മഹാസമുന്ദ്∙ ദലിത് നേതാവിനെ ‘വലിച്ചു പുറത്തിറക്കിയാണ്’ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് പാർട്ടി സോണിയ ഗാന്ധിയെ കൊണ്ടു വന്നതെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. ദലിത് നേതാവ് സീതാറാം കേസരിയെ കോൺഗ്രസ് അധ്യക്ഷനായി കാലാവധി പൂർത്തിയാക്കാൻ പോലും സമ്മതിച്ചില്ല. കോണ്‍ഗ്രസ് ഓഫിസിൽ നിന്നു വലിച്ചു പുറത്തിടുകയായിരുന്നു. പാർട്ടിയുടെ പുതിയ അധ്യക്ഷയായി സോണിയ ഗാന്ധിയെ കൊണ്ടുവരാൻ വേണ്ടിയായിരുന്നു ഇതെന്നും ഛത്തീസ്ഗഢിലെ തിരഞ്ഞെടുപ്പു റാലിയിൽ മോദി പറഞ്ഞു. (1996ൽ പാർട്ടി അധ്യക്ഷനായ കേസരിയെ 1998ലാണ് ആ സ്ഥാനത്തു നിന്നു മാറ്റിയത്)
ഒരു കുടുംബത്തിന്റെ നാലു തലമുറ രാജ്യം ഭരിച്ചു. പക്ഷേ അധികാരത്തിലിരുന്നതിന്റെ ആനുകൂല്യം ആ കുടുംബത്തിനാണു ലഭിച്ചത്. അവരുടെ ഭരണംകൊണ്ടു രാജ്യത്തിനു യാതൊന്നും ലഭിച്ചില്ല. അത്തരത്തിൽ ജനത്തിന് ഒരുപകാരവും ഇല്ലാത്തവർ ഇനിയും ജനങ്ങളുടെ ആവശ്യമെല്ലാം നിറവേറ്റുമെന്നു പറയുന്നത് എങ്ങനെ വിശ്വസിക്കാനാകുമെന്നും മോദി ചോദിച്ചു. ഛത്തീസ്ഗഡിനും കോൺഗ്രസ് കാലത്തെ കേന്ദ്രഭരണത്തിൽ നിന്നു യാതൊന്നും ലഭിച്ചില്ലെന്നും മോദി കുറ്റപ്പെടുത്തി.
കോൺഗ്രസിന്റെ ‘ഫോൺ–ബാങ്കിങ്’ രീതിയാണ് രാജ്യത്തെ ബാങ്കുകളെ തകര്‍ത്തത്. പാർട്ടിയിൽ നിന്നുള്ള ഒരൊറ്റ ഫോൺവിളി കൊണ്ട് വായ്പ ലഭിക്കുമായിരുന്നു. കോൺഗ്രസിന്റെ ആത്മമിത്രങ്ങൾക്കായിരുന്നു ഈ ആനുകൂല്യം. പക്ഷേ അതിന്റെ പേരിൽ ദുരിതം സഹിക്കേണ്ടി വന്നത് രാജ്യത്തെ ജനങ്ങൾക്കാണെന്നും മോദി കുറ്റപ്പെടുത്തി.
നേരത്തേ കേന്ദ്രത്തിൽ റിമോട്ട് കൺട്രോൾ കൊണ്ടു നിയന്ത്രിക്കപ്പെടുന്ന സർക്കാരായിരുന്നു. ബിജെപിയെ ഭയമുള്ള ഒരു കുടുംബത്തിന്റെ കൈകളിലായിരുന്നു പത്തു വർഷത്തോളം റിമോട്ടെന്നും മോദി പറഞ്ഞു. പ്രസ്തുത കുടുംബത്തിൽ നിന്നല്ലാതെ ഒരാളെ പാർട്ടി അധ്യക്ഷനാക്കാൻ കോൺഗ്രസിനു ധൈര്യമുണ്ടോയെന്ന വെല്ലുവിളിയും മോദി ആവർത്തിച്ചു. കഴിഞ്ഞ ദിവസവും ഇതേ ആരോപണം ഉന്നയിച്ച മോദിക്ക് കോൺഗ്രസ് നേതാവ് പി.ചിദംബരം മറുപടി നൽകിയിരുന്നു. ഗാന്ധി–നെഹ്റു കുടുംബത്തിൽ നിന്നല്ലാതെ അധ്യക്ഷനായുള്ള നേതാക്കളുടെ പേരും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. 20-നാണ് ഛത്തീസ്ഗഡിലെ രണ്ടാം ഘട്ട തിരഞ്ഞെടുപ്പ്