റഷ്യയുമായോ ചൈനയുമായോ യുദ്ധമുണ്ടായാൽ തോൽക്കും: യുഎസിന് മുന്നറിയിപ്പ്

യുഎസ് ആർമി (ഫയൽ ചിത്രം)

വാഷിങ്ടൻ∙ യുഎസിന്റെ സുരക്ഷ അപകടത്തിലാണെന്നും സൈന്യം പ്രതിസന്ധിയിലാണെന്നും വെളിപ്പെടുത്തൽ. റഷ്യ, ചൈന രാജ്യങ്ങളുമായി യുദ്ധമുണ്ടായാൽ യുഎസ് തോൽക്കുമെന്നും മുതിർന്ന 12 അംഗ മുൻ ഡെമോക്രാറ്റിക്, റിപ്പബ്ലിക്കൻ പ്രതിനിധികളുടെ പാനൽ റിപ്പോർട്ട് നൽകി.

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കീഴിൽ രാജ്യത്തിന്റെ പ്രതിരോധശേഷി കുഴപ്പത്തിലാണ്. സൈന്യത്തിന്റെ ബജറ്റ് വെട്ടിക്കുറയ്ക്കുന്നു. റഷ്യയെയും ചൈനയെയും താരതമ്യപ്പെടുത്തുമ്പോൾ സൈന്യത്തെ ആധുനികമാക്കുന്നതിൽ യുഎസ് പിന്നിലാണ്. യുഎസിനെ ലോകപൊലീസായി മേധാവിത്തം നൽകുന്നതിൽ സൈനിക ശക്തിക്കാണു പ്രധാന പങ്ക്. ഈ ശക്തി ക്ഷയിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ഏഷ്യയിലും യൂറോപ്പിലും അമേരിക്കയുടെയും യുഎസ് സേനയുടെയും സ്വാധീനം കുറയുകയാണ്. പലയിടത്തും അപ്രതീക്ഷിതമായി യുഎസ് സൈന്യത്തിൽ വൻതോതിൽ നഷ്ടം സംഭവിക്കുന്നു. സൈന്യത്തിനു പുതിയ തന്ത്രങ്ങളും ആയുധങ്ങളും പരിശീലനങ്ങളും ലഭ്യമാക്കണം. റഷ്യയുമായോ ചൈനയുമായോ യുദ്ധമുണ്ടായാൽ ഈ സാഹചര്യത്തിൽ തോൽക്കാൻ തന്നെ സാധ്യതയുണ്ടെന്നും പാനൽ ചൂണ്ടിക്കാട്ടി.

അതേസമയം, പ്രതിരോധ ആവശ്യങ്ങൾക്കായി 700 ബില്യൻ ഡോളറിലേറെയാണ് ഈ വർഷം യുഎസ് അനുവദിച്ചത്. റഷ്യയുടെയും ചൈനയുടെയും ബജറ്റ് ഒരുമിച്ചു കൂട്ടിയാലും ഇത്രയും വരില്ല. ഈ തുക പോരെന്നും വർഷാവർഷം 3 – 5% വീതം ബജറ്റ് വിഹിതം വർധിപ്പിക്കണമെന്നും പാനൽ നിർദേശിക്കുന്നു.