Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാളിയായ തോമസ് കുര്യൻ ഗൂഗിൾ ക്ലൗഡ് മേധാവി

thomas-kurian

ന്യൂഡൽഹി ∙ രാജ്യാന്തര ടെക് വമ്പൻ ഗൂഗിളിന്റെ നേതൃനിരയിലേക്ക് ഒരു മലയാളി. ഓറക്കിളിന്റെ പ്രോഡക്ട് ഡവലപ്മെന്റ് വിഭാഗം മേധാവിയായിരുന്ന കോട്ടയം കോത്തല സ്വദേശി തോമസ് കുര്യനെ (51) ഗൂഗിൾ ക്ലൗഡ് മേധാവിയായി നിയമിച്ചു. നിലവിലെ ഗൂഗിൾ ക്ലൗഡ് മേധാവി ഡയാൻ ഗ്രീനാണ് തന്റെ ബ്ലോഗിൽ തോമസ് കുര്യന്റെ നിയമനം അറിയിച്ചത്. തോമസ് കുര്യൻ ഈ മാസം 26നു ഗൂഗിളിൽ പ്രവേശിക്കും. ജനുവരിയിൽ സിഇഒയായി സ്ഥാനമേൽക്കും. 22 വർഷം ഓറക്കിളിൽ പ്രവർത്തിച്ച പരിചയവുമായാണു തോമസ് കുര്യൻ ഗൂഗിളിലെത്തുന്നത്. 

കോത്തല പുള്ളോലിക്കൽ തോമസ് കുര്യൻ 1996 ലാണു ഓറക്കിളിൽ പ്രവേശിക്കുന്നത്. ബെംഗളൂരു സെന്റ് ജോസഫ്‌സ് ബോയ്‌സ് ഹൈസ്‌കൂളിലെ പൂർവ വിദ്യാർഥിയായ ഈ അൻപത്തൊന്നുകാരൻ പ്രിൻസ്‌റ്റൺ സർവകലാശാലയിൽനിന്ന് ഇലക്‌ട്രിക്കൽ എൻജിനീയറിങ്ങിൽ ബാച്‌ലർ ഡിഗ്രിയും സ്‌റ്റാൻഫോഡ് സർവകലാശാലയിൽനിന്ന് എംബിഎയും നേടി. രാജ്യാന്തര വെഞ്ച്വർ ഫണ്ട്, ഐടി കമ്പനികളിലെ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിൽ അഡ്വൈസറി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. കുര്യന്റെ നേതൃത്വത്തിൽ ഓറക്കിൾ ഫ്യൂഷൻ മിഡിൽവെയർ ബിസിനസിൽ ഏറെ നേട്ടം കൈവരിച്ചിരുന്നു. 2008 മുതൽ ഓറക്കിൾ ഫ്യൂഷൻ ആപ്ലിക്കേഷൻ വികസിപ്പിക്കുന്നതിലും മുഖ്യ പങ്കാളിയായിരുന്നു.

2015 ൽ ഓറക്കിളിന്റെ പ്രസിഡന്റ് പദവിയിലെത്തി. സെപ്റ്റംബറിലാണ് ഓറക്കിൾ വിട്ടത്. കമ്പനിയുടെ സോഫ്റ്റ്്വെയർ ഡവലപ്മെന്റിന്റെ ചുമതല വഹിക്കുകയായിരുന്നു. തോമസ് കുര്യന്റെ ഇരട്ട സഹോദരൻ ജോർജ് കുര്യനും യുഎസിൽ സോഫ്റ്റ്്വെയർ രംഗത്തു പ്രധാന പദവി വഹിക്കുകയാണ്.

related stories