കൊച്ചി∙ നെടുമ്പാശേരി വിമാനത്താവളത്തിനു പുറത്ത് പ്രതിഷേധം ഉയരുന്നതിനിടെയിലും ശബരിമല ദർശനം നടത്താതെ മടങ്ങില്ലെന്ന് വ്യക്തമാക്കി ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. ഇന്ന് ദര്‍ശനം സാധ്യമായില്ലെങ്കില്‍ കേരളത്തില്‍ തങ്ങും. സ്ത്രീകളെ ബഹുമാനിക്കാതെ പ്രതിഷേധിക്കുന്നവര്‍ അയ്യപ്പഭക്തരല്ലെന്നും ദര്‍ശനത്തിനുള്ള സൗകര്യം സര്‍ക്കാരും പൊലീസും ഒരുക്കണമെന്നും തൃപ്തി ആവശ്യപ്പെട്ടു.
പുലര്‍ച്ചെ 4.40 ഓടെയാണ് തൃപ്തി ദേശായിയും ആറംഗസംഘവും കൊച്ചി വിമാനത്താവളത്തിലെത്തിയത്. അതിനകം തന്നെ പ്രതിഷേധവുമായി അയ്യപ്പഭക്തർ വിമാനത്താവളത്തിനു പുറത്ത് തടിച്ചു കൂടിയിരുന്നു. നാമജപ പ്രതിഷേധമാണ് ഇവർ സംഘടിപ്പിക്കുന്നത്. പൊലീസ് സുരക്ഷയിൽ തൃപ്തി ദേശായിയെ ശബരിമലയിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാർ നിലപാടെടുക്കുന്നു. സ്വന്തം വാഹനത്തില്‍ പോകാമെന്നാണ് അവർ പറയുന്നത്.
എന്നാൽ കോട്ടയത്തേക്ക് എത്തിപ്പെടാൻ തൃപ്തി ദേശായിക്ക് വാഹനങ്ങളൊന്നും ലഭ്യമായിട്ടില്ല. വിമാനത്താവളത്തിലെ പ്രീപെയ്ഡ് ടാക്സിക്കാരിൽ ആരും തന്നെ വരാൻ തയാറായിട്ടില്ല. പ്രതിഷേധം ഭയന്നാണ് ആരും തന്നെ എത്താത്തത്. അതിനിടെ ഓണ്‍ലൈൻ ടാക്സി തൃപ്തി വിളിച്ചെങ്കിലും അവരും യാത്രയ്ക്ക് തയാറായില്ല.