ശബരിമലയിൽ കയറാൻ ആവേശമെന്തിന്?: ആക്ടിവിസ്റ്റുകളോട് തസ്‍ലിമ

തസ്‌ലിമ നസ്‌റിൻ

ന്യൂഡല്‍ഹി∙ ശബരിമല യുവതീപ്രവേശ വിഷയത്തിൽ വ്യത്യസ്ത നിലപാടുമായി ബംഗ്ലാദേശി എഴുത്തുകാരിയും മനുഷ്യാവകാശ പ്രവർത്തകയുമായ തസ്‌ലിമ നസ്‌റിൻ. ശബരിമലയിൽ പ്രവേശിക്കണം എന്നു വനിതാ ആക്ടിവിസ്റ്റുകൾ വാശി പിടിക്കുന്നത് എന്തിനാണെന്നു തസ്‌‍ലിമ ചോദിച്ചു.

‘ശബരിമലയില്‍ പ്രവേശിക്കാൻ വനിതാ ആക്ടിവിസ്റ്റുകൾ കാണിക്കുന്ന ആവേശമെന്തിനെന്നു മനസ്സിലാകുന്നില്ല. ഇവർ ഗ്രാമങ്ങളിലേക്ക് ഇറങ്ങി ചെല്ലണം. ഗാർഹിക പീഡനം, മാനഭംഗം, ലൈംഗിക പീഡനം, വിദ്വേഷം, വിദ്യാഭ്യാസം ലഭിക്കായ്ക, മോശം ആരോഗ്യസംവിധാനം, തുല്യ വേതനത്തിനുള്ള അവകാശമില്ലായ്മ, സ്വാതന്ത്ര്യമില്ലായ്മ തുടങ്ങി സ്ത്രീകൾ അനുഭവിക്കുന്ന നിരവധി പ്രശ്നങ്ങൾ അവർക്കവിടെ കാണാം’– തസ്‌‍ലിമ ട്വിറ്ററിൽ കുറിച്ചു.

ശബരിമല ദർശനം നടത്താനെത്തിയ വനിതാ പ്രവർത്തക തൃപ്തി ദേശായിക്കെതിരെ കൊച്ചി വിമാനത്താവളത്തിൽ വലിയ പ്രതിഷേധമാണു വെള്ളിയാഴ്ച നടന്നത്. പ്രതിഷേധ നടുവിൽ 17 മണിക്കൂർ പിന്നിട്ടശേഷമാണു തൃപ്തി മഹാരാഷ്ട്രയിലേക്കു മടങ്ങിയത്. ഈ പശ്ചാത്തലത്തിലാണു തസ്‌ലിമയുടെ പ്രതികരണം.