വാഷിങ്ടൻ∙ ഇന്ത്യയുമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുമുള്ള സൗഹൃദത്തെ സ്മരിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ ഇന്ത്യൻ സമൂഹത്തിനൊപ്പമുള്ള ദീപാവലി ആഘോഷത്തിനിടെയാണു മോദിയുമായുള്ള സൗഹൃദത്തെക്കുറിച്ചു ട്രംപ് വാചാലനായത്.
‘മോദി ഇപ്പോൾ എന്റെ മാത്രമല്ല ഇവാൻകയുടെയും സുഹൃത്താണ്. ഇന്ത്യയോടും ഇന്ത്യക്കാരോടും വലിയ ബഹുമാനമുണ്ട്. ലോകത്തിലെ വലിയ ജനാധിപത്യ രാഷ്ട്രമാണ് ഇന്ത്യ. യുഎസും ഇന്ത്യയുമായുള്ള ബന്ധം സ്വാതന്ത്ര്യം, പുരോഗതി, സമാധാനം എന്നിവയിലേക്കു നയിക്കും. മുൻപുള്ളതിനേക്കാൾ വലിയ അടുപ്പമാണ് 2 രാജ്യങ്ങൾക്ക് ഇപ്പോഴുള്ളത്’– ട്രംപ് പറഞ്ഞു.
ട്രംപിന്റെ മകളായ ഇവാൻക, യുഎസ് സർക്കാരിലെ മുതിർന്ന ഉദ്യോഗസ്ഥയാണ്. കഴിഞ്ഞവർഷം ഇന്ത്യ സന്ദർശിച്ചിരുന്നു. വൈറ്റ് ഹൗസിലെ റൂസ്‌വെൽറ്റ് റൂമിൽ, തുടർച്ചയായ രണ്ടാം വർഷമാണ് ഇന്ത്യൻ വംശജരോടൊപ്പം ട്രംപ് ദീപാവലി ആഘോഷിക്കുന്നത്. 2003ൽ ജോർജ് ഡബ്ല്യു ബുഷിന്റെ ഭരണകാലം മുതലാണ് വൈറ്റ് ഹൗസിൽ ദീപാവലി ആഘോഷം തുടങ്ങിയത്.