Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയുമായുള്ള ആദ്യ ഇടപാട് നെഹ്റുവുമായി; കള്ളം പറയുന്ന ചരിത്രമില്ല: ഡാസോ സിഇഒ

eric-trappier ദാസ്സോ സിഇഒ എറിക് ട്രാപ്പിയർ (ഫയൽ ചിത്രം)

മാർസെയ്ൽ (ഫ്രാൻസ്)∙ റഫാൽ ഇടപാടിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ പാടെ തള്ളി ഡാസോ  ഏവിയേഷൻ സിഇഒ എറിക് ട്രാപ്പിയർ. വാർത്താ ഏജൻസിയായ എഎൻഐയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ട്രാപ്പിയർ നിലപാട് വ്യക്തമാക്കിയത്.

‘ഞാൻ കള്ളം പറയാറില്ല. നേരത്തേ പറഞ്ഞതും ഇപ്പോൾ പറഞ്ഞതും എല്ലാം സത്യമാണ്. കള്ളം പറയുന്ന ചരിത്രം എനിക്കില്ല. സിഇഒ ആയുള്ള ഈ പദവിയിൽ ഇരിക്കുമ്പോൾ നിങ്ങൾ ഒരിക്കലും കള്ളം പറയില്ല’ – അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പിന് ഇടപാട് നൽകിയത് ഡാസോ മറച്ചുവച്ചെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തോട് ട്രാപ്പിയർ മറുപടി നൽകി. നവംബർ രണ്ടിലെ വാർത്താ സമ്മേളനത്തിലാണ് അനിൽ അംബാനിയുടെ നഷ്ടത്തിലോടുന്ന കമ്പനിയിൽ ഡാസോ 284 കോടി നിക്ഷേപിച്ചെന്ന വിവരം രാഹുൽ പുറത്തുവിട്ടത്.

കോൺഗ്രസുമായി ദീർഘകാലത്തെ ബന്ധം ഡാസോയ്ക്കുണ്ടെന്ന് ട്രാപ്പിയർ ഓർത്തെടുത്തു. അതിനാൽത്തന്നെ പാർട്ടി പ്രസിഡന്റിന്റെ ആരോപണം സങ്കടമുളവാക്കുന്നതാണെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. ‘ഇന്ത്യയുമായുള്ള ആദ്യ ഇടപാട് 1953ൽ ജവഹർലാൽ നെഹ്റു പ്രധാനമന്ത്രി ആയിരുന്നപ്പോഴാണ്. തുടർന്ന് വിവിധ പ്രധാനമന്ത്രിമാരുമായി ഈ ബന്ധം തുടർന്നു. ഇന്ത്യയുമായാണ് ഞങ്ങൾ കരാർ ഒപ്പിടുന്നത്. ഒരു പാർട്ടിയുമായിട്ടല്ല ചേർന്നു പ്രവർത്തിക്കുന്നത്. ഇന്ത്യൻ വ്യോമസേനയ്ക്കും ഇന്ത്യൻ സർക്കാരിനും ആവശ്യമായ തന്ത്രപ്രധാനമായ ഉൽപ്പന്നങ്ങളാണ് ഞങ്ങൾ നൽകുന്നത്. അതാണ് പ്രധാനം’ – ട്രാപ്പിയർ വ്യക്തമാക്കി.

ഫൈറ്റർ ജെറ്റുകൾ നിർമിക്കുന്നതിൽ യാതൊരു പ്രവർത്തന പരിചയവുമില്ലാത്ത റിലയൻസിനെ പങ്കാളിയാക്കുന്ന ഡാസോയുടെ തീരുമാനത്തിനു പിന്നിലെ കാരണത്തെക്കുറിച്ച് ആവർത്തിച്ചുള്ള ചോദ്യത്തിനു പണം നിക്ഷേപിക്കുന്നതു നേരിട്ട് റിലയൻസിലേക്ക് അല്ലെന്നും സംയുക്ത സംരഭമായ ഡാസോ – റിലയൻസ് കമ്പനിയിലേക്കാണെന്നും ട്രാപ്പിയർ പറഞ്ഞു. റിലയൻസ് പോലുള്ള കമ്പനി സംയുക്ത സംരംഭത്തിലേക്ക് നിക്ഷേപം നടത്തുകയാണ്, കാരണം അവർക്ക് അവരുടെ രാജ്യത്തെ വികസിപ്പിക്കണം. അങ്ങനെ അവർ എയർക്രാഫ്റ്റ് നിർമിക്കുന്നത് എങ്ങനെയെന്നും പഠിക്കും. സർക്കാരിന്റെ നയമനുസരിച്ച് സംയുക്ത സംരഭത്തിൽ റിലയൻസിന് 51% ഓഹരിയും ഡാസോയ്ക്ക് 49% ഓഹരിയുമാണുള്ളത്, ട്രാപ്പിയർ കൂട്ടിച്ചേർത്തു.