തിരുവനന്തപുരം ∙ ശബരിമല വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയൻ സര്‍വകക്ഷിയോഗം വിളിച്ചു. വ്യാഴാഴ്ച രാവിലെ 11ന് മുഖ്യമന്ത്രിയുടെ ഓഫിസിലാണ് യോഗം. നേരത്തെയുള്ള വിധി പ്രാബല്യത്തില്‍ നില്‍ക്കുന്നതായി മുഖ്യമന്ത്രി മാധ്യമങ്ങളോടു വ്യക്തമാക്കി.
ജനുവരി 22ന് വാദം കേള്‍ക്കുമെന്നാണു സുപ്രീംകോടതി പറഞ്ഞിരിക്കുന്നത്. ജനുവരി 20 വരെയാണു ശബരിമല സീസണ്‍. അതു കഴിഞ്ഞേ കോടതി തീരുമാനം ഉണ്ടാകൂ. നേരത്തെയുള്ള ഉത്തരവ് സ്റ്റേ ചെയ്തിട്ടില്ല. 10നും 50നും ഇടയില്‍ പ്രായമുള്ളവര്‍ക്കു ശബരിമലയില്‍ പോകാം. ആ ഉത്തരവ് നിലനില്‍ക്കുന്നതായാണു കോടതി പറഞ്ഞിരിക്കുന്നത്. നിയമപരമായ കാര്യങ്ങള്‍ പരിശോധിച്ച് തുടര്‍നടപടികളെടുക്കും- മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം മണ്ഡല-മകരവിളക്കു കാലത്ത് ശബരിമല തീര്‍ഥാടകർക്ക് ഒരുക്കുന്ന സൗകര്യങ്ങള്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. പമ്പയിലും നിലയ്ക്കലിലും ഉള്‍പ്പെടെ തീര്‍ഥാടകര്‍ക്കു താമസിക്കാനുള്ള താല്‍ക്കാലിക സൗകര്യങ്ങള്‍ പൂര്‍ത്തിയായി വരികയാണ്. ഇടത്താവളങ്ങളില്‍ സൗജന്യമായി ഭക്ഷണം നല്‍കുന്നതിനുള്ള ക്രമീകരണങ്ങളും പൂര്‍ത്തിയായി. തീര്‍ഥാടകര്‍ തീവണ്ടി മാര്‍ഗം കൂടുതലായി എത്തുന്ന ചെങ്ങന്നൂരിലും താല്‍ക്കാലിക സൗകര്യം ഏര്‍പ്പെടുത്തും. യോഗത്തില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍, എംഎൽഎമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.