Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൂടുതല്‍ മദ്യം നല്‍കിയില്ല; എയര്‍ ഇന്ത്യ ജീവനക്കാരന്റെ മുഖത്തു തുപ്പിയ യാത്രിക അറസ്റ്റില്‍

irish-woman കൂടുതൽ മദ്യം കൊടുക്കാത്തതിനു ജീവനക്കാരെ അസഭ്യം വിളിക്കുന്ന ഐറിഷ് വനിത. (എഎൻഐ വിഡിയോയിൽനിന്ന് എടുത്ത ചിത്രം)

ന്യൂഡൽഹി∙ വിമാനയാത്രയ്ക്കിടെ കൂടുതൽ മദ്യം കൊടുക്കാത്തതിന് എയർ ഇന്ത്യ ജീവനക്കാരെ അസഭ്യം വിളിച്ച്,  മുഖത്തു തുപ്പി യാത്രിക. ശനിയാഴ്ച മുംബൈയിൽനിന്നു ലണ്ടനിലേക്കു പറന്ന എയർ ഇന്ത്യ വിമാനത്തിൽ ഐറിഷ് വനിതയാണു മദ്യപിച്ചു ലക്കുകെട്ട് ജീവനക്കാരെ അധിക്ഷേപിച്ചത്.

താൻ രാജ്യാന്തര പ്രശസ്തയായ ക്രിമിനൽ അഭിഭാഷകയാണ് എന്നു പറഞ്ഞു യാത്രക്കാരി ജീവനക്കാരോടു തട്ടിക്കയറുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. അമിതമായി മദ്യപിച്ച യാത്രിക വീണ്ടും ഒരു ബോട്ടിൽ വൈൻ ചോദിച്ചതാണു സംഭവങ്ങളുടെ തുടക്കം. പൈലറ്റിനോടു യാത്രികയുടെ സാഹചര്യം വിശദീകരിച്ച വിമാന ജീവനക്കാർ, വൈൻ തരാനാവില്ലെന്നു നിലപാടെടുത്തു.

‘നിങ്ങളാണോ വിമാനത്തിന്റെ ക്യാപ്റ്റൻ? ബിസിനസ് ക്ലാസ് യാത്രക്കാരോട് ഇങ്ങനെയാണോ പെരുമാറുന്നത്? നിങ്ങളെപ്പോലുള്ള നികൃഷ്ടർക്കു വേണ്ടിയാണു ഞാൻ ജോലി ചെയ്യുന്നത്. രോഹിൻഗ്യകൾക്കു വേണ്ടി, ഏഷ്യക്കാർക്കു വേണ്ടി.. എല്ലാം പ്രവർത്തിക്കുന്ന രാജ്യാന്തര ക്രിമിനൽ അഭിഭാഷകയാണ് ഞാൻ’– രോഷാകുലയായ യാത്രക്കാരി ജീവനക്കാരന്റെ മുഖത്തു തുപ്പുന്നതും വിഡിയോയിൽ കാണാം.

അക്ഷോഭ്യരായാണു വിമാന ജീവനക്കാർ ഇവരോടു പെരുമാറിയത്. താൻ പ്രമുഖ മനുഷ്യാവകാശ അഭിഭാഷകയാണെന്നും പേടിക്കുമെന്നാണോ കരുതുന്നതെന്നും അവർ ഇടയ്ക്കിടെ പറയുന്നുണ്ടായിരുന്നു. ഹീത്രൂവിൽ വിമാനം ലാൻഡ് ചെയ്തപ്പോൾ ഇവരെ അറസ്റ്റ് ചെയ്തു.

related stories