മഥുര∙ ഇരമ്പിയാർത്തു പോകുന്ന ട്രെയിൻ. പ്ലാറ്റ്ഫോമിൽ നിന്നുയരുന്ന കരച്ചിലുകൾ. ട്രെയിൻ പോയിക്കഴിഞ്ഞയുടനെ ഒരു ചെറുപ്പക്കാരൻ പാളത്തിലേക്കു ചാടി. ‘ഒന്നും പറ്റിയിട്ടില്ല...’ എന്ന് ആരോ വിളിച്ചു പറയുന്നു. ആ വാക്കുകൾ സത്യമാക്കിക്കൊണ്ട് പാളത്തിൽ നിന്ന് കുട്ടിയെ രക്ഷിതാക്കളുടെ കൈകളിലേക്ക് ചെറുപ്പക്കാരൻ എടുത്തു നൽകി. ഒന്നനങ്ങുക പോലുമില്ലാതെ അതുവരെ പാളത്തിൽ കിടന്ന ഒരു വയസ്സുകാരൻ സാഹിബ് ആ ബഹളം കേട്ട് കരഞ്ഞു. ചുറ്റിലും നിന്നവർ അവനെ കയ്യടികളോടെ സ്വീകരിച്ചു, രക്ഷിതാക്കളുടെ കണ്ണിൽ ആനന്ദക്കണ്ണീർ.
അവിശ്വസനീയമായ ഈ വിഡിയോ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഉത്തർപ്രദേശിലെ മഥുര റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. അമ്മയുടെ മടിയിൽക്കിടന്ന കുഞ്ഞ് പാളത്തിലേക്കു തെറിച്ചു വീഴുകയായിരുന്നു. പിന്നാലെ അമ്മ ചാടാൻ ശ്രമിക്കുമ്പോഴേക്കും ട്രെയിൻ പാഞ്ഞെത്തി. കുഞ്ഞിനു മുകളിലൂടെ ട്രെയിൻ പാഞ്ഞു പോവുകയും ചെയ്തു.
എന്നാൽ പാളത്തോട് തൊട്ടുതൊട്ടില്ലെന്ന മട്ടിലായിരുന്നു കുഞ്ഞിന്റെ കിടപ്പ്. തലയൊന്ന് ഉയർത്തിയിരുന്നെങ്കിൽപ്പോലും അപകടം സംഭവിച്ചേനെ. പക്ഷേ ഒരു മുടിയിഴയ്ക്കു പോലും യാതൊരു കുഴപ്പവുമില്ലാതെ ആ കുരുന്ന് രക്ഷപ്പെട്ടു. സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലായിരുന്നു സംഭവം. യാത്രക്കാരിലൊരാളാണ് അരമിനിറ്റ് ദൈർഘ്യമുള്ള വിഡിയോ പകർത്തിയത്.