽ പാറമടകൾ അടുത്ത കാലത്ത് പെരുകി.
20 പത്തനംതിട്ട = ഒരു ഡൽഹി
ഇന്ത്യയുടെ തലസ്ഥാന നഗരിയിലെ ആകെ വാഹനങ്ങളുടെ എണ്ണം 1.56 കോടി. ഇതിൽ 31.7 ലക്ഷം കാർ. 66 ലക്ഷം ഇരുചക്ര വാഹനങ്ങൾ. 2.25 ലക്ഷം ലോറി. പൊതുവാഹനമായ ബസുകളുടെ എണ്ണം 35332 മാത്രം. ഹരിയാനയിലും യുപിയിലും കൃഷി കഴിഞ്ഞ പാടത്ത് തീയിടുന്നു. ഡൽഹി ഉൾപ്പെടുന്ന നാഷനൽ ക്യാപ്പിറ്റൽ റീജിയൻ (എൻസിആർ) വിസ്തൃതി 54, 984 ചതുരശ്ര കിലോമീറ്റർ. ഇതിൽ ഹരിയാന, യുപി, രാജസ്ഥാൻ സംസ്ഥാനങ്ങളിലെ ഏതാനും പ്രദേശങ്ങളും. ആകെ 19 ജില്ല. ജനസംഖ്യ: 4.61 കോടി. നഗരവൽക്കരണത്തിന്റെ തോത്: 62 ശതമാനം. ഒരു മണിക്കൂറിൽ താഴുകയും പൊങ്ങുകയും ചെയ്യുന്ന ബോയിങ് വിമാനങ്ങളുടെ എണ്ണം 82.
എന്നാൽ പത്തനംതിട്ട ജില്ലയുടെ മൊത്തം വിസ്തൃതി 2,642 ചതുരശ്ര കിമീ. അതായത് ഏകദേശം 20 പത്തനംതിട്ട ചേരുന്നതാണ് ഒരു ഡൽഹി. ഇവിടെയാണ് കേരളത്തിലെ ഏറ്റവും വിസ്തൃതി കൂടിയ ഫോറസ്റ്റ് റേഞ്ച്– റാന്നി. ജില്ലയുടെ ആകെ വിസ്തൃതിയിൽ 50 ശതമാനവും വനം (1385 ചതുരശ്ര കിമീ).
ജനസംഖ്യ താഴോട്ട്
പത്തനംതിട്ടയിലെ ജനസംഖ്യ: 11.97 ലക്ഷം 2001 ൽ ഇത് 12.36 ലക്ഷം ആയിരുന്നു. രാജ്യത്തു ജനപ്പെരുപ്പം താഴോട്ടായ ഏക ജില്ല. ഓരോ പത്തു വർഷത്തിലും –2.97 ശതമാനം വച്ച് കുറയുന്നു. നഗരവൽക്കരണ തോത്: 10.03 ശതമാനം. ദാരിദ്ര്യതോത്–1.17 ശതമാനം മാത്രം. പത്തനംതിട്ടയിലെ ജനങ്ങളിൽ 89 ശതമാനവും ഗ്രാമങ്ങളിൽ. ഓരോ ചതുരശ്ര കിലോമീറ്ററിലും 452 പേർ മാത്രം.
പടക്കവും പൊടിയും
ഈ ദീപാവലി കാലത്ത് ഡൽഹിയിൽ ഒരു ഘനമീറ്റർ (ക്യുബിക് മീറ്റർ) വായുവിൽ 10 മൈക്രോൺ പൊടിയുടെ അളവ് 999 മൈക്രോ ഗ്രാം വരെ ഉയർന്നു. രാത്രി 8 മുതൽ 10 വരെ അനുമതി കൊടുത്തതിലും അധികമായി കൂടുതൽ നേരം പടക്കം പൊട്ടിച്ചതാണ് ഇതിനൊരു കാരണം. കോടതി നിർദേശപ്രകാരം പത്തനംതിട്ടയിലും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ദീപാവലി സമയത്തെ വായുവിന്റെ മാലിന്യത്തോത് അളന്നു. ഫലം 15 ന് പുറത്തുവിടും. ഇത്തവണ പടക്കത്തിലെ ഖനലോഹ (കാഡ്മിയം, നിക്കൽ, ഇരുമ്പ്) സാന്നിധ്യവും പഠന വിധേയമാക്കുന്നതിനാൽ കൊച്ചി ലാബിൽ പരിശോധന പൂർത്തിയാവുന്നതേയുള്ളൂവെന്ന് ജില്ലാ എൻജിനീയർ അലക്സാണ്ടർ ജോർജ് പറഞ്ഞു. എന്നാൽ ദീപാവലിക്ക് തൊട്ടുമുമ്പുള്ള ആഴ്ചയിൽ ഒരു ഘനമീറ്റർ വായുവിൽ പൊടിയുടെ അളവ് 35 മൈക്രോ ഗ്രാം മാത്രമായിരുന്നു. ഇത് രാജ്യത്തെ തന്നെ മികച്ച നിലവാരമാണ്.
