പത്തനംതിട്ട∙ സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കണമോയെന്ന് എന്‍ഡിഎ യോഗം ചേര്‍ന്നു തീരുമാനിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള. വിശ്വാസികള്‍ക്ക് അര്‍ഹതപ്പെട്ട നീതി നല്‍കാന്‍ തയാറല്ലെന്ന നിലപാടിലാണു സര്‍ക്കാര്‍. വിശ്വാസികളുടെ വിശ്വാസം ആര്‍ജിക്കാന്‍ സർക്കാരിന് ഇനിയും കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു
അതേസമയം, ശബരിമലവിധി ചര്‍ച്ചചെയ്യാന്‍ നാളെ മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷിയോഗത്തില്‍ ആരെയൊക്കെ പങ്കെടുപ്പിക്കണമെന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും. നിയമസഭയില്‍ പ്രാതിനിധ്യമുള്ളതും ഇല്ലാത്തതുമായ രാഷ്ട്രീയ പാര്‍ട്ടികളെ ക്ഷണിക്കാനാണു ധാരണ. സാമുദായിക സംഘടനകളെ പങ്കെടുപ്പിക്കണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും തീരുമാനമായിട്ടില്ല. തന്ത്രി, പന്തളം കൊട്ടാരം പ്രതിനിധി എന്നിവരുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തും. സര്‍വകക്ഷിയോഗത്തിനു ശേഷമായിരിക്കും ഇവരുമായിട്ടുള്ള കൂടിക്കാഴ്ച. പുനഃപരിശോധനാ ഹര്‍ജികള്‍ ജനുവരി 22ന് തുറന്ന കോടതിയില്‍ വാദംകേള്‍ക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചതിനു പിന്നാലെയാണ് സര്‍വകക്ഷിയോഗം വേണ്ടെന്ന മുന്‍ നിലപാട് സര്‍ക്കാര്‍ തിരുത്തിയത്.
സര്‍വകക്ഷിയോഗം വിളിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തോടെ ശബരിമലയിലെ സംഘര്‍ഷാവസ്ഥയ്ക്ക് അയവുവരുമെന്നാണു സർക്കാരിന്റെ പ്രതീക്ഷ. സമവായത്തിന്റെ അന്തരീക്ഷം തെളിയാനുള്ള സാധ്യതകൂടിയാണു തുറന്നത്. യുവതീപ്രവേശനം അനുവദിച്ച സുപ്രിംകോടതി വിധിക്കുശേഷം ആദ്യമായാണു സര്‍ക്കാര്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടെയും അഭിപ്രായം കേള്‍ക്കാന്‍ അവസരമൊരുക്കുന്നത്.
സര്‍വകക്ഷിയോഗത്തില്‍ ഏകാഭിപ്രായത്തിനുള്ള സാധ്യത വിരളമാണെങ്കിലും എല്ലാരാഷ്ട്രീയനേതാക്കള്‍ക്കും സര്‍ക്കാരിനോടു നേരിട്ട് അഭിപ്രായം പറയാനുള്ള അവസരമാണ് ഒരുങ്ങുന്നത്. പ്രളയം തകര്‍ത്ത പമ്പയുടെ പുനര്‍നിര്‍മാണത്തിലും നിലയ്ക്കലില്‍ പര്യാപ്തമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലും ശ്രദ്ധകേന്ദ്രീകരിച്ച് ജനുവരി 22 വരെ യുവതീപ്രവേശനത്തിനു സര്‍ക്കാര്‍ സുപ്രീംകോടതിയോടു സാവകാശം ചോദിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.