നട അടച്ചാൽ മലയിറങ്ങണം; സന്നിധാനത്ത് വിരിവയ്ക്കാൻ അനുവദിക്കില്ല: ഡിജിപി

നിലയ്ക്കൽ ∙ ശബരിമലയിൽ രാത്രി നട അടച്ചു കഴി‍ഞ്ഞാൽ തീർഥാടകർ മലയിറങ്ങണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. നടഅടച്ചാൽ തീർഥാടകരെ ആരെയും സന്നിധാനത്തിൽ തങ്ങാൻ അനുവദിക്കില്ല. സന്നിധാനത്ത് വിരിവയ്ക്കാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

നിലയ്ക്കൽ ഡിജിപി ലോക്നാഥ് ബെഹ്റ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നു.

700 യുവതികൾ മല കയറാൻ ഓൺലൈൻ ബുക്കിങ് നടത്തിയിട്ടുണ്ട്. അവർക്ക് സംരക്ഷണം നൽകും. ഏതെങ്കിലും സുരക്ഷ ആവശ്യമെങ്കിൽ വരുന്ന സമയം പൊലീസിന്റെ ഹെൽപ്‍ലൈനിൽ വിളിച്ച് അറിയിക്കാം. ഇതിനുള്ള നമ്പർ അനുവദിക്കും. വരുന്ന ദിവസവും സമയവും അവിടെ അറിയിക്കണം. വേണ്ട നിർദ്ദേശങ്ങൾ അപ്പോൾ നൽകും. തൃപ്തിദേശായി  വരുന്നതു സംബന്ധിച്ച് മെയിൽ കിട്ടി. എന്നാൽ എന്നുവരുമെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. 

ശബരിമലയിൽ മാധ്യമങ്ങൾക്കും കർശന നിയന്ത്രണം ഉണ്ട്. വാഹനങ്ങൾ കടത്തി വിടുന്നത് നിയന്ത്രിക്കുമെന്നും ഡിജിപി പറഞ്ഞു.