തിരുവല്ലയിലും പമ്പയിലും വായു മലിനം
പത്തനംതിട്ടയിലെ വായുവിനേക്കാൾ മോശമാണ് തിരുവല്ലയിൽ. ഇവിടെ നഗരസഭാ കെട്ടിടത്തിൽ രണ്ടുമാസത്തിനുള്ളിൽ വായു ഗുണനിലവാര പരിശോധാ യൂണിറ്റ് ആരംഭിക്കും. പമ്പയിൽ മരാമത്ത് കെട്ടിടത്തിന്റെ മുകൾ നിലയിലായിട്ടും കഴിഞ്ഞ വർഷം ആരംഭിച്ച വായുപരിശോധനയിൽ കനത്ത പൊടി സാന്നിധ്യം കണ്ടെത്തി. 400 മൈക്രോ ഗ്രാം വരെ ഉയർന്ന തോതാണ് ഇവിടെ. അതിനാൽ സീസണിൽ വെള്ളം തളിക്കാനോ മറ്റോ സംവിധാനം ഏർപ്പെടുത്തേണ്ടി വരും. 16 ന് പമ്പാ ലാബ് തുറക്കും.
പ്രളയത്തിലെ പൊടി പരിശോധിക്കും
ഡൽഹിയിലെപ്പോലെ വിഷവായു അല്ലെങ്കിലും പൊടികലർന്ന വായുവാണ് പ്രളയശേഷം പമ്പാനദീ തീരത്ത് പലയിടത്തും. റാന്നി, ആറന്മുള, തോട്ടപ്പുഴശേരി, അപ്പർകുട്ടനാട് തുടങ്ങി ചെളി അടിഞ്ഞിടത്തെല്ലാം പൊടി ജനങ്ങളുടെ ആരോഗ്യത്തിനു ഭീഷണിയാണ്. തോട്ടപ്പുഴശേരിയിൽ മലിനീകരണ നിയന്ത്രണ ബോർഡ് പഠനം നടത്തുമെന്നും ജില്ലാ എൻജിനീയർ പറഞ്ഞു.
രോഗങ്ങൾ
വായുമലിനീകരണം മൂലമുള്ള രോഗങ്ങൾ: ആസ്തമ, ഹൃദ്രോഗം. കുട്ടികൾക്കും ഗർഭിണികൾക്കും പ്രായമായവർക്കും വിവിധ ആരോഗ്യപ്രശ്നങ്ങൾ.
അനുഭവം
കഴിഞ്ഞയാഴ്ച ഡൽഹിയിൽ രണ്ടു ദിവസത്തെ സെമിനാർ. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് 15 പേർ. തിരികെ നാട്ടിലെത്തിയ 12 പേർക്കും പനിയേക്കാൾ കടുത്ത ചുമ. വായുവിലെ വിഷാംശം ഊഹിക്കുക.
നേരറിവിന്റെ പക്ഷം, മറുപക്ഷം
‘‘ആശുപത്രികളിലെ 40 ശതമാനം കിടക്കളും ആസ്തമ രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കയാണ്. കഴിഞ്ഞ ദിവസം കിഴക്കൻ ഡൽഹിയിൽ 444 മൈക്രോണായി മലിനീകരണ തോത് ഉയർന്നു. 50–100 തോതിൽ നിൽക്കേണ്ടിടത്താണ് ഈ സ്ഥിതി’’.
– പ്രഫ. സഖി ജോൺ, ജാമിയ ഹംദാദ് വാഴ്സിറ്റി, ന്യൂഡൽഹി
‘‘ഏതുമാലിന്യവും തുറസായി കത്തിക്കുന്നത് നിയമവിരുദ്ധമാണ്. നാട്ടിൻപുറങ്ങളിലെ കരിയില– പ്ലാസ്റ്റിക്– മാലിന്യം കത്തിക്കൽ അവസാനിപ്പിക്കണം. കൃഷിയിടങ്ങളിലെ കാട് വെട്ടിക്കൂട്ടി ഉണക്കി കത്തിച്ചാൽ വായു മലിനമാകും. തൂമ്പൂർമൂഴി മാതൃകയിലുള്ള കമ്പോസ്റ്റിൽ ചേർത്ത് കരിയില വളമാക്കാം. ഇല്ലെങ്കിൽ ശുദ്ധവായുവിന്റെ തലസ്ഥാനമെന്ന പദവി ഭാവിയിൽ നമുക്കു നഷ്ടപ്പെടും ’’
– അലക്സാണ്ടർ ജോർജ്, എൻജിനീയർ, മലിനീകരണ നിയന്ത്രണ ബോർഡ്, പത്തനംതിട്ട