‘എന്റെ മകനെ നോക്കണം, സോറി’: ഒറ്റവരിയിൽ എല്ലാമൊതുക്കി ഹരികുമാർ

ഹരികുമാർ

തിരുവനന്തപുരം ∙ നെയ്യാറ്റിന്‍കരയില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയായി ഒളിവിൽ കഴിയവെ ആത്മഹത്യ ചെയ്ത ഡിവൈഎസ്പി ഹരികുമാറിന്റെ ആത്മഹത്യാകുറിപ്പ് കണ്ടെടുത്തു. ജ്യേഷ്ഠനെ അഭിസംബോധന ചെയ്താണ് ഒരു വരിയുള്ള കുറിപ്പ് എഴുതിയിരിക്കുന്നത്. ‘എന്റെ മകനെ നോക്കണം, സോറി,  സോറി’- ആത്മഹത്യാകുറിപ്പില്‍ പറയുന്നു.

ചൊവ്വാഴ്ച രാവിലെ 9 മണിയോടെയാണ് ഹരികുമാറിനെ തൂങ്ങിമരിച്ച നിലയില്‍ കല്ലമ്പലത്തെ വീടിനു പുറകിലെ ഷെഡില്‍ കണ്ടെത്തിയത്. വളര്‍ത്തുനായയ്ക്ക് ഭക്ഷണം നല്‍കാനെത്തിയ ഭാര്യയുടെ അമ്മയാണു ഹരികുമാര്‍ തൂങ്ങിനില്‍ക്കുന്നത് കണ്ടത്. ഹരികുമാറിന്റെ കല്ലമ്പലത്തെ വീട് കുറച്ചു നാളുകളായി അടഞ്ഞുകിടക്കുകയായിരുന്നു. ഔദ്യോഗിക ആവശ്യത്തിനായി നെയ്യാറ്റിന്‍കരയിലായിരുന്നു താമസം. ഹരികുമാര്‍ ഒളിവില്‍പോയശേഷം ഭാര്യയും മകനും കല്ലറയുള്ള കുടുംബവീട്ടിലായിരുന്നു. രാത്രിയോടെ ഹരികുമാര്‍ കല്ലമ്പലത്തെ വീട്ടിലെത്തി തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം.

ഈ മാസം 5ന് നെയ്യാറ്റിന്‍കര സ്വദേശിയായ സനലിനെ വാഹനത്തിനു മുന്നിലേക്കു തളളിയിട്ടു കൊന്നശേഷം തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഹരികുമാര്‍. സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെട്ട ഹരികുമാര്‍ ആദ്യംവിളിച്ചത് റൂറല്‍ എസ്പിയെയാണ്. വാഹനമിടിച്ചെന്നും നാട്ടില്‍നിന്ന് മാറിനില്‍ക്കുന്നുവെന്നുമാണ് എസ്പിയോട് പറഞ്ഞത്. സുഹൃത്തും പണമിടപാട് സ്ഥാപനം നടത്തുന്നയാളുമായ ബിനുവാണ് ഹരികുമാറിനെ കൊലപാതകം നടന്ന സ്ഥലത്തുനിന്ന് മാറ്റിയത്. ഹരികുമാറിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച തൃപ്പരപ്പ് സ്വദേശി സതീഷ്കുമാറിനെയും ബിനുവിന്റെ മകനായ അനൂപ് കൃഷ്ണയെയും പൊലീസ് പിടികൂടിയിരുന്നു.

ബിനുവും സതീഷിന്റെ ഡ്രൈവറുമായ രമേശും ഇന്നലെ രാത്രി ക്രൈംബ്രാഞ്ച് ഓഫിസില്‍ കീഴടങ്ങി. കേസിന്റെ തുടക്കത്തില്‍ പൊലീസിലെ ചില ഉദ്യോഗസ്ഥരുടെയും അസോസിയേഷന്റെയും സഹായം ഹരികുമാറിന് ലഭിച്ചെങ്കിലും നാട്ടുകാരുടെ പതിഷേധം രൂക്ഷമായതോടെ കീഴടങ്ങാനുള്ള സമ്മര്‍ദം വര്‍ധിച്ചു. ജാമ്യത്തെ എതിര്‍ത്തുകൊണ്ട് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് തയാറാക്കിയതോടെ ഹരികുമാര്‍ കടുത്ത സമ്മര്‍ദത്തിലായിരുന്നു.