ജാബുവ (മധ്യപ്രദേശ്)∙ ഇന്ത്യയിൽ ആഴത്തിൽ വേരോടിയിരുന്ന അഴിമതിക്കു ചികിത്സയായാണു താന്‍ നോട്ടുനിരോധനം കൊണ്ടുവന്നതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. മധ്യപ്രദേശിൽ തിരഞ്ഞെടുപ്പു റാലിയിൽ സംസാരിക്കുകയായിരുന്നു മോദി. ബാങ്കിങ് സംവിധാനത്തിലേക്കു കൃത്യമായി പണം കൊണ്ടുവരുന്നതിനും അഴിമതിക്കു ചികിത്സയുമായാണ് ‘കയ്പേറിയ മരുന്നായി’ നോട്ടുനിരോധം കൊണ്ടുവന്നത്. രാജ്യത്തെ 14 കോടിയോളം ജനങ്ങൾക്ക് ഇതുവരെ സർക്കാർ വായ്പ നൽകി. യാതൊരു ഈടും വാങ്ങാതെ പ്രധാൻമന്ത്രി മുദ്ര യോജന പ്രകാരമാണിതെന്നും മോദി വ്യക്തമാക്കി.
ബിജെപി സർക്കാർ നാലു വർഷം കൊണ്ടു ചെയ്യുന്ന കാര്യങ്ങൾ കോണ്‍ഗ്രസിനു പൂർത്തിയാക്കണമെങ്കിൽ 10 വർഷമെങ്കിലും വേണ്ടിവരും. മധ്യപ്രദേശിൽ കോൺഗ്രസ് അധികാരത്തിലിരുന്ന സമയത്തു ജനങ്ങളുടെ അവസ്ഥ എന്തായിരുന്നു? സംസ്ഥാനത്തിന്റെ പുരോഗതിയെപ്പറ്റിയായിരുന്നില്ല കോണ്‍ഗ്രസ് ആലോചിച്ചിരുന്നത്. 55 വർഷം കോൺഗ്രസ് ഭരിച്ചപ്പോൾ അവർ സംസ്ഥാനത്ത് 1500 സ്കൂളുകളാണു നിർമിച്ചത്. എന്നാൽ ബിജെപി മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാൻ 15 വർഷം കൊണ്ട് 4000 സ്കൂളുകൾ നിർമിച്ചു നൽകി.
കുട്ടികൾക്കു പഠനം, യുവാക്കൾക്കു വരുമാനം. കർഷകർക്കു ജലസേചന സൗകര്യം, വയോധികർക്ക് ആവശ്യത്തിനു മരുന്ന് എന്നിവയാണു ബിജെപിയുടെ ലക്ഷ്യം. കർണാടകയിൽ കർഷകരുടെ വായ്പ എഴുതിത്തള്ളുമെന്നായിരുന്നു കോൺഗ്രസ് വാഗ്ദാനം. എന്നാൽ അതിനു പകരം കർഷകർക്കെതിരെ വാറന്റ് പുറപ്പെടുവിച്ച് അവരെ ജയിലിലയയ്ക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. 2022 ആകുമ്പോഴേക്കും കർഷകരുടെ വരുമാനം ഇരട്ടിയാക്കുന്ന പദ്ധതികളാണ് കേന്ദ്രം വിഭാവന ചെയ്യുന്നതെന്നും മോദി പറഞ്ഞു. നവംബർ 28നാണ് മധ്യപ്രദേശിൽ വോട്ടെടുപ്പ്.